ജോയ്ചെൻ പുതുകുളം.
ന്യൂയോര്‍ക്ക്: കോവിഡ് കാല ഇടവേളയ്ക്കുശേഷം അത്യധികം വ്യത്യസ്തമായ സംഗീത പരിപാടിയുമായി കലാവേദി ന്യൂയോര്‍ക്കില്‍ വേദിയൊരുക്കുന്നു. സംഗീതപ്രേമികളെ ആസ്വാദനത്തിന്റെ നെറുകയില്‍ എത്തിക്കുന്ന ഈ സംഗീതമേളയില്‍ അഞ്ചു പാട്ടുകാരും, എട്ടോളം വാദ്യവിദഗ്ധരും പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കൂടാതെ ആദ്യമായി കംപോസ് ചെയ്ത് അവതരിപ്പിക്കുന്ന ഗാനങ്ങള്‍ കേള്‍ക്കാനുള്ള ഭാഗ്യവും പ്രേക്ഷകര്‍ക്കുണ്ടാകും. അത്തരത്തില്‍ രണ്ട് പുതിയ ഗാനങ്ങളാണ് ഈ വേദിയില്‍ അവതരിപ്പിക്കുന്നത്. ജൂണ്‍ മാസം മൂന്നാം തീയതി ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ഇര്‍വിന്‍ ആള്‍ട് മാന്‍ (എം.എസ് 172) ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ അരങ്ങേറുന്നത്.
ഏറെ കീര്‍ത്തിനേടിവരുന്ന ‘നവയുഗ വിസ്മയം’ നവനീത് ഉണ്ണികൃഷ്ണനാണ് മുഖ്യ ഗായകന്‍. അമേരിക്കയില്‍ ജനിച്ചുവളര്‍ന്നുവെങ്കിലും ഭാരതീയ ശാസ്ത്രീയ സംഗീതത്തിലുള്ള നവനീതിന്റെ അറിവും കഴിവും ലോകമാകമാനമുള്ള സംഗീതജ്ഞര്‍ ഏറെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. നവനീതിനൊപ്പം പ്രശസ്തരായ നാല് യുവഗായികമാരും പങ്കെടുക്കുന്നുവെന്നത് പ്രത്യേകതയാണ്. എല്ലത്തരം പാട്ടുകളും ഉള്‍പ്പെടുത്തുന്നതിനാല്‍ എല്ലാവിഭാഗം ആസ്വാദകരേയും സന്തോഷിപ്പിക്കാനുള്ള വിഭവങ്ങളുണ്ട്. സെമി- ക്ലാസിക്കല്‍ സിനിമാഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങി അടിപൊളി പാട്ടുകളും കൂടാതെ പാരഡി പാട്ടുകള്‍ വരെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഏതാണ്ട് മൂന്നുമണിക്കൂറോളം വരുന്ന #ൊരു സംഗീത പെരുമഴ തന്നെയാണ് കലാവേദി ഇത്തവണ ഒരുക്കുന്നത്.
ഗായികമാരായ അപര്‍ണ ഷിബു, സാറാ പീറ്റര്‍, സ്‌നേഹ വിനോയ്, നന്ദിത വെളുത്താക്കല്‍ എന്നീ യുവ പ്രതിഭകളാണ് ഈ വേദിയില്‍ നവനീതിനൊപ്പം അണിനിരക്കുന്നത്. ഫുള്‍ ഓക്കസ്ട്രയുടെ അകമ്പടിയോടെ ഒരുക്കുന്ന ഈ സംഗീത മേളയില്‍ കീബോര്‍ഡ് കൈകാര്യം ചെയ്യുന്നത് വിജു ജേക്കബാണ്. തബല – ലാല്‍ജി, ഡ്രംസ് -ജോയ്, ലീഡ് ഗിറ്റാര്‍- ക്ലമന്റ് തങ്കക്കുട്ടന്‍, ബേസ് ഗിറ്റാര്‍- വിനോയ് ജോണ്‍, വയലിന്‍ – ജോര്‍ജ് ദേവസി, ഫ്‌ളൂട്ട് – സതീഷ്.
ഈയിടെ ന്യൂയോര്‍ക്കിലെ ടൈസന്‍ സെന്ററില്‍ നടന്ന കാമ്പയിന്‍ കിക്ക് ഓഫ് വന്‍വിജയമായിരുന്നു. പ്ലാറ്റിനം സ്‌പോണ്‍സര്‍ ആന്റണി ജോസഫില്‍ (ലേയ്ക്ക് ലാന്‍ഡ് ക്രൂയിസ്- ആലപ്പുഴ)നിന്നും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റുവാങ്ങിക്കൊണ്ട് പ്രമുഖ വ്യവസായി പദ്മകുമാര്‍ കിക്ക്ഓഫ് ഉദ്ഘാടനം ചെയ്തു. സ്‌പോണ്‍സര്‍ഷിപ്പുകളും മറ്റ് പിന്തുണകളുമായി എഴുപത്തഞ്ചില്‍പ്പരം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. കുടിയേറ്റ ഭൂമിയില്‍ ഭാരതീയ കലകളും സംഗീതവും പ്രോത്സാഹിപ്പിക്കേണ്ടത് തിരിച്ചറിഞ്ഞ് പുതിയ തലമുറയിലെ പ്രതിഭാശാലികളെ കണ്ടെത്താനും, വളര്‍ത്താനും ഈ സംഘടന കഴിഞ്ഞ പത്തൊമ്പത് വര്‍ഷങ്ങളായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ഈ പരിപാടിയുടെ ചെലവുകള്‍ കഴിഞ്ഞുള്ള മുഴുവന്‍ തുകയും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് പ്രസിഡന്റ് സജി മാത്യു ചടങ്ങില്‍ പ്രത്യേകം എടുത്തുപറഞ്ഞു. കലാവേദി ഡോട്ട്‌കോമില്‍ കഴിഞ്ഞകാല ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.