Sunday, November 24, 2024
HomeNewsമുഴുവൻ സമയവും അച്ഛനും അമ്മയ്ക്കും ഒപ്പം ചെലവഴിക്കാൻ ജോലി രാജിവച്ച് മകൾ പകരം മാതാപിതാക്കൾ 46,000...

മുഴുവൻ സമയവും അച്ഛനും അമ്മയ്ക്കും ഒപ്പം ചെലവഴിക്കാൻ ജോലി രാജിവച്ച് മകൾ പകരം മാതാപിതാക്കൾ 46,000 രൂപ നൽകും.

ജോൺസൺ ചെറിയാൻ.

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ കേൾക്കുന്ന സ്ഥിരം വാചകമാണ് സമയമില്ല എന്നത്. അതെ, ആർക്കും ഒന്നിനും സമയം തികയാത്ത അവസ്ഥയാണ്. മാതാപിതാക്കൾക്ക് അവരുടെ മക്കളെ എന്നും കാണണം അവരോടൊപ്പം കഴിയണം എന്നൊന്നും ആഗ്രഹിച്ചാൽ നടക്കണം എന്നില്ല. മക്കൾക്കും അവരുടേതായ ജോലിയും തിരക്കും ഒക്കെ ഉള്ളതാണ് അതിനുകാരണം.
എന്നാൽ ഒരു യുവതി ഒരു മുഴുവൻ സമയ മകളായി അമ്മയ്ക്കും അച്ഛനും ഒപ്പം നിൽക്കുന്നതിന് വേണ്ടി ജോലി ഉപേക്ഷിച്ചു. ഇങ്ങനെ മുഴുവൻ സമയ മകളായി നിൽക്കുന്നതിന് മാതാപിതാക്കൾ അവൾക്ക് മാസം 46,000 രൂപയും കൊടുക്കും.

ചൈനയിലാണ് യുവതി മുഴുവൻ സമയവും അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്നതിന് വേണ്ടി തന്റെ ജോലി രാജി വച്ചത്. നിയാനൻ എന്ന 40 -കാരി കഴിഞ്ഞ 15 വർഷങ്ങളായി ഒരു ന്യൂസ് ഏജൻസിയിൽ ജോലി ചെയ്യുകയാണ്. ഇത് അവളെ മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാക്കുകയും തളർത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ആ ജോലി അവൾക്ക് മടുത്തിരുന്നു. അങ്ങനെയാണ് മാതാപിതാക്കൾ അവളോട് ജോലി ഉപേക്ഷിക്കാൻ പറയുന്നത്. സാമ്പത്തികമായി തങ്ങൾ അവളെ സഹായിക്കാം എന്നും മാതാപിതാക്കൾ അവൾക്ക് ഉറപ്പ് നൽകി.

അതിന്റെ ഭാഗമായി എല്ലാ മാസവും അവൾക്ക് തങ്ങളുടെ റിട്ടയർമെന്റ് അലവൻസിൽ നിന്നും ഏകദേശം 46,000 രൂപ നൽകാമെന്നും മാതാപിതാക്കൾ ഉറപ്പ് നൽകി. അങ്ങനെ നിയാനൻ തന്റെ ന്യൂസ് ഏജൻസിയിലെ ജോലി രാജി വയ്ക്കുകയും മുഴുവൻ സമയവും മാതാപിതാക്കൾക്കൊപ്പം ചെലവഴിക്കാനും തീരുമാനിച്ചു. തന്റെ ഈ പുതിയ ജോലി നിറയെ സ്നേഹം നിറഞ്ഞതാണ് എന്നാണ് അവൾ പറയുന്നത്.

രാവിലെ അച്ഛനും അമ്മയ്ക്കും ഒപ്പം ഡാൻസ് ചെയ്തുകൊണ്ടാണ് അവളുടെ ഒരുദിവസം തുടങ്ങുന്നത്. ഇരുവർക്കും ഒപ്പം ഗ്രോസറി ഷോപ്പിൽ പോകുകയും വൈകുന്നേരം അച്ഛനൊപ്പം ഡിന്നറുണ്ടാക്കാൻ കൂടുകയും ഒക്കെ അവളുടെ പുതിയ ‘മുഴുവൻ സമയ മകൾ’ ജോലിയുടെ ഭാഗമാണ്. അതുപോലെ ഇലക്ട്രോണിക്സ് സംബന്ധമായ എല്ലാ കാര്യങ്ങളും അവൾ നോക്കണം. കൂടാതെ, മുഴുവൻ സമയ ഡ്രൈവറായിരിക്കണം. മാസത്തിൽ ഒന്നോ രണ്ടോ യാത്രകളെങ്കിലും അച്ഛനും അമ്മയ്ക്കുമായി നടത്തണം.

അതേ സമയം ഈ ജീവിതത്തിൽ സന്തോഷം ഉണ്ടെങ്കിലും ചിലപ്പോൾ കൂടുതൽ പണം വേണമെന്ന തോന്നലുണ്ടാകുമെന്നും നിയാനൻ പറയുന്നു. അതേ സമയം മകൾക്ക് യോജിക്കുന്ന എന്ന് തോന്നുന്ന ഒരു ജോലി കിട്ടിയാൽ എപ്പോൾ വേണമെങ്കിലും അതിന് പോകാമെന്നും അതുവരെ തങ്ങളോടൊപ്പം സമയം ചെലവഴിക്കൂ എന്നുമാണ് അവളുടെ മാതാപിതാക്കൾ പറയുന്നത്.

RELATED ARTICLES

Most Popular

Recent Comments