ജോൺസൺ ചെറിയാൻ.
മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അവരെ കുറിച്ചുള്ള കഥകള്‍ക്കും അത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യനും വളര്‍ത്തുനായയും തമ്മിലുള്ള അഭേദ്യമായ ബന്ധം കഥകളിലൂടെ ധാരാളം കേട്ടിട്ടുണ്ടെങ്കിലും ജീവിച്ചിരുന്ന ഒരു നായയും അവന്റെ യജമാനനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ജപ്പാനില്‍ തലമുറകളായി പ്രചരിക്കുന്ന ഒരു കഥയുണ്ട്. അതാണ് ഹച്ചിക്കോയുടെയും ഹിഡെസാബുറോ യുനോയ്ക്കയുടെയും കഥ. 20ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹച്ചിക്കോയ്ക്കായി നിരവധി സ്മാരകങ്ങള്‍ ജപ്പാന്‍കാര്‍ നിര്‍മിക്കുകയും ഹച്ചിക്കോയുടെ കഥ ആസ്പദമാക്കി സിനിമ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വിശ്വസ്തനായ നായയായ ഹച്ചിക്കോയുടെ 100ാം ജന്മവാര്‍ഷികം ആചരിക്കുകയാണ് ജപ്പാന്‍.1923ലാണ് ജപ്പാനിലെ ഒരു ഫാമില്‍ ഹച്ചിക്കോയുടെ ജനനം. അവിടെ നിന്നാണ് ടോക്കിയോ സര്‍വകലാശാലയിലെ പ്രൊഫസറായ ഹിഡെസാബു യുനോ ഹച്ചിക്കോയെ ദത്തെടുക്കുന്നത്. തുടര്‍ന്നങ്ങോട്ട് മറ്റാര്‍ക്കും മനസിലാവാത്ത തരത്തില്‍ ഒരു ആത്മബന്ധം അവര്‍ക്കിടയില്‍ വളര്‍ന്നു. യുനോ ജോലിക്ക് പോകുമ്പോള്‍ എല്ലാ ദിവസവും ഹച്ചിക്കോ ഷിബുയ റെയില്‍വേ സ്‌റ്റേഷനില്‍ അദ്ദേഹത്തിന് കൂട്ടുപോകും. ട്രെയിന്‍ തിരികെ വരുന്ന സമയത്തും ഹച്ചിക്കോ ഇതാവര്‍ത്തിക്കും. ക്രമേണ ഇത് നാട്ടില്‍ എല്ലാവര്‍ക്കും സ്ഥിര കാഴ്ചയായി മാറി. ഈ പതിവ് വര്‍ഷങ്ങളോളം തുടരുകയും ചെയ്തു.