ജോൺസൺ ചെറിയാൻ.
രണ്ട് പതിറ്റാണ്ട് നീണ്ട പോരാട്ടം. അവഗണകളും പരിഹാസങ്ങളും നേരിട്ട ദിവസങ്ങളെ മറികടന്നുള്ള വിജയത്തിലേക്കുള്ള വഴികൾ. പ്രചോദനവും പ്രതീക്ഷയും നൽകി ഇന്തോനേഷ്യയിൽ നിന്ന് സഡിമൻ പങ്കുവെക്കുന്നത് ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത അനുഭവങ്ങളാണ്. ഇന്ന് ഒരു ഗ്രാമത്തിനും രാജ്യത്തിനും അഭിമാനത്തിന്റെ നിമിഷങ്ങളാണിത്. ഇന്ന് ഈ അറുപത്തിയൊമ്പതുകാരൻ ഒരു രാജ്യത്തിന് തന്നെ അഭിമാനമാണ്. ഇരുപത്തിനാല് വർഷങ്ങൾ മുമ്പാണ് സഡിമൻ തന്റെ ഗ്രാമത്തിലെ തരിശു ഭൂമിയെ പച്ചയണിയിക്കാനുള്ള പ്രയത്നത്തിന് തുടക്കം കുറിച്ചത്. വരൾച്ചയും വെള്ളത്തിന്റെ ക്ഷാമവും തുടർകഥകളായ തങ്ങളുടെ ഗ്രാമത്തെ പച്ചയണിയിക്കാനുള്ള സഡിമന്റെ ശ്രമത്തെ എല്ലാവരും പരിഹസിച്ചു. അങ്ങനെ ഒരു ശ്രമം ഫലം കാണില്ലെന്ന് ഗ്രാമവാസികളും ബന്ധുക്കളും മുൻവിധി എഴുതി.ചിരിച്ചുതള്ളിയ പരിഹാസത്തിന് ഇന്ന് ആ 69 ക്കാരന് പറയാൻ വ്യക്തമായ മറുപടിയുണ്ട്. തരിശായി കിടന്ന കുന്നിൻ പുറങ്ങളെ പച്ചയണിച്ച വിജയത്തിന്റെയും ആത്മസംതൃപ്തിയുടെയും കഥ. പതിനായിരത്തിൽ പരം മരങ്ങളാണ് ആ കുന്നിൻപുറത്ത് അദ്ദേഹം വെച്ചുപിടിപ്പിച്ചത്. തന്റെ ജീവിതത്തിലെ ഇരുപത്തിനാല് വർഷവും അദ്ദേഹം ഈ ദൗത്യത്തിനായി മാറ്റിവെച്ചു. 617 ഏക്കർ വരുന്ന പ്രദേശമാണ് ഇങ്ങനെ മാറ്റിമറിച്ചത്.