Thursday, January 16, 2025
HomeAmericaമാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഭരണകൂടങ്ങൾ.

മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഭരണകൂടങ്ങൾ.

ജോയിച്ചന്‍ പുതുക്കുളം.

മയാമി: മാധ്യമങ്ങളുടെ മൂല്യം ഇടിയുന്നതിൽ പിണറായി വിജയനെയോ നരേന്ദ്ര മോദിയെയോ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും ജന്മഭൂമി ന്യൂസ് എഡിറ്റർ പി. ശ്രീകുമാർ പറഞ്ഞു.

ബിജെപിക്കെതിരെ വാർത്ത കൊടുത്താൽ ഇഡി വരും എന്നാണ് പറയുന്നത്.  എന്നാൽ ഇ ഡി വരട്ടെ. ഭരണകൂടത്തിനെതിരെയുള്ള വാർത്തകൾ തന്നെയാണ് തുടക്കം മുതലേ മലയാള മാധ്യമങ്ങൾ നൽകിയിരുന്നതെന്നും ഭരണകൂടത്തിന്റെ ഔദാര്യത്തിന് വേണ്ടി കാത്തുനിന്നിട്ടില്ലെന്നും ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ  മാധ്യമസ്വാതന്ത്ര്യത്തിനു വിലങ്ങിടുന്ന ഭരണകൂടങ്ങൾ എന്ന ചർച്ചയിൽ    പി ശ്രീകുമാർ പറഞ്ഞു.

ഇന്ത്യൻ പത്രപ്രവർത്തനത്തിന് കേരളത്തിലെ പത്രപ്രവർത്തനം മാതൃകയാണ് . സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയിൽ നിന്ന് തുടങ്ങിയതാണ് കേരളത്തിലെ മാധ്യമപ്രവർത്തനത്തിന്റെ പാരമ്പര്യം.

ഭരണകൂടത്തിനെതിരെ ധൈര്യപൂർവ്വം നിലപാടെടുത്തുകൊണ്ടാണ് തുടക്കം മുതൽ മാധ്യമങ്ങൾ വിശ്വാസ്യത ഉണ്ടാക്കിയെടുത്തത് . ഏതെങ്കിലും മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ഇവിടുത്തെ മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല. ബിജെപിയും നരേന്ദ്ര മോദിയും പറയുന്നതനുസരിച്ച് പ്രവർത്തിക്കുന്ന ഏത് മാധ്യമങ്ങളാണ് കേരളത്തിലുള്ളതെന്നും, പിണറായി വിജയനെതിരായി ഇപ്പോഴും വാർത്തകൾ കൊടുക്കുന്നില്ലേ എന്നും ശ്രീകുമാർ ചോദിച്ചു.

ഇന്ന് രാജ്യത്ത് മാധ്യമങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു എന്നതാണെന്ന് കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ പറഞ്ഞു.  കോർപ്പറേറ്റുകളോ കോർപ്പറേറ്റുകളാകാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗമോ ആണ് ഇന്നത്തെ മാധ്യമങ്ങളുടെ മാനേജ്മെന്റുകളെന്നും അതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോർപ്പറേറ്റുകൾ മാധ്യമങ്ങളെ അവരുടെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരികയാണ്. ഈ മാറ്റം മാധ്യമങ്ങളുടെ എഡിറ്റോറിയൽ സ്വഭാവത്തെയും ബാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കാൻ മാധ്യമങ്ങളെ പ്രേരിപ്പിക്കുന്ന ഭരണകൂട സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നു . മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വരുതിയിലാക്കാനും നിശബ്ദരാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത് . അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത് .

ന്യൂസ് ക്ലിക്കിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സർക്കാരിനെതിരെ  നിലപാടുകൾ സ്വീകരിച്ചതാണ്   ന്യൂസ് ക്ലിക്കിനെ പിടികൂടാൻ കേന്ദ്രസർക്കാരിനെ പ്രേരിപ്പിച്ച പ്രധാന ഘടകം .

ഭരണകൂടത്തിനെതിരായ പരാമർശം നടത്തേണ്ടി വരുമ്പോൾ പ്രവാസികളായ മാധ്യമ പ്രവർത്തകർക്കു ഭയാശങ്കകൾ ഉണ്ടെന്നു മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നി പറഞ്ഞു . കേന്ദ്രമാണെങ്കിലും കേരളമാണെങ്കിലും,  ഭരണകൂടത്തെ വിമർശിച്ച ശേഷം ധൈര്യമായി ഇന്ത്യയിൽ വന്നിറങ്ങാമെന്ന ആത്മവിശ്വാസം നഷ്ടമായി. ഭരണാധികാരികൾക്ക് ധാർഷ്ട്യത്തിന്റെ മുഖം നല്ലതല്ല.

മാധ്യമങ്ങളെ കാണാൻ കൂട്ടാക്കാത്തത് മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും വ്യക്തിപരമായ താൽപര്യമാണെന്നതു ശരിയായ നിലപാടല്ല. അവർ ജനങ്ങളുടെ പ്രതിനിധികളാണ്. ജനങ്ങളോടു സംവേദിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. ഒരു ചെറിയ വെടിവയ്പ്പു നടന്നാൽ പോലും അമേരിക്കൻ പ്രസിഡന്റ് മാധ്യമങ്ങളെ കണ്ട് ചോദ്യങ്ങൾക്കു മറുപടി പറയും. മണിപ്പൂരിൽ നൂറുകണക്കിന് ആളുകൾ മരിച്ചിട്ടും പ്രധാനമന്ത്രി ഒന്നും പറഞ്ഞു കണ്ടിട്ടില്ല. കടക്കു പുറത്തെന്ന് മാധ്യമങ്ങളോട് ആക്രോശിക്കുന്ന മുഖ്യമന്ത്രിയെയല്ല, മാധ്യമങ്ങൾക്കും ജനങ്ങൾക്കും തോളോടു തോൾ ചേർന്നു നിൽക്കാൻ കഴിയുന്ന ഭരണാധികാരികളെയാണ് ജനാധിപത്യത്തിന് ആവശ്യമെന്നും ജീമോൻ റാന്നി പറഞ്ഞു.

ഹ്യൂസ്റ്റൺ ചാപ്റ്ററാണ് ചർച്ച നയിച്ചത്. അനിൽ ആറന്മുള ആയിരുന്നു മോഡറേറ്റർ. ജോർജ് തെക്കേമല സ്വാഗതവും ഫിന്നി രാജു നന്ദിയും പറഞ്ഞു.  മനു തുരുത്തിക്കാടൻ, ഷോളി കുമ്പിളുവേലി, ലോണാ എബ്രഹാം,  സാം ആന്റോ, ജോർജ് എബ്രഹാം , ടാജ് മാത്യു, ജീമോൻ റാന്നി, ശങ്കരന്കുട്ടി തുടങ്ങിയവർ ചോദ്യങ്ങൾ ചോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments