മാത്യുക്കുട്ടി ഈശോ.
ന്യൂയോർക്ക്: ഏതാനും മാസങ്ങളുടെ തയ്യാറെടുപ്പിനൊടുവിൽ സ്പോർട്സ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമം കുറിക്കുന്നതിനുള്ള ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ മാമാങ്ക തിരശ്ശീല ഉയരുവാൻ ഏതാനും മണിക്കൂറുകൾ കൂടി മാത്രം. മെയ് 25, 26 ശനി, ഞായർ ദിവസങ്ങളിൽ ന്യൂയോർക്ക് ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് വോളീബോൾ പ്രേമികളെ സാക്ഷി നിർത്തി ജിമ്മി ജോർജ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കുവാൻ അമേരിക്കയുടേയും ക്യാനഡയുടെയും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള വോളീബോൾ ടീമുകൾ മാറ്റുരക്കുവാൻ തയ്യാറെടുത്തു കഴിഞ്ഞു.
25-ന് ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ കളിയിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ മാർച്ച്ഫാസ്റ്റും അതേ തുടർന്ന് ജിമ്മി ജോർജിനൊപ്പം വോളീബോൾ കളിച്ചു വളർന്ന മുൻകാല ഇന്ത്യൻ നാഷണൽ വോളി ബോൾ താരവും പിന്നീട് സിനിമാ താരവും അതിനും ശേഷം രാഷ്ട്രീയ നേതാവും ആയിത്തീർന്ന ആദരണീയ എം.എൽ.എ മാണി സി. കാപ്പൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതാണ്. അതിനു ശേഷം പത്തുമണിയോടെ കൈപ്പന്ത് കളിയുടെ മാസ്മരിക ചലനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഡാളസ് സ്‌ട്രൈക്കേഴ്‌സ് ടീമും ന്യൂയോർക്ക് സ്പൈകേഴ്സ് ബി ടീമും കോർട്ട് ഒന്നിലും കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ടീമും നയാഗ്ര സ്പാർട്ടൺസ് ടീമും കോർട്ട് രണ്ടിലും, വാഷിങ്ടൺ കിങ്‌സ് ടീമും വിർജീനിയ വാരിയെർസ് ടീമും കോർട്ട് മൂന്നിലും, നാൽപ്പതു വയസ്സിനു മുകളിലുള്ളവരുടെ ന്യൂയോർക്ക് സ്‌പൈക്കേഴ്‌സ് ടീമും നയാഗ്ര പാന്തേഴ്സ് ടീമും കോർട്ട് നാലിലും ഏറ്റുമുട്ടുന്നതാണ്. ശനിയാഴ്ച രാവിലെ പത്തുമണി മുതൽ വൈകിട്ട് ആറു മണിവരെ പതിനഞ്ചു ടീമുകളുടെ മുപ്പത്തിയഞ്ചു കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങൾ നാല് കോർട്ടുകളിലായി കാഴ്ച വയ്ക്കുന്നതാണ്. പതിനെട്ടു വയസ്സിനു താഴെയുള്ള ടീമുകളുടെ കളികൾ ഞായറാഴ്ച രാവിലെ ഒൻപതു മണി മുതൽ അരങ്ങേറുന്നതാണ്. പിന്നീട് ഞായറാഴ്ച പത്തര മുതൽ ക്വാർട്ടർ ഫൈനൽ സെമി ഫൈനൽ എന്നിവയും ഞായറാഴ്ച മൂന്നു മണി മുതൽ ഫൈനൽ മത്സരങ്ങളും നടക്കുന്നതാണ്.
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ശേഷം മത്സരങ്ങളുടെ സമാപന സമ്മേളനവും സമ്മാനദാനവും ക്വീൻസ് കോളേജ് സ്റ്റേഡിയത്തിൽ (Queens College, 65-30 Kissena Blvd, Queens, NY 11367) നടത്തപ്പെടുന്നതാണ്. സമാപന സമ്മേളനത്തിനും സമ്മാനദാനത്തിനും ന്യൂയോർക്ക് സംസ്ഥാന സെനറ്ററും മലയാളിയുമായ കെവിൻ തോമസ് മുഖ്യാതിഥി ആയിരിക്കും. 34-മത് ജിമ്മി ജോർജ് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി ആര് കൈക്കലാക്കും എന്ന ആവേശത്തിലും കണക്കു കൂട്ടലുകളിലുമാണ് മലയാളി സ്പോർട്സ് പ്രേമികൾ ഇപ്പോൾ.
ടൂർണമെൻറ് സംഘാടക സമിതി അംഗങ്ങളും മറ്റു സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം ജെ.എഫ്.കെ. എയർപോർട്ടിൽ എത്തിച്ചേർന്ന എം.എൽ.എ. മാണി സി. കാപ്പന് ഉജ്ജ്വല സ്വീകണമാണ് നൽകിയത്. ടൂർണമെൻറ് സംഘാടക സമിതി പ്രസിഡൻറ് ഷാജു സാമിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ടൂർണമെൻറ് ക്രമീകരണങ്ങളുടെ വിലയിരുത്തലുകൾ അവലോകനം ചെയ്ത് പത്രസമ്മേളനം നടത്തി.
“ടൂർണമെന്റിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും വളരെ തൃപ്തികരവും ആകാംക്ഷാഭരിതവുമാണ്. ഏറ്റവും അധികം മലയാളീ സുഹൃത്തുക്കളും സ്പോർട്സ് പ്രേമികളും ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന മാമാങ്കത്തിൽ പങ്കെടുത്ത് ഈ ടൂർണമെന്റ് വൻ വിജയമാക്കണം. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ ടൂർണമെന്റിനെ സപ്പോർട്ട് ചെയ്യുന്നതിനായി സ്റ്റേഡിയത്തിൽ റാഫിൾ ടിക്കറ്റുകൾ നൽകുന്നതാണ്. അതിൽ സഹകരിച്ച് നല്ല സമ്മാനങ്ങൾ കരസ്ഥമാക്കുവാനുള്ള അവസരം വിനിയോഗിക്കണമെന്ന് എല്ലാവരോടുമായി അഭ്യർത്ഥിക്കുന്നു. ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാർക്കും ടീമിനും, സ്പോൺസർമാർക്കും മറ്റു ക്ഷണിക്കപ്പെട്ട അതിഥികൾക്കും മത്സരങ്ങൾക്കു ശേഷം വൈകിട്ട് ഏഴിന് ഒരു ബാങ്ക്വറ്റ് ഡിന്നറും സംഘടിപ്പിക്കുന്നതാണ്. ബാങ്ക്വറ്റ് ഡിന്നർ പാസ് മൂലം നിയന്ത്രിക്കുന്നതാണ്.” സംഘാടക ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ പത്ര സമ്മേളനത്തിൽ ടൂർണമെന്റ് ക്രമീകരണങ്ങളെപ്പറ്റി വിലയിരുത്തിയതിന് ശേഷം പ്രസ്താവിച്ചു.
ഇനി ആവേശത്തിന്റെ രണ്ടു നാളുകൾക്കായുള്ള നിമിഷങ്ങളുടെ കാത്തിരിപ്പ്. മെമ്മോറിയൽ ഡേ വീക്കെൻഡ് ആഘോഷമാക്കുവാനായുള്ള മലയാളികളുടെ കാത്തിരിപ്പ്.