ജോൺസൺ ചെറിയാൻ.
പാമ്പുകടിയേറ്റ് മകൾ മരിച്ചു .പൊന്തക്കാട് തെളിക്കാൻ രക്ഷിതാക്കളുടെ നിയമപോരാട്ടത്തിന് ഹൈക്കോടതിയുടെ അനുകൂല വിധി.മൂന്നു വയസുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ രക്ഷിതാക്കളുടെ നിയമപോരാട്ടത്തിന് ഹൈക്കോടതിയുടെ അനുകൂല വിധി. പൊന്തക്കാട്ടിൽ നിന്നെത്തിയ പാമ്പുകടിയേറ്റാണ് കെഐ ബിനോയുടെയും ലയ ജോസിന്റെയും മകൾ ആവ്റിന്‍ മരിക്കുന്നത്. മകളുടെ മരണം തളർത്തിയെങ്കിലും പൊന്തക്കാടുകൾ തെളിയിക്കണമെന്നാവശ്യവുമായി ഇരുവരും നിയമപോരാട്ടത്തിനിറങ്ങി.
വിദേശത്തെ ജോലിക്കിടയിലും മകൾക്കുവേണ്ടി ഇവർ തുടർന്ന നിയമപോരാട്ടം ഒടുവിൽ ഫലം കണ്ടു. പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്ന് വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിര്‍ദേശം നൽകി.മകളുടെ മരണത്തിനു ശേഷം രക്ഷിതാക്കൾ വനംവകുപ്പിനും കലക്ടർക്കും പരാതി നൽകിയിരുന്നു. ജോലി ഇറ്റലിയിലായതിനാൽ ബിനോയിയും ലയയും പിതാവ് ജോസിനു പവർ ഓഫ് അറ്റോണി നൽകിയാണു കേസ് നടത്തിയത്. വനംവകുപ്പിനു നൽകിയ പരാതിയില്‍ സ്ഥലപരിശോധനയ്ക്ക് ആളെത്തിയത് ഒന്നരവർഷത്തിനു ശേഷമാണ്.