ഷാജി രാമപുരം .
ന്യൂയോർക്ക് : അമേരിക്കയിലെ സഭകളുടെ ഏറ്റവും വലിയ ഐക്യവേദിയായ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ യു എസ് എ (എൻ.സി.സി) വാഷിംഗ്ടൺ ഡി.സി യിലെ നാഷണൽ സിറ്റി ക്രിസ്ത്യൻ ചർച്ചിൽ വെച്ച് മെയ് 15,16 തീയതികളിൽ (തിങ്കൾ, ചൊവ്വാ) നടന്ന സമ്മേളനത്തോടും ആരാധനയോടും കൂടി രണ്ടു വർഷം നീണ്ടു നിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
1950 ൽ രൂപംകൊണ്ട അമേരിക്കയിലെ എൻ.സി.സി യിൽ പ്രൊട്ടസ്റ്റന്റ്, ആംഗ്ലിക്കൻ, ഓർത്തഡോക്സ്, ഇവാഞ്ചലിക്കൽ, ആഫ്രിക്കൻ – അമേരിക്കൻ തുടങ്ങി 38 വിവിധ സഭകൾ ഇന്ന് അംഗങ്ങൾ ആണ്. 2025 ൽ 75 വർഷം പൂർത്തീകരിക്കുന്ന സഭകളുടെ ഏറ്റവും വലിയ ഐക്യവേദിയുടെ ഇടക്കാല പ്രസിഡന്റും ജനറൽ സെക്രട്ടറിയും ബിഷപ് വഷ്തി എം.മക്കൻസ്കിയാണ്.
സഭകളുടെ ആത്മീയപരമായ വളർച്ചക്കും, മൂല്യബോധം വളത്തിയെടുക്കുന്നതിനും, മനുഷ്യർ അഭിമുഖികരിക്കുന്നതായ വിവിധ സങ്കീർണ്ണങ്ങളായ പ്രശ്നങ്ങളിൽ ദൈവത്തിന്റെ നീതിയും സമാധാനവും ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടിയാണ് എൻ.സി.സി അമേരിക്കയിൽ പ്രവർത്തിക്കുന്നത്.
2016 മുതൽ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ അമേരിക്കയുടെ ഗവേർണിംഗ് ബോർഡ് അംഗമായി മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലിക്സിനോസ് പ്രവർത്തിക്കുന്നു. വാഷിംഗ്ടൺ ഡി.സി യിൽ വെച്ച് പ്ലാറ്റിനം ജുബിലി ആഘോഷങ്ങളുടെ തുടക്കത്തിന്റെ ഭാഗമായി അമേരിക്കയിലെ വിവിധ സഭകളുടെ ബിഷപ്പുമാരും പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ബിഷപ് ഡോ. മാർ ഫിലിക്സിനോസിന്റെ സമാപന പ്രാർത്ഥനക്കും ആശിർവാദത്തിനും ശേഷം സമാപിച്ചു.