ജോൺസൺ ചെറിയാൻ.
ടിബറ്റൻ : ആത്മീയ നേതാവ് ദലൈലാമക്കെതിരെ ക്യാംപെയ്നുമായി ചൈന. ദലൈലാമയെ പീഡോഫൈൽ (കുട്ടികളോട് ലൈംഗികാസക്തിയോടെ പെരുമാറുന്ന ആള്‍) ആയി ചിത്രീകരിക്കാനും ചൈന ശ്രമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദലൈലാമ തന്നെ കാണാനെത്തിയ ഒരു ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ ഒരു മാസം മുൻപ് പുറത്തു വന്നിരുന്നു. ഈ വീഡിയോയാണ് ചൈന പ്രധാനമായും ആയുധമാക്കുന്നത്.
അനുഗ്രഹത്തിനായി തന്റെ പക്കലെത്തിയ കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുയും ചെയ്ത വീഡിയോ ആണ് പ്രചരിച്ചിരുന്നത്. ഈ വീഡിയോ ഏറെ വിവാദമാകുകയും ചെയ്തിരുന്നു. ഈ വീഡിയോ ചൈനീസ് പ്രൊപ്പഗാന്ത മാധ്യമങ്ങൾ വീണ്ടും എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ദലൈലാമ എട്ടു വയസുള്ള ആൺകുട്ടിയെ ലൈംഗികാസക്തിയോടെ ചുംബിച്ചു എന്നു പറഞ്ഞാണ് ഈ എഡിറ്റഡ് വീഡിയോകൾ ചൈന പ്രചരിപ്പിച്ചത്.
Also Read- Joe Biden: വേദിയിൽ കാൽതട്ടിവീണ് ജോ ബൈഡൻ; പിന്നാലെ ഹെലികോപ്റ്ററിൽ തലയിടിച്ചു
കുറച്ചു മാസങ്ങൾക്ക് മുമ്പ് ക്രിയേറ്റ് ചെയ്ത ഒരു ട്വിറ്റർ ഹാൻഡിലിൽ ഉപയോഗിച്ച്, “പീഡോ-ദലൈലാമ” എന്ന അടിക്കുറിപ്പോടെ എഡിറ്റ് ചെയ്ത ഒരു വീഡിയോ ചൈന പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ പെട്ടെന്ന് വൈറലാകുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിൽ വീഡിയോയ്ക്ക് ദശലക്ഷക്കണക്കിന് വ്യൂസ് ലഭിക്കുകയും വീഡിയോ അടിസ്ഥാനമാക്കി നിരവധി മീമുകൾ പ്രത്യക്ഷപ്പെടുകയും ചെയ്തു. സംഭവത്തെത്തുടർന്ന് ആഗോള തലത്തിൽ തന്നെ ദലൈലാമയ്‌ക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
എന്നാൽ, കുട്ടിയുടെ ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ, ദലൈലാമ ഒരു ഔദ്യോഗിക വിശദീകരണവും ക്ഷമാപണവും നടത്തിയിരുന്നു. തന്നെ കാണാനെത്തുന്നവരോട് നിഷ്കളങ്കവും തമാശയോടെയുമുള്ള സമീപനമാണ് ദലൈലാമ സ്വീകരിക്കാറുള്ളതെന്നും പൊതുസ്ഥലങ്ങളിലും പരിപാടികളിലും അങ്ങനെ തന്നെയാണെന്നും ഈ പ്രസ്താവനയിൽ പറയുന്നു. ”ഈ സംഭവത്തിൽ അദ്ദേഹം ഖേദിക്കുന്നു. ആ കുട്ടിയോടും കുടുംബത്തോടും ലോകമെമ്പാടുമുള്ള നിരവധി സുഹൃത്തുക്കളോടും അദ്ദേഹം ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു”, എന്നും ക്ഷമാപണത്തിൽ പറഞ്ഞിരുന്നു.
എന്നാൽ അമേരിക്കയിലും യൂറോപ്പിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ ദലൈലാമക്കെതിരായ ചൈനീസ് ക്യാംപെയ്ൻ അവരുദ്ദേശിച്ച ഫലം കണ്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ടിബൽ കുട്ടികൾക്ക് വായിൽ ഭക്ഷണം വെച്ചു നൽകുന്ന പതിവുണ്ടെന്നും പലഹാരമോ മധുരമോ ഒക്കെ തീർന്നു പോയാൽ നാവ് നീട്ടി കുട്ടിയോട് ‘ഇനിയൊന്നും തരാനില്ലാത്തതിനാൽ ഇതെടുത്തോളൂ’ എന്ന് പറയാറുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദലൈലാമ ഇവിടെ ഉദ്ദേശിച്ചത് മിഠായി ആയിരിക്കാം എന്നും അത് തെറ്റായ അർത്ഥത്തിൽ വ്യാഖ്യാനിക്കപ്പെട്ടെന്നും ചിലർ പറയുന്നു.
ടിബറ്റിലെ ചൈനീസ് അധിനിവേശത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള പുതിയ നാടകീയ തന്ത്രമാണ് ഇതെന്ന് ടിബറ്റൻ ആക്ടിവിസ്റ്റ് ആയ ലാഡൻ ടെത്തോങ് പറയുന്നു. ചൈനയിൽ മാവോയുടെ ഭരണകാലത്താണ് ദലൈലാമ നാടുകടത്തപ്പെട്ടത്. പിന്നീട് ഇദ്ദേഹത്തിന് ഇന്ത്യ അഭയം നൽകിയിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോ കൈവശം വയ്ക്കുന്നത് പോലും ക്രിമിനൽ കുറ്റമായാണ് ചൈനീസ് സർക്കാർ കണക്കാക്കുന്നത്. 1959 മുതൽ ചൈനീസ് ഉദ്യോഗസ്ഥർ സാധ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും അദ്ദേഹത്തിനെതിരെ പ്രചാരണം നടത്തുന്നുണ്ട്.