ശ്രീ .എൻ .സി .മാത്യു.
ഒർലാണ്ടോ (ഫ്ലോറിഡ} : ഒർലാണ്ടോ സെൻറ് എഫ്രേം യാക്കോബായ സുറിയാനി പള്ളിയിൽ,
ആദിമസഭയിൽ രക്തസാക്ഷിയായിത്തീർന്ന സ്തേഫാനോസ് സഹദായുടെയും അന്ത്യോഖ്യാ പാത്രിയർക്കീസായി മലങ്കര സഭയ്ക്കുവേണ്ടി മരണം വരിച്ച മോർ അഹത്തുള്ള ബാവായുടേയും ഓർമ്മ ജാനുവരി 15 നു ഞായറാഴ്ച നടത്തപ്പെടുന്നു
ആദിമസഭയിൽ ശ്ലീഹന്മാരാൽ ശെമ്മാശന്മാരായി വാഴിക്കപ്പെട്ട ഏഴുപേരിൽ പ്രധാനിയായിരുന്നു മോർ സ്തേഫാനോസ് സമൂഹത്തിലെ പട്ടിണിപ്പാവങ്ങൾക്ക് ഭക്ഷണവും സഹായങ്ങളും എത്തിക്കുന്നതിന് മുന്നിട്ടിറങ്ങി .ഏഴ്‌ശെമ്മാശന്മാരിൽ മുതിർന്നവനായിരുന്ന മോർ സ്തേഫാനോസ് യഹൂദപാരമ്പര്യത്തിൽ വളർത്തപ്പെട്ടവനായിരുന്നു . ഇസ്രായേൽക്കാരുടെ അതിക്രമങ്ങളെക്കുറിച്ചു അവരെ ബോധവാന്മാരാക്കുന്നതിനും മോശയുടെ കാലത്തു ദൈവത്തിൽനിന്നകന്ന ദൈവജനത്തിനുണ്ടായ ശിക്ഷയെക്കുറിച്ചു അവരെ ഓർമിപ്പിച്ചുംകൊണ്ടു അദ്ദേഹം സന്നിധ്രി സംഘത്തോട് ചെയ്ത പ്രസംഗം പ്രസിദ്ധമാണ് .മോശയുടെ നിയമങ്ങളെ പൂർത്തീകരിക്കുവാനായി യേശുക്രിസ്തു വന്നു എന്ന് തന്റെ പ്രസംഗങ്ങളിലൂടെ സമർഥിച്ച മോർ സ്തേഫാനോസ് തൻ്റെ ശ്രോതാക്കളെ മുൻഗാമികളെപ്പോലെ പരിശുദ്ധാതമാവിനെ എതിർക്കുന്ന ഉറച്ചകഴുത്തിനുടമകളായവരെന്ന് സംബോധനചെയ്തു .ഇതെല്ലാം മോർ സ്തേഫാനോസിനോട് ജനങ്ങൾക്ക് വിരോധമുണ്ടാക്കുന്നതിനു കാരണമായി .അദ്ദേഹത്തെ കല്ലെറിഞ്ഞുകൊല്ലാൻ തീരുമാനിക്കുകയും കല്ലെറിയുന്നവരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുവാൻ ശൗൽ എന്ന ചെറുപ്പക്കാരൻ നിയോഗിതനാവുകയും ,ഈ ശൗൽ പിൽക്കാലത്തു മാനസാന്തരപ്പെട്ട് പൗലോസ് ആകുകയും ചെയ്തു . കല്ലേറുകൊള്ളുന്ന സമയത്തു സ്വർഗത്തിലേക്ക് നോക്കിയ മോർ സ്തേഫാനോസ് സ്വർഗം തുറന്നിരിക്കുന്നതും പുത്രൻ തമ്പുരാൻ പിതാവിൻറെ വലതുഭാഗത്ത് നിൽക്കുന്നതും കണ്ടതായി അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു കൃസ്തീയ സഭയിലെ ആദ്യ രക്തസാക്ഷിയായിത്തീർന്നു .
1599 ലെ ഉദയംപേരൂർ സുന്നഹദോസിനെത്തുടർന്നു സുറിയാനിസഭയെ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങിയ പോർട്ടുഗീസ് കാരിൽ നിന്നും മലങ്കര സഭയെ രക്ഷിക്കുവാൻ സ്വജീവൻ ത്യജിച്ച പിതാവാണ് അന്ത്യോക്യയുടെ പരി .പാത്രിയർക്കീസ് ആയിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ് ഹിദായത് അള്ളാ അഥവാ അഹത്തുള്ള ബാവ .1586 ഇൽ ദയറാ ജീവിതം ആരംഭിച്ച പരി പിതാവ് 1595 ൽ മെത്രാപ്പോലീത്തയായും 1597 ൽ മഫ്രിയാനയായും അതെ വര്ഷം തന്നെ അന്ത്യോക്യായുടെ നൂറ്റിരണ്ടാമത്തെ പരി .പാത്രിയർക്കീസ് ബാവയായും വാഴിക്കപ്പെട്ടു .1639 ൽ ഈജിപ്തിലെ കേയ്‌റോയിൽ സുറിയാനി ക്രിസ്ത്യാനികളെ സന്ദർശിക്കാൻ പോയ പരി .പിതാവ് അലക്സാൻഡ്രിയൻ പാത്രിയർക്കീസിനെ കാണുകയും അന്ത്യോഖ്യ സിംഹാസനവുമായ സൗഹൃദത്തിലായിരുന്ന അലക്സാൻഡ്രിയൻ പാത്രിയർക്കീസ് മലങ്കരയിൽനിന്നും വഴിതെറ്റിവന്ന ഒരു എഴുത്തു പരി .പിതാവിനെ കാണിക്കുകയും ചെയ്തു .പ്രസ്തുത എഴുത്തിൽനിന്നും മലങ്കരയിലെ പീഡനങ്ങളുടെയും സുറിയാനിസഭയുടെയും ദൈന്യാവസ്ഥ പരി പിതാവ് മനസ്സിലാക്കുകയും മെത്രാന്മാരില്ലാതെ വിഷമിക്കുന്ന മലങ്കര സഭയെ രക്ഷിക്കുവാൻ സ്വയം ഇറങ്ങി പുറപ്പെടുകയും ചെയ്തു . 1652 ഇൽ കറാച്ചി വഴി മൈലാപ്പൂരിലെത്തിയ പരി .പിതാവിനെ പോർട്ടുഗീസ് അധികാരികൾ തടവിലാക്കുകയും ചെയ്തു .മൈലാപ്പൂരിൽ വി .തോമാശ്ലീഹായുടെ കബറിടത്തിൽ തീർഥാടനത്തിനുപോയി മടങ്ങി വരുന്ന രണ്ടു സുറിയാനി ക്രിസ്ത്യാനികളായ ശെമ്മാശന്മാരെ കണ്ടുമുട്ടുകയും താൻ അന്ത്യോക്യയുടെ പാത്രിയർക്കീസ് ആണെന്നും മലങ്കരയിലെ സുറിയാനിക്രിസ്ത്യാനികളുടെ രക്ഷക്കായാണ് വന്നത് എന്നും അറിയിച്ചു .വാർത്ത കാട്ടുതീപോലെ മലങ്കരയിൽ പടരുകയും പരി .പിതാവിനെ രക്ഷിക്കണമെന്ന് മലങ്കര സുറിയാനിക്രിസ്ത്യാനികൾ ഒന്നടങ്കം തീരുമാനിക്കുകയും ചെയ്തു .അങ്ങനെയിരിക്കെ പരി .പിതാവിനെയും വഹിച്ചുകൊണ്ട് ഗോവയിലേക്ക് പോകുന്ന കപ്പൽ കൊച്ചി തുറമുഖത്തു അടുത്തിരിക്കുന്നു എന്ന വാർത്ത പരക്കുകയും ഏകദേശം 25000 സുറിയാനി ക്രിസ്ത്യാനികൾ കൊച്ചികോട്ടവളയുകയും ചെയ്തു .ക്രൂരരായ പോർച്ചുഗീസ് ഭരണാധികാരികൾ പരി പിതാവിനെ കഴുത്തിൽ കല്ലുകെട്ടി അറബിക്കടലിൽ തള്ളിയിട്ടു മുക്കികൊല്ലുകയും ചെയ്തു .ഇതിനെതുടന്നു രോഷാകുലരായ സുറിയാനിക്രിസ്ത്യാനികൾ മട്ടാഞ്ചേരിയിലെ കുരിശിന്മേൽ നാലുദിക്കിലേക്കും കയർ വലിച്ചുകെട്ടി അതിൽ തൊട്ടുകൊണ്ടു ”ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഉള്ളിടത്തോളം കാലം റോമാ നുകത്തിനു കീഴ്പ്പെടില്ലെന്നും ആയുഷ്കാലം മുഴുവൻ അന്ത്യോഖ്യ സിംഹാസനത്തിനു കീഴ്‌പ്പെട്ടു ജീവിക്കുമെന്നും” ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടെ നേതൃത്വത്തിൽ 1653 ജനുവരി 3 -)O തീയതി സത്യം ചെയ്തു .ഇതു കൂനൻ കുരിശു സത്യം എന്ന നാമത്തിൽ സഭാചരിത്രത്തിൽ തിളങ്ങി നിൽക്കുന്നു .യേശു ക്രിസ്തു മാനവകുലത്തിനുവേണ്ടി സ്വന്ത ജീവൻ ത്യജിച്ചതുപോലെ സുറിയാനി സഭാ മക്കൾക്ക് വേണ്ടി സ്വന്തജീവൻ സമർപ്പിച്ച പരിശുദ്ധ പിതാവ് സഭാ ചരിത്രത്തിൽ എന്നും ഒരു രക്ഷകനായി അനുസ്മരിക്കപ്പെടും .
15 ന് ഞായറാഴ്ച പതിനൊന്നുമണിക്കു റവ .ഫാ ബെന്നി ജോർജ് ൻറെ കാർമ്മികത്വത്തിൽ പ്രഭാതപ്രാർത്ഥന,വി .കുർബാന ,മധ്യസ്ഥപ്രാർത്ഥന എന്നിവ നടത്തപ്പെടുന്നു .തുടർന്ന് കൈമുത്ത് നേർച്ചവിളമ്പ് എന്നിവയോടുകൂടി ഓർമ്മ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും
.കൂടുതൽ വിവരങ്ങൾക്ക് റവ .ഫാ .പോൾ പറമ്പാത്ത്(വികാരി ) (6103574883 ),
ശ്രീ .ബിജോയ് ചെറിയാൻ (ട്രെസ്റ്റി) (4072320248 ) ,
ശ്രീ .എൻ .സി .മാത്യു (സെക്രട്ടറി )(4076019792 )