ജോൺസൺ ചെറിയാൻ.
രാജ്യത്തിന്റെ എല്ലാ പ്രതീക്ഷയും വഹിച്ചുകൊണ്ട് ചാന്ദ്രയാന്‍ മൂന്ന് തിങ്കളെത്തൊടാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. കൗണ്‍ട് ഡൗണ്‍ തുടങ്ങി പതിനാറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ പ്രതീക്ഷയും നെഞ്ചിടിപ്പും ഉയരുകയാണ്. ഐഎസ്ആര്‍ഒ പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ഇതുവരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. വിക്ഷേപണം വാഹനമായ എല്‍വിഎം 3 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പര്‍ ലോഞ്ച് പാഡില്‍ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്.ഭൂമിയെ അഞ്ച് പ്രാവശ്യം വലം വെച്ച് ഭ്രമണപഥത്തില്‍ നിന്നാകും ചന്ദ്രയാന്‍ ദൗത്യത്തിലേക്ക് നീങ്ങുക. 2019 ല്‍ ചന്ദ്രയാന്‍ – 2 ദൗത്യം സോഫ്റ്റ് ലാന്‍ഡിംഗ് സമയത്ത് വെല്ലുവിളികള്‍ നേരിട്ടതിന് ശേഷമുള്ള ഐ എസ് ആര്‍ ഒയുടെ രണ്ടാമത്തെ ശ്രമമാണിത്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും ഒരിക്കല്‍ കൂടെ പരിശോധിച്ചതിന് ശേഷമാണ് കൗണ്ട്ഡൗണ്‍ ആരംഭിച്ചത്. 2019ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും റോവറില്‍ നിന്ന് ലാന്‍ഡര്‍ വിട്ടുമാറുന്ന സമയത്ത് പൊട്ടിത്തെറി സംഭവിക്കുകയായിരുന്നു.