ജോൺസൺ ചെറിയാൻ.
ബെംഗളൂരുവിൽ മലയാളി സിഇഒ ഉൾപ്പെടെ രണ്ടുപേരെ വെട്ടിക്കൊന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മുഖ്യപ്രതി ജോക്കർ ഫെലിക്സ് എന്ന ശബരീഷ് കൂട്ടാളികളായ സന്തോഷ്, വിനയ് റെഡ്ഡി എന്നിവരെ കുനിഗലിൽ നിന്നാണ് പിടികൂടിയത്. ചൊവ്വാഴ്ചയാണ് സ്ഥാപനത്തിൻ്റെ മുൻജീവനക്കാരനായ ശബരീഷ് ‘എയറോണിക് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്’ മാനേജിംഗ് ഡയറക്ടർ പനീന്ദ്ര സുബ്രഹ്മണ്യനെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വിനു കുമാറിനെയും വെട്ടി കൊലപ്പെടുത്തിയത്.അമൃതഹള്ളി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അഞ്ച് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. ടവർ ഡംപ്, കോൾ ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് വഴിവച്ചത്. സ്ഥാപനത്തിന്റെ സിഇഒയുമായും എംഡിയുമായും പ്രതികൾക്ക് ശത്രുതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മുഖ്യപ്രതി ശബരീഷ് സ്ഥാപനത്തിൻ്റെ മുൻ ജീവനക്കാരനാണ്. പിന്നീട് ഇയാൾ കമ്പനിയിൽ നിന്ന് രാജിവച്ച് സ്വന്തമായി പുതിയൊരു സംരംഭം തുടങ്ങുകയായിരുന്നു.