ജോൺസൺ ചെറിയാൻ
ബംഗളൂരുവിലെ അസിം പ്രേംജി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍വകലാശാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥിയുടെ കുടുംബം. നവംബര്‍ 10ന് ആത്മഹത്യ ചെയ്ത 21 വയസുകാരന്‍ എം അശ്വിന്‍ നമ്പ്യാരുടെ സഹോദരനാണ് സര്‍വകലാശാലയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സഹോദരന്‍ മരിച്ചിട്ട് 17 ദിവസങ്ങളായിട്ടും സര്‍വകലാശാല തങ്ങളുടെ കുടുംബത്തെ ബന്ധപ്പെടുകയോ അനുശോചനം രേഖപ്പെടുത്തുകയോ ചെയ്തില്ലെന്നാണ് അശ്വിന്റെ സഹോദരന്‍ ആഷിഷ് പറയുന്നത്. ഒരു സിഗരറ്റ് പാക്കറ്റ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ അശ്വിന്‍ വല്ലാത്ത മനോവേദനയിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ കൂടി വെളിപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍വകലാശാലയ്‌ക്കെതിരെ ആഷിഷിന്റെ ആരോപണങ്ങള്‍. സിഗരറ്റ് പാക്കറ്റ് അശ്വിന്റേതാണെന്ന് സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ത്ഥിയെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നെന്നും ആരോപണം ഉയരുന്നുണ്ട്.