ഷാജി രാമപുരം.
ന്യൂയോർക്ക്: ലോക പ്രസിദ്ധവും ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനവുമായ മാരാമൺ കൺവെൻഷന്റെ 129 മത് സമ്മേളനത്തിന് ഇന്ന് തുടക്കം. 2024 ഫെബ്രുവരി 11 ഞായറാഴ്ച (ഇന്ന്) മുതൽ 18 ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമൺ മണൽപുറത്ത് തയ്യാറാക്കിയ പന്തലിൽ വെച്ചാണ് സമ്മേളനം നടത്തപ്പെടുന്നത്.
ഇന്ന് ഉച്ചക്ക് ശേഷം 2.30 ന് മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റും മുൻ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന അധ്യക്ഷനുമായ അഭിവന്ദ്യ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പാ അദ്ധ്യക്ഷത വഹിക്കും.
മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കുടാതെ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരി യു എസ് എ), പ്രൊഫ. റവ. ഡോ. മാകെ ജോനാഥാൻ മസാങ്കോ (യൂണിവേഴ്സിറ്റി ഓഫ് പ്രെറ്റോറിയ സൗത്ത് ആഫ്രിക്ക),അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്താ (മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് തുമ്പമൺ ഭദ്രാസനം). ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്താ (ക്നനായ കാതോലിക് ആർച്ച് ബിഷപ് കോട്ടയം). റിട്ട. ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ (സീറോ മലബാർ സഭ പാലാ രൂപത).സിസ്റ്റർ ജോവാൻ ചുങ്കപ്പുര എന്നിവരാണ് ഈ വർഷത്തെ മുഖ്യ പ്രസംഗകർ.
യൂറോപ്പിൽ നിന്നുള്ള ഓൾഡ് കാതലിക്ക് ചർച്ച് ആർച്ച് ബിഷപ് ഡോ.ബർനാഡ് തിയഡോൾ വാലറ്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ കൺവെൻഷനിൽ പങ്കെടുക്കും.
മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമണ്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറല്‍ കണ്‍വീനര്‍), ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വർഗീസ് എന്നിവർ ഉൾപ്പടെയുള്ള മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ കൺവെൻഷൻ ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്നു.
നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ വിവിധ മിഷൻ പ്രവർത്തനങ്ങളെപ്പറ്റി വിവരിക്കുന്ന പ്രത്യേക സ്റ്റാൾ മണപ്പുറത്ത് തയ്യാറായി കഴിഞ്ഞു. മാരാമൺ കൺവെൻഷനിൽ പങ്കെടുക്കുന്നതിനായി ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.എബ്രഹാം മാർ പൗലോസ് , ഭദ്രാസന ട്രഷറാർ ജോർജ് പി. ബാബു എന്നിവരെ കൂടാതെ അനേക വിശ്വാസികളും കേരളത്തിലേക്ക് പുറപ്പെട്ടതായി ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം അറിയിച്ചു.