ബിനോയ് സ്റ്റീഫൻ.
ഫാ. ഏബ്രഹാം മുത്തോലത്ത് രചിച്ച “ജോയ് ഓഫ് ദ വേർഡ്” എന്ന ഗ്രന്ഥത്തിന്റെ രണ്ടാം വാല്യം കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് ഷിക്കാഗോയിൽ പ്രകാശനം ചെയ്തു.
ബോംബെയിലെ സെന്റ് പോൾ പബ്ലിക്കേഷൻ അച്ചടിച്ചു വിതരണം ചെയ്യുന്ന ഗ്രന്ഥത്തിന്റെ ഒന്നാം വാല്യത്തിന്റെ തുടർച്ചയാണിത്. സീറോമലബാർ സഭയുടെ ഞായറാഴ്ചത്തെ സുവിശേഷ വായനകളുടെ സവിസ്തരവ്യാഖ്യാനമാണ് ഫാ. മുത്തോലത്ത് രണ്ടു വാല്യങ്ങളിലായി നല്കുന്നത്. ഒന്നാം വാല്യം വായനകളുടെ ഒന്നാം സെറ്റും രണ്ടാം വാല്യം രണ്ടാം സെറ്റും അനുസരിച്ചാണു ക്രമപ്പെടുത്തിയിരിക്കുന്നത്.
വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണുകളുടെ വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളുമടങ്ങുന്ന സമ്മേളനത്തിൽ വച്ച്, പുസ്തകത്തിന്റെ കോപ്പി വികാരി ജനറാൾ മോൺ തോമസ് മുളവനാലിനു നല്കിക്കൊണ്ടാണ് മാർ മൂലക്കാട്ട് പുസ്തകത്തിന്റെ വിതരണോൽഘാടനം നിർവഹിച്ചത്.
പുസ്തകപ്രകാശനവേളയിൽ മാർ മൂലക്കാട്ട് ഗ്രന്ഥകാരനായ ഫാ. മുത്തോലത്തിന്റെ കഠിനാദ്ധ്വാനത്തെയും ആഴമായ ബൈബിൾ പഠനത്തെയും പ്രശംസിച്ചു സംസാരിച്ചു. ഫാ. മുത്തോലത്ത് ഏവർക്കും നന്ദിയർപ്പിച്ചു.