റസാഖ് പാലേരി.
മലപ്പുറം: ബാബരി മസ്ജിദ് തല്ലിത്തകർത്ത് സംഘ് പരിവാർ ജുഡീഷ്യൽ കർസേവയുടെ പിൻബലത്തിൽ നിർമിച്ച കെട്ടിടം അനീതിയുടെ അടയാളമാണെന്നും അതിനെ അംഗീകരിക്കാനും അനീതിയോട് രാജിയാകാനും ഇന്ത്യയിലെ ഒരു മതേതര ജനാധിപത്യവാദിക്കും കഴിയില്ലെന്നും ഈ തെറ്റിനെകുറിച്ച് ഉറക്കെ പറഞ്ഞു കൊണ്ട് മാത്രമെ സംഘ് പരിവാറിനെതിരായ രാഷ്ട്രീയ പോരാട്ടം ശക്തിപ്പെടുത്താൻ കഴിയുള്ളൂവെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.
ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ വിശാല മതേതര ജനാധിപത്യ മുന്നേറ്റം ശക്തിപ്പെടുത്തണം. സംഘ് പരിവാർ തകർത്ത ബാബരി മസ്ജിദ് ഈ പോരാട്ടങ്ങൾക്ക് കരുത്തുപകരുന്ന ഓർമകളായി നിലനിർത്താൻ ഇന്ത്യയിലെ പ്രതിപക്ഷ മുന്നേറ്റം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊണ്ടോട്ടിയിൽ നടന്ന സംസ്ഥാന പ്രതിനിധികളുടെ ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ കെഎ ഷഫീഖ്, ജോസഫ് ജോൺ, ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കെ കെ അഷ്റഫ് തുടങ്ങി നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.