ജോൺസൺ ചെറിയാൻ.
പീഡന പരാതിയിലെ പ്രതി വിദേശത്തായതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പ്രതി മടങ്ങി വരുന്നത് വരെ കാത്തിരിക്കണം എന്ന വിചിത്രവാദവുമായി പോലീസ്. തൃശൂർ കൂടപ്പുഴ സ്വദേശി അരുൺ വിവാഹത്തട്ടിപ്പ് നടത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇര നീതി തേടി അലയുന്നത്.
സഹോദരനുമൊത്ത് വീട്ടിലെത്തി പെണ്ണുകണ്ട് വിവാഹം ഉറപ്പിച്ച് വിശ്വാസം നേടിയ ശേഷമായിരുന്നു ചാലക്കുടി കൂടപ്പുഴ സ്വദേശി അരിയാരത്ത് വീട്ടിൽ ഉണ്ണികൃഷ്ണന്റെ മകൻ അരുണിന്റെ പീഡനം. വിദേശത്ത് ജോലി ചെയ്യുന്ന യുവാവ് മടങ്ങിപ്പോകുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് വീട്ടിലെത്തി യുവതിയുമൊത്ത് സിനിമയ്ക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. വീട്ടുകാരുടെ അനുവാദവും വാങ്ങി പോകുന്നതിനിടയിലാണ് അത്യാവശ്യമായി ജോലി തീർക്കാൻ ഉണ്ടെന്നു പറഞ്ഞ് അരുൺ മലമ്പുഴ കെടിഡിസി ഹോട്ടലിൽ എത്തിക്കുന്നത്. തുടർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി വസ്ത്രം മാറുന്നതിനിടെ നഗ്‌ന ദൃശ്യങ്ങളും പകർത്തി. വിദേശത്തേക്ക് കടന്ന യുവാവിന്റെ സ്വഭാവത്തിൽ വന്ന മാറ്റമാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ സമാനമായ രീതിയിൽ പല പെൺകുട്ടികളെ വിവാഹ തട്ടിപ്പിലൂടെ പീഡിപ്പിച്ചു എന്ന് യുവതിക്ക് മനസ്സിലായി.
സ്വഭാവ ദൂഷ്യം കാരണം ആദ്യ ഭാര്യയും ഇയാളുമായി വിവാഹബന്ധം വേർപിരിഞ്ഞിരുന്നു. സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചത് ഉൾപ്പെടെ ആദ്യ ഭാര്യ നൽകിയ പരാതിയും നിലനിൽക്കുന്നുണ്ട്. ഇതോടെ മാർച്ചിൽ യുവതി മലമ്പുഴ പോലീസിൽ പരാതി നൽകി. എന്നാൽ യുവാവ് വിദേശത്ത് ആയതിനാൽ നടപടിയെടുക്കാൻ കഴിയില്ല എന്നാണ് പോലീസിന്റെ വാദം. യുവാവ് മടങ്ങിയെത്തുന്നത് വരെ കാത്തിരിക്കാനും ഇവരാവശ്യപ്പെട്ടു. എന്നാൽ പെണ്ണുകാണാൻ എത്തിയ സഹോദരനെ പോലും ഇതുവരെ പോലീസ് പ്രതിചേർക്കാത്തത് ഒത്തു കളിയാണോ എന്ന് ആക്ഷേപമാണ് ഉയരുന്നത്.