ജോൺസൺ ചെറിയാൻ.
ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനനത്തീയതി, ഇങ്ങനെയൊന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ഇത് അസാധ്യമെന്ന് കരുതാൻ വരട്ടെ, കാരണം പാകിസ്താനിൽ നിന്നുള്ള ഈ കുടുംബത്തിലെ എല്ലാവരും ജന്മദിനം ആഘോഷിക്കുന്നത് ഒരേ ദിവസമാണ്. ലാർക്കാന സ്വദേശി ആമിർ അലിയുടെ കുടുംബത്തിലെ 9 പേരാണ് ഓഗസ്റ്റ് 1 ന് ജന്മദിനം ആഘോഷിക്കുന്നത്. ഈ അപൂർവ നേട്ടത്തിന്റെ ഗിന്നസ് വേൾഡ് റെക്കോർഡും ഇനി ഈ കുടുംബത്തിന് സ്വന്തം.ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്ക്സ് തന്നെയാണ് ഈ അത്ഭുതകരമായ കഥ പങ്കുവെച്ചിരിക്കുന്നത്. ആമിർ അലി പാകിസ്താനിലെ ലാർക്കാന സ്വദേശിയാണ്. ഭാര്യ ഖുദേജയും ഏഴ് മക്കളും അടങ്ങുന്നതാണ് അലിയുടെ കുടുംബം. 7 കുട്ടികളിൽ നാല് പേർ ഇരട്ടകൾ. എല്ലാവരുടെയും പ്രായം 19 നും 30 നും ഇടയിലാണ്. യാദൃശ്ചികമെന്ന് പറയട്ടെ, എല്ലാവരുടെയും ജന്മദിനം ഓഗസ്റ്റ് 1 നും. തീർന്നില്ല, അമീറിന്റെയും ഖുദേജയുടെയും വിവാഹവാർഷികവും ഓഗസ്റ്റ് 1 നാണ് എന്നത് മറ്റൊരു അത്ഭുതം. 1991 ഓഗസ്റ്റ് ഒന്നിനാണ് അലിയും ഖുദേജയും വിവാഹിതരാകുന്നത്.