ജോൺസൺ ചെറിയാൻ.
ഏഷ്യൻ ഗെയിംസിൽ എതിരാളികളെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി സ്റ്റാർ ഇന്ത്യൻ ഷട്ടർമാരായ എച്ച്എസ് പ്രണോയിയും പിവി സിന്ധുവും പുരുഷ-വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.മംഗോളിയയുടെ ബറ്റ്‌ദാവ മുൻഖ്‌ബത്തിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രണോയ് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. സ്കോർ 21-9, 21-12. അടുത്ത റൗണ്ടിൽ ജോർദാന്റെ ബഹാദിൻ അഹമ്മദ് അൽഷാനിക്കിനെയോ കസാക്കിസ്ഥാന്റെ ദിമിത്രി പനാരിനെയോ ആയിരിക്കും പ്രണോയിയുടെ എതിരാളി.
ലോക 21-ാം നമ്പർ താരം ചൈനീസ് തായ്‌പേയിയുടെ വെ ചി ഹ്സുവിനെ 21-10, 21-15 എന്ന സ്കോറിന് തോൽപ്പിച്ചാണ് മുൻ ലോക ചാമ്പ്യൻ സിന്ധു മുന്നേറിയത്. ഈ മാസം ആദ്യം ദുബായിൽ നടന്ന ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലാണ് സിന്ധു ഹ്സുവിനെതിരെ അവസാനമായി കളിച്ചത്. ഇന്തോനേഷ്യയുടെ പുത്രി കുസുമ വർദാനിയെയോ ഹോങ്കോങ്ങിന്റെ ലിയാങ് കാ വിങ്ങിനെയോ ആണ് സിന്ധു അടുത്ത എതിരാളി.