ജോൺസൺ ചെറിയാൻ.
സ്വർണത്തിന്റെയും വെള്ളിയുടെയും നൂലുകൾ കൊണ്ട് നെയ്തെടുക്കുന്ന കാഞ്ചീപുരം സാരികളുടെ വിലയിൽ അൻപത് ശതമാനം വരെ വർധനയാണ് ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടിലെ കാഞ്ചീപുരമെന്ന ക്ഷേത്ര നഗരത്തിന്റെ പരന്പരാഗത കരകൗശല മേഖലയാണ് പട്ടുസാരി നിർമാണം. പട്ടുസാരിയെന്നാൽ കാഞ്ചീപുരത്തെ ഓർക്കുന്നവർ കൂടിയപ്പോൾ അത് നിരവധി പേർക്ക് ഉപജീവനമായി. അറുപതിനായിരത്തിലേറെ പേരാണ് പട്ടുസാരി നെയ്ത്തിലൂടെ ജീവിതത്തിന് ഊടും പാവും കൂടി നെയ്യുന്നത്. ഇരുപത് മുതൽ നാൽപ്പത് വരെ ദിവസങ്ങളിലെ മനുഷ്യാധ്വാനമാണ് ഓരോ സാരിക്കും ഉയിരും നിറവും മിഴിവും നൽകുന്നത്. ഇവരുടെ വയറ്റത്തടിച്ചുകൊണ്ടാണ് കഴിഞ്ഞ കുറേ മാസങ്ങളായി സ്വർണവില റോക്കറ്റ് പോലെ കുതിക്കുന്നത്.