ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2024- 26 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കേരള സമാജം മുന്‍ പ്രസിഡന്റും, ഫൊക്കാനയുടെ ഇപ്പോഴത്തെ കണ്‍വന്‍ഷന്‍ വൈസ് പ്രസിഡന്റുമായ ലീലാ മാരേട്ടിനെ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു.
2024 ജനുവരിയില്‍ കൂടിയ സമാജം യോഗത്തില്‍ പ്രസിഡന്റ് ഫിലിപ്പോസ് ജോസഫ്, ചെയര്‍മാന്‍ വര്‍ഗീസ് പോത്താനിക്കാട്, സെക്രട്ടറി ജോണ്‍ വര്‍ഗീസ്, ട്രഷറര്‍ ഷാജി വര്‍ഗീസ്, കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും ഐക്യകണ്‌ഠ്യേന ലീലാ മാരേട്ടിന് പിന്തുണ പ്രഖ്യാപിച്ചു.
അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വേറിട്ട ശബ്ദമാണ് ലീലാ മാരേട്ട്. ഏതു സംഘടനാ ജോലിയും ഏല്‍പിച്ചാല്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. ചെറുപ്പം മുതലേ നേടിയെടുത്ത സംഘടനാപാടവം ആണ് കൈമുതല്‍. അതുകൊണ്ട് അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റ് പദം അലങ്കരിക്കാന്‍ എന്തുകൊണ്ടും അനുയോജ്യയായ പൊതു പ്രവര്‍ത്തകയാണ് ലീലാ മാരേട്ട്.
1987-ല്‍ കേരള സമാജത്തിന്റെ ഓഡിറ്ററായി സേവനം ആരംഭിച്ച ലീലാ മാരേട്ട് ട്രഷറര്‍, വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ എന്നീ തലങ്ങളില്‍ നിസ്തുല സേവനം അനുഷ്ഠിച്ചു. സംഘടനകളില്‍ ധാരാളം അംഗങ്ങളെ ചേര്‍ക്കുകയും, നേതൃ രംഗത്തേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഈവര്‍ഷം അമ്പത്തൊന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന കേരള സമാജത്തിന് ലീലാ മാരേട്ട് ഒരു മുതല്‍ക്കൂട്ടും, ഫൊക്കാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ സമാജത്തിന് ലഭിക്കുന്ന ഒരു അംഗീകാരം കൂടിയായിരിക്കുമെന്ന് പ്രസിഡന്റ് ഫിലിപ്പോസ് ജോസഫ് പ്രസ്താവിച്ചു.
ഫൊക്കാനയുടെ തലമുതിര്‍ന്ന പ്രവര്‍ത്തക എന്ന നിലയില്‍ ഒരേ മനസ്സോടെ പ്രസിഡന്റ് പദത്തിലേക്ക് അതിരുകളില്ലാതെ തെരഞ്ഞെടുക്കേണ്ട വ്യക്തിത്വം കൂടിയാണ് ലീലാ മാരേട്ട്. കാരണം ഫൊക്കാനയോടൊപ്പം വളര്‍ന്നുവന്ന അപൂര്‍വ്വ നേതാക്കളില്‍ ഒരാള്‍- ഫൊക്കാന കമ്മിറ്റി മെമ്പര്‍, റീജിയണല്‍ പ്രസിഡന്റ്, ട്രഷറര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് വൈസ് പ്രസിഡന്റ്, വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍ തുടങ്ങി ഫൊക്കാനയില്‍ ലീല വഹിക്കാത്ത പദവികളില്ല.