ജോൺസൺ ചെറിയാൻ.
1963 നവംബര്‍ 22. അമേരിക്കയിലെ ടെക്‌സാസ് സ്‌റ്റേറ്റിലെ ഡാലസ് ഡൗണ്‍ ടൗണിലൂടെ ഫോര്‍ഡിന്റെ മിഡ്‌നൈറ്റ് ബ്ലൂ നിറമുള്ള 1961 മോഡല്‍ ലിങ്കണ്‍ കോണ്ടിനെന്റല്‍ ഓപ്പണ്‍ കണ്‍വെര്‍ട്ടിബിള്‍ ലിമോസിന്‍ കടന്നുവരികയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയും ഭാര്യ ജാക്വിലിനും ടെക്‌സാസ് ഗവര്‍ണര്‍ ജോണ്‍ കോനാലിയും കോനാലിയുടെ ഭാര്യ നെല്ലിയുമാണ് കാറിലുണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ റോമന്‍ കത്തോലിക്കനുമായിരുന്നു സുമുഖനായ കെന്നഡിയെന്നതിനാല്‍ വലിയൊരു ആരാധകവൃന്ദമാണ് അദ്ദേഹത്തെ കാത്ത് തെരുവു വീഥില്‍ നിന്നിരുന്നത്. ജോണ്‍ എഫ് കെന്നഡിയുടെ ഭാര്യ ജാക്വലിന്റെ സൗന്ദര്യവും ഫാഷന്‍ സെന്‍സുമെല്ലാം അമേരിക്കന്‍ മാധ്യമങ്ങളില്‍ നിരന്തരം വാര്‍ത്ത സൃഷ്ടിച്ചിരുന്നതിനാല്‍ അന്ന് ജാക്വലിന്‍ ധരിച്ചിരുന്ന വേഷമെന്തെന്നറിയാന്‍ കൂടി കാഴ്ചക്കാര്‍ക്ക് കൗതുകമുണ്ടായിരുന്നിരിക്കണം. ഇരുവരുടെയും കൊച്ചു കുട്ടികളായ കരോലിനും ജോണ്‍ എഫ് ജൂനിയറും അവരെപ്പോലെ തന്നെ നാട്ടുകാരുടെ കൗതുകമായിരുന്നുവെങ്കിലും അന്നത്തെ ആ യാത്രയില്‍ കുഞ്ഞുങ്ങള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നില്ല.