Wednesday, January 15, 2025
HomeNew Yorkഅയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സനാതനധർമ്മ പ്രഭാഷണം വന്‍ വിജയം.

അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സനാതനധർമ്മ പ്രഭാഷണം വന്‍ വിജയം.

ജയപ്രകാശ് നായര്‍.

ന്യൂയോർക്ക്: സ്വാമി ഉദിത് ചൈതന്യജിയുടെ സനാതനധർമ്മ പ്രഭാഷണം നവംബർ 4, 5 തീയതികളിൽ 26 നോർത്ത് ടൈസൺ അവന്യുവിലുള്ള ടൈസൺ സെന്റർ ആഡിറ്റോറിയത്തിൽ നടന്നു. നാനാജാതി മതസ്ഥരായ അനേകർ പങ്കെടുത്ത സദസ്സിലേക്ക് സ്വാമിജിയെ പൂർണകുംഭം നൽകി അയ്യപ്പ സേവാസംഘം പേട്രനും ട്രഷററുമായ രാജഗോപാൽ കുന്നപ്പള്ളി സ്വീകരിച്ചു. സെക്രട്ടറി രഘുവരൻ നായർ ചടങ്ങിനെപ്പറ്റി ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് സ്വാഗതം ആശംസിച്ചു. തുടർന്ന് സ്വാമിജി, അയ്യപ്പ സേവാസംഘം രക്ഷാധികാരി രാം പോറ്റി, എൻ.ബി.എ. പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ, ഡോ. ഉണ്ണിക്കൃഷ്ണൻ തമ്പി, അയ്യപ്പസേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. തദവസരത്തിൽ രാധാമണി നായർ ശ്രുതിമധുരമായി പ്രാർത്ഥനാഗാനം ആലപിച്ചു. സ്വാമിജി സന്നിഹിരായിരുന്നവരെ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് വിഷ്ണു സഹസ്രനാമ ജപം നടത്തി.

ഈ കാലഘട്ടത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്നവർക്ക് ഭാഗവതത്തിലെ കപിലോപദേശം എന്ന ഭാഗം വിവരിച്ചുകൊണ്ടാണ് സ്വാമിജി പ്രഭാഷണം ആരംഭിച്ചത്. കപില മഹർഷി തന്റെ മാതാവിന് പ്രായാധിക്യത്താൽ മനോവിഷമം നേരിട്ട വേളയിൽ മാതാവിന് നൽകിയ ഉപദേശമായാണ് ഭാഗവതത്തിൽ പറയുന്നത്. ചെറുപ്പം മുതൽ പ്രണശക്തിയെ ഉണർത്തി മുന്നോട്ടു പോയാൽ പ്രായാധിക്യത്തിലും ആരോഗ്യമുള്ള മനസ്സും ശരീരവുമായി ജീവിക്കാൻ കഴിയും. കയ്യിലെ അഞ്ചു വിരലുകളിൽ ചെറുവിരലിനെ ശരീരത്തോടും, മോതിരവിരലിനെ മനസ്സിനോടും, നടുവിരലിനെ ബുദ്ധിയോടും, ചൂണ്ടുവിരലിനെ അഹങ്കാരത്തോടും, തള്ള വിരലിനെ മെന്റൽ പവറിനോടും (confidence) താരതമ്യം ചെയ്ത് സ്വാമിജി വിശദീകരിച്ചു. ശരീരത്തിനെയും മനസ്സിനെയും നിയന്ത്രിച്ച് ബുദ്ധിശക്തി വർദ്ധിപ്പിച്ച് അഹങ്കാരമാകുന്ന ഞാനെന്ന ഭാവം മാറ്റി മെന്റൽ പവർ വർദ്ധിപ്പിച്ചാൽ പ്രായധിക്യത്തിലും ഒറ്റപ്പെടൽ കൊണ്ട് ഉണ്ടാകുന്ന വിഷമം ബാധിക്കില്ല.

അതിന് ദിവസവും രാവിലെ സൂര്യോദയത്തിന് മുമ്പേ ഉണർന്ന് ദീപം തെളിയിച്ചതിനു ശേഷം 40 മിനിട്ട് (ജ്ഞാനപ്രകാശം – ആത്മജ്ഞാന പ്രതീകം) പത്മാസനത്തിൽ ഇരുന്ന് സാധന ചെയ്യുമ്പോൾ പ്രാണശക്തി കൂടുന്നു. ഭഗവത് ഗീതയിൽ പതിനഞ്ചാം അദ്ധ്യായത്തിൽ 14, 15 ശ്ലോകങ്ങളിൽ വ്യക്തമായി പ്രതിപാദിക്കുന്നു. ആത്മാ എന്നാൽ “ആ” ആവിർഭവതി (manifestation),” ത് “ തിഷ്ടതി (നിൽക്കുന്നു), “മാ” മേളനം (ഒരുമിച്ചു കൂടൽ) എന്നും കർമ്മ നിരതനായിരിക്കുകഃ ഗീതയിൽ മൂന്നാം അദ്ധ്യായത്തിൽ 5-ാം ശ്ലോകം ഇത് വിശദീകരിക്കുന്നു. എന്നും കർമ്മനിരതനായിരിക്കുന്നവന് പ്രായാധിക്യത്തിലും ചെയ്യാവുന്ന കാര്യങ്ങൾ ചെയ്ത് ആലസ്യം വെടിഞ്ഞാൽ ജീവിതം ധന്യമാകും. രണ്ടു ദിവസത്തെ ക്ലാസ്സിൽ പങ്കെടുത്തവർ വളരെ ഉത്സാഹഭരിതരായി പിരിഞ്ഞു.

ശനിയാഴ്ച വൈകിട്ട് 7.15 മുതൽ 8.15 വരെ ഗാനകോകിലം അനിത കൃഷ്ണ നടത്തിയ ലൈവ് ഓർക്കസ്ട്രയോടുകൂടിയ സംഗീത സദസ്സ് അതിഗംഭീരമായി. സെക്രട്ടറി രഘുവരൻ നായർ നന്ദി പ്രകാശിപ്പിച്ചു.

രണ്ടാം ദിവസം പ്രഭാഷണത്തിനു ശേഷം രാംദാസ് കൊച്ചുപറമ്പിലിന്റെ ഗാനാലാപനത്തോടെയും ഹരിവരാസനത്തോടെയും ഡോ. ഉണ്ണിക്കൃഷ്ണൻ തമ്പിയുടെയും രഘുവരൻ നായരുടെയും ആരതിയോടെയും ചടങ്ങുകൾ പര്യവസാനിച്ചു. അയ്യപ്പ സേവാ സംഘം രക്ഷാധികാരി രാം പോറ്റിയും പ്രസിഡന്റ് ഗോപിനാഥക്കുറുപ്പും ചേർന്ന് സ്വാമിജിക്ക് ദക്ഷിണ നൽകി ആദരിച്ചു. രണ്ടുദിവസവും നൽകിയ രുചികരമായ സദ്യ കോർഡിനേറ്റ് ചെയ്തത് താരാ സായി, ശോഭ കറുവക്കാട്ട്, രാധാമണി നായർ, വനജ നായർ, ലക്ഷ്മീ രാം ദാസ്, രത്നമ്മ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. സ്വാമിജിയുടെ പ്രഭാഷണം ഇനിയും ശ്രവിക്കുവാനുള്ള ആഗ്രഹത്തോടെ, കരഘോഷത്തോടെ സ്വാമിജിയെ സംഘാടകരും ശ്രോതാക്കളും യാത്രയാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments