ജോൺസൺ ചെറിയാൻ.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഇന്റർകോണ്ടിനെന്റൽ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ലെബനനെതിരെ കളിക്കളത്തിൽ ഇറങ്ങും. ഗ്രൂപ്പിൽ കഴിഞ്ഞ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. എന്നാൽ, ആദ്യ മത്സരത്തിൽ വന്വാട്ടുവിനെ പരാജയപ്പെടുത്തിയ ലെബനനെ കഴിഞ്ഞ മത്സരത്തിൽ മംഗോളിയ സമനിലയിൽ കുരുക്കിയിരുന്നു. ഫൈനലിലേക്ക് യോഗ്യത നേടുന്നതിന് ലെബനന് ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്ന് രാത്രി 7.30ന് ഒഡിഷ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.ഗ്രൂപ്പ് ഘട്ടത്തിൽ മംഗോളിയക്ക് എതിരെയും വന്വാട്ടുവിനെതിരെയും തുടരെ നേടിയ വിജയങ്ങളാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം എളുപ്പമാക്കിയത്. ഗ്രൂപ്പിൽ റാങ്കിങ്ങിൽ മുന്നിലുള്ള ലെബനൻ ശക്തരായ ടീമാണ്. ഫിഫ റാങ്കിങ്ങിൽ 99-ാം സ്ഥാനത്താണ് ലെബനൻ. ഇന്ത്യയാകട്ടെ 101-ാം സ്ഥാനത്തും. ഫിഫ റാങ്കിങ്ങിൽ മുന്നിലുള്ള ലെബനനെ പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് നിലവിലെ റാങ്ക് മെച്ചപ്പെടുത്താൻ സാധിക്കും.