ജോയിച്ചന്‍ പുതുക്കുളം.
ന്യു യോർക്ക്: ഫോമായുടെ ഓഡിറ്റർ അടക്കം വിവിധ സ്ഥാനങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പി.ടി. തോമസ് എംപയർ റീജിയൻ ആർ.വി.പി. ആയി മത്സരിക്കുന്നു
ഫോമായുടെ പ്രധാനപ്പെട്ട റീജിയനുകളിലൊന്നായ എംപയർ റീജിയനിൽ പുതിയ കർമ്മപരിപാടികൾ ആവിഷ്കരിക്കാൻ ശ്രമിക്കുമെന്ന് പി.ടി. തോമസ് പറഞ്ഞു. ഒട്ടേറെ നല്ല കാര്യങ്ങൾ ഫോമാ ചെയ്യുന്നു. അവ ശക്തിപ്പെടുത്തും. ചാരിറ്റി രംഗത്തും മികച്ച പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു.
പത്തനംതിട്ട ജില്ലയിലെ കീക്കൊഴൂർ സ്വദേശിയായ പിടി. തോമസ് മാർത്തോമാ യുവജനസഖ്യത്തിലും അഖില കേരള ബാലജനസഖ്യത്തിലും സജീവമായിരുന്നു . മീററ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്‌ളീഷ് സാഹിത്യത്തിലും പൊളിറ്റിക്കൽ സയൻസിലും മാസ്റ്റേഴ്സ് ബിരുദം നേടി. പതിനേഴാം വയസിൽ ഇന്ത്യൻ എയർ ഫോഴ്‌സിൽ ചേർന്നു, ഒമ്പതുവർഷം അവിടെ ജോലി ചെയ്തു. പിന്നീടാണ് അമേരിക്കയിലേക്കുള്ള യാത്ര.
ഡൽഹിയിൽ മാർത്തോമ്മാ സഭയുടെ ബോംബെ ഡൽഹി ഭദ്രാസനത്തിന്റെ നോർത്തേൺ സോൺ ട്രഷററായും പ്രവർത്തിച്ചു. 1983 ൽ അമേരിക്കയിലെത്തിയശേഷവും പഠനം തുടർന്നു . ഡ്രൂ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡിവിനിറ്റിയിലും ഫോർഡാം യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽവർക്കിലും ബിരുദാനന്തരബിരുദവും നേടി. പിന്നീട് ഡൊമിനിക്കൻ കോളേജിൽ നിന്ന് അക്കൗണ്ടിംഗിലും അമേരിക്കൻ പസഫിക് യൂണിവേഴ്‌സിറ്റിൽ നിന്ന് ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമും പഠിച്ചു.
ന്യൂയോർക്ക് സ്‌റ്റേറ്റിൽ തെറാപ്പി അസിസ്റ്റന്റായി ജോലി ചെയ്തശേഷം റോക്ക്‌ലാൻഡ് കൗണ്ടിയിൽ ഡിപ്പോർട്ട്‌മെന്റ് ഓഫ് സോഷ്യൽ സർവീസിൽ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസസിൽ ചേർന്നു. ഇപ്പോൾ ടാക്‌സ് പ്രാക്ടീഷണർ എന്ന നിലയിലും പ്രവർത്തിക്കുന്നു . അത് ഒട്ടേറെ പേരുടെ സാമ്പത്തിക ഉന്നമനത്തിനു വഴിയൊരുക്കി. ടാക്സ് സംബന്ധിച്ചും മറ്റുമുള്ള സെമിനാറുകളിൽ പ്രഭാഷകനാണ്
മുഖ്യധാരാ രാഷ്ട്രീയത്തിലും തിളങ്ങിയ പി.ടി. തോമസ് ന്യൂയോർക്കിലെ തൊഴിലാളികൾക്കിടയിൽ അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. പി .ടി ച്ചായൻ എന്നു പറഞ്ഞാൽ യു.എസിൽ ഒരാളേയുള്ളൂ. പി. ടി. തോമസ് എന്ന കരുത്ത്. ഏത് കൊടുങ്കാറ്റിലും ആ പേര് വിളിച്ചാൽ സഹായം ഉറപ്പ്. ഏതു പ്രശ്‌നങ്ങളായാലും ചങ്കുറപ്പോടെ നേരിടുമെന്നതുകൊണ്ടാണ് ആ വിശ്വാസം ലഭിച്ചത്.
ന്യൂയോർക്കിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിവിൽ സർവീസ് എംപ്ലോയീസ അസോസിയേഷന്റെ സി.എസ്.ഇ.എ റോക് ലാൻഡ് കൗണ്ടി ട്രഷററായും പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. കൗണ്ടിയിലെ തൊഴിലാളികൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിച്ചതാണ് ഇന്നും നിറവോടെ ഓർക്കുന്നത്.