ജോൺസൺ ചെറിയാൻ.
കൊട്ടാരക്കര: ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത തലയോട്ടിയുടെ ഭാഗം വയറ്റിനുള്ളില്‍ സൂക്ഷിച്ച് ജീവിക്കുകയാണ് കൊട്ടാരക്കര പൂവറ്റൂര്‍ കുളക്കട സ്വദേശി ബിനീഷ് ലാല്‍. തെരുവുനായ കുറുകെ ചാടിയപ്പോള്‍ ബൈക്ക് മറിഞ്ഞുണ്ടായ അപകടമാണ് ബിനീഷിന്റെ ജീവിതത്തിലെ തലവര മാറ്റിയത്.
തെരുവ് നായ ആക്രമങ്ങളുടെ കണ്ണ് നനയിക്കുന്ന വാര്‍ത്തകള്‍ നിത്യസംഭവമാകുകയാണ്. വെല്‍ഡിങ് വര്‍ക് ഷോപ് ഉടമയായ ബിനീഷിന്റെ തല വര മാറ്റിയെഴുതിയതും തെരുവ് നായ ആക്രമണമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16 ന് രാത്രി ഏഴരയ്ക്കാണ് മകളുമായുള്ള ബൈക്ക് യാത്രയ്ക്കിടയില്‍ നായ കുറുകെ ചാടിയത്. നായയെ ഇടിച്ച ബൈക്ക് സമീപത്തെ പൈപ്പ് കുഴിയിലേക്കും ബിനീഷും മകളും റോഡിലേക്കും വീണു. അപകടത്തില്‍ പക്ഷേ മകള്‍ക്ക് കാര്യമായി പരുക്കേറ്റിരുന്നില്ല. പക്ഷേ, ബിനീഷിന്റെ തലയ്ക്കു ഗുരുതരമായി ക്ഷതം സംഭവിച്ചു.
ബിനീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആന്തരിക രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ തലയോട്ടിയുടെ ഒരു ഭാഗം തുറന്ന ശേഷം അത് വയറ്റിനുള്ളിലേക്കു സൂക്ഷിച്ചിരിക്കുകയാണ്. ഒരു സ്‌ക്രൂ പോലും തെറിച്ചു തലയില്‍ കൊള്ളാതെ നോക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. വീണ്ടും ശസ്ത്രക്രിയ ചെയ്തു തലയോട്ടി പുനഃസ്ഥാപിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ബിനീഷും കുടുംബവും.സഹിക്കാന്‍ കഴിയുന്നതില്‍ അധികമാണ് ശാരീരിക പ്രശ്‌നങ്ങളെന്ന് ബിനീഷ് പറയുന്നു.
