Sunday, December 1, 2024
HomeGulfഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് 2024 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും.

ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് 2024 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും.

സെക്കോമീഡിയപ്ലസ്.

ദോഹ: മീഡിയ പ്ലസിന്റെ ശ്രദ്ധേയ പ്രസിദ്ധീകരണമായ ഖത്തര്‍ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് 2024 മാര്‍ച്ചില്‍ പ്രസിദ്ധീകരിക്കും. മാന്വലിന്റെ ആദ്യ പതിപ്പുകള്‍ക്ക് ലഭിച്ച പിന്തുണയും പ്രോല്‍സാഹനവുമാണ് പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് പുറത്തിറക്കാന്‍ പ്രേരിപ്പിച്ചതെന്ന് മാന്വല്‍ ചീഫ് എഡിറ്ററും മീഡിയ പ്ലസ് സി. ഇ. ഒയുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

മെച്ചപ്പെട്ട ജീവിതമാര്‍ഗം തേടിയുള്ള മലയാളിയുടെ സഞ്ചാരത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. വളരെ സാഹസികമായി ലോഞ്ചിലും മറ്റും ഗള്‍ഫിലെത്തി നാടിനും വീടിനും അത്താണിയായി മാറിയ എത്രയെത്ര പ്രവാസികള്‍. സ്വന്തം ജീവന്‍ പോലും പണയം വെച്ച് കടല്‍ യാത്ര നടത്തി നിരവധി തലമുറകള്‍ക്കുള്ള ജീവനമാര്‍ഗം കണ്ടെത്തിയ ആ മലയാളികളെ ഇനിയെങ്കിലും നാം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടപ്പിറപ്പുകളുടെ വിശപ്പിന്റെ കരച്ചില്‍ കാതുകളില്‍ വന്നുനിറഞ്ഞപ്പോഴാണ് മലയാളികള്‍ പലരും പേര്‍ഷ്യയിലേക്ക് ഇറങ്ങിതിരിച്ചത്. ശൂന്യതയിലേക്കുള്ള യാത്രയായിരുന്നു പലര്‍ക്കുമത്. എന്നാല്‍ കഠിനാദ്ധ്വാനവും ക്ഷമയും അര്‍പണബോധവും കൈമുതലാക്കിയ അവര്‍ ലക്ഷ്യം കൈവരിച്ചു. ആ ലക്ഷ്യ പ്രാപ്തിയുടെ ആസ്വാദകരാണ് ഇന്ന് ഗള്‍ഫിലുള്ളവരും കേരളത്തിലെ അവരുടെ ആശ്രിതരും.

ഒരു ചരിത്ര ഗ്രന്ഥത്തിലും ഇടം കിട്ടാതെ പോയ ഖത്തര്‍ മലയാളികളുടെ ജീവിതത്തെ പച്ചയായി പകര്‍ത്തുകയും വരും തലമുറക്ക് പഠിക്കാന്‍ സമാഹരിക്കുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ഖത്തര്‍ മലയാളി മാന്വലിലൂടെ മീഡിയ പ്ലസ് ചെയ്യാനുദ്ദേശിച്ചത്. പ്രവാസി സമൂഹത്തിലെ വിരലിലെണ്ണാവുന്ന പ്രമുഖരുടെ നേട്ടങ്ങളും ചരിത്രവും മാത്രം ആഘോഷിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ സാധാരണക്കാരന്റെ വിജയഗാഥകളും സംഭവബഹുലമായ ജീവിത യാഥാര്‍ഥ്യങ്ങളും രേഖപ്പെടുത്താതിരുന്നുകൂട എന്ന തിരിച്ചറിവാണ് ഈ ഉദ്യമത്തിന് പ്രേരകം. ഇന്ന് ഉന്നതങ്ങളില്‍ കഴിയുന്ന പലര്‍ക്കും ത്യാഗത്തിന്റേയും ദുരിതത്തിന്റേയും വേദന നിറഞ്ഞ ഒരു പൂര്‍വകാല ജീവതമുണ്ട്. പുതിയ തലമുറക്ക് പലതും പഠിക്കാന്‍ കഴിയുന്ന രീതിയില്‍ ആ ജീവിതത്തിലൂടെ അവരുടെ ചരിത്രം അനാവരണം ചെയ്യുകയാണ് ഖത്തര്‍ മലയാളി മാന്വല്‍.

വ്യാപാരം, വിദ്യാഭ്യാസം, കല,സാമൂഹ്യം, സംസ്‌കാരം, മാധ്യമ പ്രവര്‍ത്തനം, ജനസേവനം തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരേയാണ് മാന്വലില്‍ ഉള്‍പ്പെടുത്തുന്നത്. മുന്‍ പതിപ്പുകളില്‍ ഉള്‍പ്പെടുത്താന്‍ കഴിയാതെ പോയവരെ ഉള്‍പ്പെടുത്തി കൂടുതല്‍ മെച്ചപ്പെട്ട രീതിയിലാണ് മൂന്നാം പതിപ്പ് പുറത്തിറങ്ങുക.

മലയാളി മാന്വലിന്റെ മൂന്നാം പതിപ്പില്‍ ഉള്‍പ്പെടുത്തേണ്ടവരെ ചൂണ്ടി കാണിച്ചും മുന്‍ പതിപ്പുകളിലെ പോരായ്മകള്‍ തിരുത്തുവാന്‍ സഹായിക്കുകയും ചെയ്യണമെന്നുമാണ് ഓരോ മലയാളിയോടും ഞങ്ങളുടെ അഭ്യര്‍ഥനയെന്ന് മീഡിയ പ്‌ളസ് അധികൃതര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 70413304, 77004027 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments