സെബാസ്റ്റ്യൻ ആൻ്റണി.
ന്യു ജേഴ്‌സി: ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായി ചരിത്രം കുറിച്ച ഡോ. ആനി പോൾ നാലാം തവണയും എതിരില്ലാതെ വിജയിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് ന്യൂയോര്‍ക്കിലെ ആദ്യ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററായി 2011 ല്‍ ചരിത്രം കുറിച്ച ആനി പോള്‍ തുടര്‍ച്ചയായി നാലാം തവണയാണ് ഈ ലെജിസ്ലേറ്റര്‍ പദവി അലങ്കരിക്കുന്നത്.
ന്യൂയോര്‍ക്കിലെ റോക്ക്ലാന്‍ഡ് കൗണ്ടിയുടെ നിയമസഭാ വൈസ് ചെയറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി വനിതകൂടിയാണ് ആനി പോള്‍. പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായാണ് റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ വൈസ് ചെയര്‍ പദവി ലഭിച്ചത്.
ഈ വർഷത്തെ “2023 നാമം” പൊളിറ്റിക്കല്‍ എക്‌സലന്‍സ് അവാര്‍ഡ് കൂടി ലഭിച്ചപ്പോൾ ഡോ. ആനി പോളിന് ഇത് ഇരട്ടി മധുരമാണ്. അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ നിന്നും സ്വന്തം കര്‍മ്മ മണ്ഡലങ്ങളിലൂടെ സമൂഹത്തിന് മുതല്‍ക്കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ആദരിക്കുന്നതിനാണ് ‘നാമം എക്സലന്‍സ് അവാര്‍ഡ്. കല, സാഹിത്യം, സിനിമ, ശാസ്ത്രം, വൈദ്യശാസ്ത്രം, ആതുര സേവനം, ബിസിനസ്സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ചവരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്.
ഇന്ത്യയില്‍ നിന്നു നഴ്‌സിംഗില്‍ ഡിപ്ലോമയുമായി എത്തി നഴ്‌സിംഗില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ഒരു വനിത മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇത്തരം നേട്ടം കൈവരിച്ചത് ഇന്ത്യന്‍ സമൂഹത്തിനാകെ അഭിമാനമുണര്‍ത്തുന്നു.
ഇപ്രാവശ്യത്തെ തെരെഞ്ഞെടുപ്പും വ്യത്യസ്തമായി പത്രിക സമർപ്പിക്കുമ്പോൾ ഭർത്താവ് അഗസ്റ്റിൻ പോൾ ആണ് ഒപ്പുശേഖരണം നടത്തിയതും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും. എന്നാൽ എതിരില്ലാതെയുള്ള വിജയം ആഘോഷിക്കുവാൻ അദ്ദേഹത്തിന്റെ സാന്നിധ്യം ഇല്ലാതെ പോയി. ഏതാനും മാസം മുൻപ് നാട്ടിൽ പോയപ്പോൾ അവിടെ വെച്ച് അഗസ്റ്റിൻ പോൾ പെട്ടെന്ന് മരണപ്പെടുകയായിരുന്നു.
1982ല്‍ നഴ്‌സ് ആയി അമേരിക്കയിലെത്തിയ ആനി പോള്‍ അവിടെ നിന്ന് ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും പൂര്‍ത്തിയാക്കിയ ശേഷമാണ് വിവിധ മേഖലകളില്‍ പ്രവര്‍ത്തന മികവ് കാഴ്ചവച്ചത്. പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി ഇരുപത്തിയൊന്നാക്കിയ നിയമനിര്‍മാണവും സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇ-സിഗരറ്റിനേയും ഉള്‍ക്കൊള്ളിക്കണമെന്നുള്ള ലോക്കല്‍ നിയമം കൊണ്ടു വന്നതും ആനി പോളിന്റെ ഇടപെടലിലൂടെയാണ്. ഓഗസ്റ്റ് മാസം ഇന്ത്യന്‍ ഹെറിറ്റേജ് മാസമായി ന്യൂയോര്‍ക്ക് സ്റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നിലും ആനി പോളിന്റെ പ്രവര്‍ത്തന മികവുണ്ട്.
2016ല്‍ ഹെയ്തിയിലെ ദുരന്ത സമയത്ത് ഹേഷ്യന്‍ നഴ്സസ് അസോസിയേഷനോടൊപ്പം മെഡിക്കല്‍ മിഷനില്‍ പങ്കെടുത്ത ആനി പോള്‍ ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിച്ചതും ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ടവരെ സഹായിക്കാനായി അവര്‍ക്കു ആവശ്യമുള്ള സാധനങ്ങള്‍ സമാഹരിച്ചു കൊടുക്കുകയുണ്ടായി. ആനി പോളിന്റെ നേതൃത്വത്തില്‍ ‘അഡോപ്റ്റ് എ റോഡ്’ എന്ന പരിപാടിയിലൂടെ രണ്ടര മൈല്‍ നീളമുള്ള ന്യൂ ക്ലാര്‍ക്ക്സ്ടൗണ്‍ റോഡ് വര്‍ഷത്തില്‍ നാലു പ്രാവശ്യം വോളണ്ടിയേഴ്സിനോടൊപ്പം വൃത്തിയാക്കുന്നതുള്പ്പെടെയുള്
മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍പ്രൈസസ് കമ്മിറ്റി ചെയര്‍, മള്‍ട്ടി സര്‍വീസ് കമ്മിറ്റി വൈസ് ചെയര്‍, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പര്‍, പ്ലാനിംഗ് ആന്‍ഡ് പബ്ലിക് വര്‍ക്ക്സ് കമ്മിറ്റി മെമ്പര്‍, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് കമ്മിറ്റി കമ്മീഷണര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
നഴ്‌സിംഗ് പഠനത്തിനു ശേഷം അല്പകാലം ഡല്‍ഹിയില്‍ ജോലി ചെയ്തു. നഴ്സ് പ്രാക്റ്റീഷണര്‍ സംഘടനയുടെ സാരഥികളിലൊരാള്‍ കൂടിയായ ഡോ. ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്.
മൂവാറ്റുപുഴ കല്ലൂര്‍ക്കാട് നെടുംകല്ലേല്‍ കുടുംബാംഗമാണു ഡോ. ആനി പോള്‍. ഭര്‍ത്താവ് പോള്‍ രാമപുരം സ്വദേശി. മറീന പോള്‍, ഷബാന പോള്‍, നടാഷ പോള്‍ എന്നിവരാണു മക്കള്‍.