കാരൂര്‍ സോമന്‍.
ഓര്‍ത്തോഡോക്‌സ് സഭ പുരോഹിതന്‍ ഫാ.മാത്യു വാഴകുന്നില്‍മേലാധികാരിയായ ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിനെ വെല്ലുവിളിക്കുന്നത് ‘…..മോനെ നിന്റെ കല്പനക്ക് മറുപടി തരാന്‍ എനിക്ക് മനസ്സില്ലടാ. നിന്റെ പല കള്ളക്കഥകള്‍ ഞാന്‍ പുറത്തുവിടും’. ഇത്രയും കേട്ടപ്പോള്‍ കുയിലിന്റെ പാട്ട് കേട്ടവര്‍ കഴുകന്റെ പാട്ട് കേട്ടതുപോലെയായി. ദൈവ ഇടയന്റെ വചനം കേട്ട് കുഞ്ഞാടുകള്‍ വിറക്കരുത്. ദേവാലയ അള്‍ത്താരയിലെ മെഴുകുതിരിയുരുകി വെളിവാക്കപ്പെട്ട ഈ വെളിച്ചത്തെ പ്രാര്‍ത്ഥനാ നിമഗ്‌നമായ കാലത്തിന്റെ ദിവ്യസന്ദേശമായി കണ്ടാല്‍ മതി. ആരും പരസ്പരം തല്ലുകൂടരുത്. അള്‍ത്താര വലിച്ചുമറിക്കരുത്. ഇതിലൂടെ നല്ലൊരുപറ്റം പുരോഹിത മഹാപുരോഹിതരുടെ ആത്മാവും, ആത്മാഭിമാനവും, സത്യസന്ധതയും, സ്വഭാവവൈശിഷ്ടങ്ങളും വെളിപ്പെടുകയാണ്. സാധാരണ അധികാരത്തിലുള്ളവരുടെ അരമന രഹസ്യങ്ങള്‍ ആരും പുറത്തുവിടാറില്ല. വല്ലപ്പോള്‍ പുകഞ്ഞുപുകഞ്ഞു കത്തുകയാണ് പതിവ്. ഇവരുടെ വിശുദ്ധ-അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഒരിക്കലുമടങ്ങാത്ത ആത്മാവിനെത്തേടി നടക്കുന്ന കുഞ്ഞാടുകള്‍ക്ക് മാത്രമറിയില്ല. കുഞ്ഞാടുകള്‍ക്ക് ജീവന്‍ പകരുന്ന ഈ വാക്കുകള്‍ ഒരു ഭോഷന്റെ വാക്കുകളാണോ? അതോ ക്രിസ്തുഭക്തനായ ഒരു ഇടയന്‍ വിശ്വസ്തയോടെ കുഞ്ഞാടുകളെ പോറ്റുന്നതുകൊണ്ടോണോ? ഉദയംപേരൂര്‍ സുനഹദോസ് എന്ന പേരില്‍ 1599 ജൂണ്‍ മാസം വിശ്വാസികളുടെ ഒരു പ്രതിപുരുഷയോഗം ചേരുകയുണ്ടായി. ഒരു ജാതി ഒരുമതം പോലെ ഒരു നവീകരണ സുറിയാനി സഭയുണ്ടാകുമോ?
വിശ്വസ്തതയില്ലാത്ത ഇസ്രായേലിലെ ഭക്തികെട്ട ഇടയന്മാരെപ്പറ്റി യെഹെസ്‌കേല്‍ പ്രവാചകന്‍ ഇങ്ങനെ പറയുന്നു. ‘ഇസ്രായേലിന്റെ ഇടയന്മാര്‍ക്ക് അയ്യോ കഷ്ടം. ആടുകളെ അല്ലയോ ഇടയന്മാര്‍ മെയിക്കേണ്ടത് (യെഹെ.34.2)’. ഇന്നത്തെ ഇടയ ആടുകളെനോക്കി ഈ പുരോഹിതന്‍ പറഞ്ഞ വാക്കുകളെ വായിച്ചാല്‍ ആര്‍ക്കും അയ്യോ കഷ്ടം എന്ന് പറയാന്‍ തോന്നും. ക്രൈസ്തവ മേലധ്യക്ഷന്മാര്‍ക്ക് രഹസ്യങ്ങള്‍ ഉണ്ടെന്ന് ഫാ.മാത്യു വാഴകുന്നില്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് അദ്ദേഹം അത് തുറന്നുപറയാത്തത്? കുട്ടികളെ പഠിപ്പിക്കുന്ന ഒരദ്ധ്യാപകന്‍ എന്നുകൂടി കേള്‍ക്കുമ്പോള്‍ ആ രംഗത്തുള്ളവരെക്കൂടി അപമാനിക്കയല്ലേ? ഈ വ്യക്തിയുടെ വാക്കുകള്‍ അപലപനീയം മാത്രമല്ല ഒരു ക്രിസ്തീയ പുരോഹിതന് ചേര്‍ന്നതുമല്ല. സഭയുടെ മക്കളെ നേര്‍വഴിക്ക് നടത്തേണ്ടവര്‍ യെഹെസ്‌കേല്‍ പ്രവാചകന്‍ പറയുന്നതുപോലെ ‘ഭക്തികെട്ട ഇടയന്മാര്‍ ആടുകളെ പരിപാലിക്കാതെ തങ്ങളുടെ നേട്ടങ്ങള്‍ക്കായി അവയെ ചൂഷണം ചെയ്യുന്നു’. ഇതല്ലേ ഇന്നത്തെ സഭകളില്‍ കാണുന്ന കെട്ടുകാഴ്ചകള്‍. അതാണ് യേശു ചോദിച്ചത് . ‘കള്ള ഇടയന്മാരുടെ കീഴിലുള്ള ആടുകള്‍ക്ക് എന്ത് സംഭവിച്ചു? യേശുവിനോടുള്ള എന്റെ ഉത്തരം. ആ മതില്‍ കെട്ടിനുള്ളില്‍ നടക്കുന്നത് അടിമവ്യാപാരമാണ്. ദേവാലയ കൂദാശകള്‍, മാമോദിസ, വിവാഹം, മരണം തുടങ്ങിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ക്രിസ്തിയാനികള്‍ സ്വതന്ത്രരാണ്. ഈ ചടങ്ങ് ചങ്ങലകള്‍ പതിനാറാം നൂറ്റാണ്ടുമുതല്‍ അവര്‍ പൊട്ടിച്ചെറിഞ്ഞു. മനുഷ്യരില്‍ അറിവ് വര്‍ദ്ധിച്ചാല്‍ ജാതിമതങ്ങള്‍ വലിച്ചെറിയും. പാശ്ചാത്യര്‍ ക്രിസ്തിയാനികളെങ്കിലും ജാതി മത വിശ്വാസികളല്ല. അവര്‍ക്ക് പള്ളി കല്ലറ ആവശ്യമില്ല. മൈതാനംപോലെ ശവപ്പറമ്പുകള്‍ കിടക്കുന്നു. നമ്മുടെ നാട്ടില്‍ ഒരാള്‍ മരിച്ചാല്‍ ആ മൃതശരീരം ഒരു പ്രദര്‍ശനവസ്തുവാക്കി എന്തെല്ലാം കോമാളിത്തരങ്ങളാണ് കാണിക്കുന്നത്. ഇവര്‍ക്ക് വിവാഹം, മരണത്തിന് ചെണ്ടമേളവും പുരോഹിതനും വേണ്ട. വേണ്ടവര്‍ക്ക് അതും ലഭ്യമാണ്. അത് മാത്രമല്ല അവരുടെ കീശയും കാലിയാകുന്നില്ല. ദേവാലയത്തിന് കൊടുക്കാതെ ആതുരസേവന രംഗങ്ങളില്‍ അവര്‍ ദാനധര്‍മ്മങ്ങള്‍ ചെയ്ത് പരമസുഖം അനുഭവിക്കുന്നു. ഈ ജാതിമത ബന്ധനങ്ങളില്‍ നിന്ന് എന്നാണ് ഇന്ത്യയിലെ മനുഷ്യര്‍ മുക്തരാകുക?
യേശുവിന്റെ കാലത്തും അദ്ദേഹത്തെ കുറ്റപ്പെടുത്തിയവരും വിമര്‍ശിച്ചവരുണ്ട്. അതിലൊരു കഥാപാത്രമാണ് ചുങ്കംപിരിക്കുന്ന സക്കായി. ഓര്‍ത്തോഡോക്‌സ് ഭവനസന്ദര്‍ശനങ്ങളില്‍ യേശുക്രിസ്തു സക്കായിയുടെ ഭവനം സന്ദര്‍ശിച്ച വേദഭാഗം വായിക്കാറുണ്ട്. ഈ സഭക്ക് മാത്രമല്ല ഇതര സഭകള്‍, ജാതിമതങ്ങള്‍ക്ക് ആത്മീയ മുരടിപ്പും വരള്‍ച്ചയും എന്തുകൊണ്ടുണ്ടായി എന്ന് ചോദിച്ചാല്‍ ഈ ലോകജീവിതത്തിന്റെ ചെളിക്കുണ്ടില്‍ ഇവരെല്ലാം വീണുപോയി. അധികാരത്തിലുള്ളവരെപോലെ ഈ ലോകസുഖത്തിന്റെ സുഖാനുഭവങ്ങളിലേക്ക് വന്നതുകൊണ്ടാണ് ഇവരുടെ ആത്മീയജീവിതം മലീമസമായത്. ഈ കൂട്ടര്‍ക്ക് അറിവില്‍ മന്ദബുദ്ധികളായ അന്ധവിശ്വാസികളെ, മതവാദികളെ സമൂഹത്തില്‍ ഇളക്കിമറിക്കാനും വര്‍ഗ്ഗീയവാദികളാക്കാനും മതസ്പര്‍ദ്ധ വളര്‍ത്താനും സാധിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളുമായി ഇവര്‍ കൂട്ടുകച്ചവടക്കാരാണ്. ഈ വര്‍ഗ്ഗത്തില്‍പ്പെട്ട കപട വിശ്വാസികളും, ആള്‍ദൈവങ്ങളും സമൂഹത്തില്‍ എല്ലാവിധ പാപകര്‍മ്മങ്ങളും ചെയ്തു ജീവിക്കുന്നു. ഇവര്‍ സമൂഹത്തില്‍ ഭീതി പടര്‍ത്തുക മാത്രമല്ല വ്യഭിചാരം, കൊലപാതകം, ചതി, വഞ്ചന, അസൂയ, പരദൂഷണം, മദ്യ മയക്കുമരുന്ന്, മന്ത്ര -വര്‍ഗ്ഗീയതയില്‍ മൂക്കറ്റം മുങ്ങികിടക്കുന്നു. ഈശ്വരന്‍ ആത്മാവെന്നും അവനെ നമസ്‌കരിക്കുന്നവര്‍ക്ക് പാപപ്രവര്‍ത്തികള്‍ ചെയ്യാന്‍, ചിന്തിക്കാന്‍ സാധിക്കില്ലെന്നും ഇവരില്‍ എത്രപേര്‍ തിരിച്ചറിയുന്നു? ഈ ഭൂതങ്ങളെയെല്ലാം ഒപ്പംകൂട്ടി ഒരു ലജ്ജയുമില്ലാതെ വേഷങ്ങള്‍ കെട്ടിയാടി ആരാധിക്കാന്‍ പോകുന്നു. ഈശ്വരന്‍ ഈ കപടവേഷധാരികളെ തിരിച്ചറിയില്ലേ?
നല്ല വാക്കുകള്‍ പറയേണ്ടവരുടെ നാവില്‍ നിന്ന് കാലുഷ്യമായ വാക്കുകള്‍ വരുന്നത് സാമൂഹ്യബോധത്തിന്റെ മാത്രമല്ല ആത്മീയ ജീവിതത്തിന്റെ പാപ്പരത്തമാണ് കാണിക്കുന്നത്. ഒരു സമൂഹത്തിന് ആത്മീയ സാംസ്‌കാരികമായ മുന്നേറ്റം കാഴ്ചവെക്കാനറിയാത്തവര്‍ ആത്മാവില്‍ അജ്ഞതയുള്ളവരും പൗരോഹിത്യ പ്രവര്‍ത്തികളില്‍ പരാജിതരുമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനും പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുര്യന്‍ പമ്പാടിയുമായി പാറശാലക്കടുത്തുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള ആറര പള്ളി കാണാന്‍ പോയി. ഒരു രാത്രി ഞങ്ങള്‍ അവിടെ താമസിച്ചു. അത്താഴത്തിനിരിക്കുമ്പോള്‍ വൈദീകപഠനം നടത്തുന്ന നാല് യുവാക്കളെ ഞങ്ങള്‍ പരിചയപ്പെട്ട് ആശയവിനിമയം നടത്തി. ഇവരെപ്പറ്റി ഞങ്ങള്‍ പറഞ്ഞത് ‘ഇവര്‍ നാളത്തെ പുരോഹിത കുപ്പായം ധരിച്ചാല്‍ എന്താകും അവസ്ഥ’. ഇതൊക്കെയാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന സഭകള്‍ക്കുള്ളിലെ വിഷ സര്‍പ്പങ്ങളുടെ സല്‍ക്കാരങ്ങള്‍. ഈ ജീര്‍ണ്ണതയില്‍ ജീവിക്കാത്ത ആത്മാവിന്റെ ആര്‍ദ്രതയില്‍ ജീവിക്കുന്നചെളി പുരളാത്ത പുരോഹിത മഹാപുരോഹിതരെ എല്ലാം സഭകളിലും കാണാന്‍ സാധിക്കും. വിശ്വാസികളുടെ ജീവിതത്തെ പാപപ്രവര്‍ത്തികളിലേക്ക് അവര്‍ വലിച്ചിഴക്കാറില്ല. അവരുടെ വെണ്മയുള്ള വസ്ത്രംപോലെയാണ് ജീവിത ശൈലിയും. ആ വസ്ത്രത്തില്‍ അഴുക്ക് ചെളി പുരളാനോ ആഡംബര ജീവിതം നയിക്കാനോ ആഗ്രഹിക്കാത്തവര്‍. അവരെന്നും മാര്‍ഗദര്‍ശികളാണ്. ഒരു ഇടയന്‍ തന്റെ ജനതക്ക് ആത്മീയ സാംസ്‌കാരിക ജീവിതം കാഴ്ചവെക്കാന്‍ സാധിക്കില്ലെങ്കില്‍ ആ വ്യക്തി പരാജയമാണ്. അവരെ പിരിച്ചുവിടുകയല്ലേ വേണ്ടത്?
യേശുവിന്റെ മണവും ഗുണവുമില്ലാത്തവരെ എങ്ങനെയാണ് വൈദീകപഠനത്തിന് തെരഞ്ഞെടുക്കുന്നത്? ഈ കൂട്ടരെ ഒരുവര്‍ഷമെങ്കിലും വ്യാസമഹര്‍ഷി തപസ്സ് അനുഷ്ഠിച്ച ഹിമാലയത്തിലെ സരസ്വതി നദീതീരത്തുള്ള ആശ്രമത്തിലേക്ക് വിടണം. തപസ്സില്‍ പരിശുദ്ധാല്‍മാവിനെ കണ്ടെത്താനും കൊടുമുടികളില്‍ നിന്നെത്തുന്ന പരിശുദ്ധവായു ശ്വസിക്കാനും സാധിക്കും. അല്ലാതെ മണിഗോപുരങ്ങളില്‍ പ്രാര്‍ത്ഥിക്കാനല്ല വിടേണ്ടത്. രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ രാഷ്ട്രീയത്തില്‍ വരുന്നതുപോലെ സഭയിലെ മേലധ്യക്ഷന്മാര്‍ ബന്ധുക്കളടക്കം പലരെയും കൂദാശ തൊഴിലാളികളായി കണ്ടെത്തുന്നു. മറ്റൊരു കൂട്ടരാകട്ടെ ജോലി കിട്ടാതെ തെണ്ടിത്തിരിഞ്ഞു നടക്കുമ്പോള്‍ വലിയ അധ്വാനമില്ലാത്ത നല്ലൊരു തൊഴിലായി പൗരോഹിത്യം കണ്ടെത്തുന്നു. മാത്രവുമല്ല ഇവരുടെ ഭാര്യമാര്‍, മക്കള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പണച്ചിലവില്ലതെ തൊഴിലും ലഭിക്കുന്നു. എന്റെ അളിയന്‍ ഒരു പട്ടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ, മകള്‍ക്ക് തൊഴില്‍ ലഭിച്ചു. ഈ അടുത്ത കാലത്ത്് എന്റെ മാതാപിതാക്കളെ അടക്കം ചെയ്ത ശവക്കല്ലറ കാണാന്‍ പോയി. ദേവാലയ ഗേറ്റ് അടച്ചിട്ടിരുന്നു. പട്ടക്കാരന്‍ താമസിക്കുന്ന വീട്ടില്‍ ചെന്ന് ഗേറ്ററിന്റെ താക്കോല്‍ ചോദിച്ചപ്പോള്‍ അത് കപ്യാരുടെ കൈവശമാണ്. ഒരു ദേവാലയത്തിന്റെ താക്കോല്‍ പോലും സ്വന്തമായി സൂക്ഷിക്കാനാറിയാത്തവരെയാണ് ദേവാലയത്തിന്റെ ചുമതലകള്‍ ഏല്‍പ്പിക്കുന്നത്. കാലാകാലങ്ങളിലായി ഇങ്ങനെ ആധ്യാത്മിക മേഖലകളില്‍ മേലധികാരികളുടെ സഹായത്താല്‍ ചപ്പും ചവറും ധാരാളമായി കുന്നുകൂടി ചീഞ്ഞുനാറുന്നുണ്ട്. അധികാരത്തിലുള്ളവരുടെ അപ്പക്കഷണം ഭക്ഷിക്കുന്നവരെപോലെ യേശുവിന്റെ പേരില്‍ കിട്ടുന്ന അപ്പവും വീഞ്ഞും കഴിച്ച് രോമാഞ്ചമണിഞ്ഞു അന്ധമായ അനുസരണയുള്ള കുഞ്ഞാടുകളായി ഇവര്‍ ജീവിച്ചു മരിക്കുന്നു. മുന്‍കാലങ്ങളില്‍ സത്യത്തിലും പരിശുദ്ധാത്മാവിലും വെടിപ്പുള്ളവരെയാണ് വൈദികവേലകള്‍ക്ക് തെരെഞ്ഞെടുത്തത്. അതിനാല്‍ സഭാ മേലധികാരികളോട് പറയാനുള്ളത് ഇന്നത്തെ ദുരവസ്ഥക്ക് പരിഹാരം സഭ എന്ന തൊഴുത്തില്‍ കിടക്കുന്ന മാലിന്യങ്ങള്‍ തുടച്ച് വെടിപ്പാക്കാന്‍ യേശുക്രിസ്തുവിന്റെ ആത്മാവില്‍ നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരിക്കുക, ആത്മബോധം വളര്‍ത്തുക ഇല്ലെങ്കില്‍ നിങ്ങളുടെ കാലം കഴിയുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ കാണുന്നതുപോലെ ദേവാലയങ്ങള്‍ കാടുപിടിച്ചുകിടക്കുകയോ വ്യാപാര സ്ഥാപനങ്ങളായോ അമ്പരപ്പോടെ കാണേണ്ടിവരും. മറ്റുള്ളവരെപ്പോലെ ക്രിസ്തിയാനികളും സ്വന്തം പുരയിടത്തില്‍ മരിച്ചവരുടെ മൃതശരീരം മറവുചെയ്തൂടെ? സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവാഹം നടത്തിക്കൂടെ? യേശുവിന്റെ നാമത്തില്‍ പകയും വിദ്വേഷമായി ജീവിക്കുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാന കൊടുക്കാന്‍ എങ്ങനെ സാധിക്കുന്നു? ക്രിസ്തിയ പട്ടക്കാരുടെ നാവില്‍ നിന്ന് മാത്രമല്ല എല്ലാവരുടെയും നാവില്‍ നിന്ന് നല്ല വാക്കുകള്‍ ഉദയം കൊള്ളട്ടെ. മലിനമായ വാക്കുകള്‍ മറ്റുള്ളവരില്‍ മുറിവുകളാണുണ്ടാക്കുന്നത്. നല്ല വാക്കുകള്‍ ആത്മാവിന്റെ വിശുദ്ധ വചനങ്ങളായി മാറട്ടെ.