ജോൺസൺ ചെറിയാൻ.
തൃശൂർ : 24 വർഷം പൂരത്തിന് ഇലഞ്ഞിത്തറ മേളം പ്രമാണിയായിരുന്ന പെരുവനം കുട്ടൻമാരാരെ പ്രമാണി സ്ഥാനത്തു നിന്നു പാറമേക്കാവ് ദേവസ്വം മാറ്റി. കിഴക്കൂട്ട് അനിയൻ മാരാരായിരിക്കും ഈ വർഷത്തെ ഇലഞ്ഞിത്തറ പ്രമാണി. കഴിഞ്ഞ വെള്ളിയാഴ്ച പാറമേക്കാവ് വേലയ്ക്കു ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ചപ്പോൾ മേള നിരയിലുണ്ടായ തർക്കമാണ് ഈ കൊട്ടിക്കലാശത്തിലെത്തിയത്.1971ൽ പാറമേക്കാവ് മേളനിരയിലെത്തിയ കുട്ടൻ മാരാർ 51 വർഷവും പാറമേക്കാവിലാണു കൊട്ടിയത്.
24 വർഷമായി പ്രമാണിയാണ്. കഴിഞ്ഞ പൂരക്കാലത്തും ചെറിയ തർക്കമുണ്ടായിരുന്നെങ്കിലും അത് പറഞ്ഞുതീർത്തു. ദേവസ്വം നൽകിയ പട്ടികയിൽ ഇല്ലാതിരുന്ന ഒരാളെ മുൻനിരയിൽ കയറ്റിനിർത്തി കൊട്ടിക്കാൻ തീരുമാനിച്ചതാണു പ്രശ്നമായത്. ഇത് ആശയവിനിമയത്തിലെ അപാകതയായിരുന്നെന്നും താൻ ഇക്കാര്യത്തിൽ വാശി പിടിച്ചിട്ടില്ലെന്നും കുട്ടൻ മാരാർ പറഞ്ഞു.ദേവസ്വത്തിന്റെ പത്രക്കുറിപ്പിൽ കുട്ടൻമാരാരെ മാറ്റാനുള്ള കാരണം പറയുന്നില്ല.38 വർഷം പാറമേക്കാവിനു കൊട്ടിയ ശേഷം 98ലാണ് പടിയിറങ്ങിയത്. സീനിയറായ അദ്ദേഹത്തെ തഴഞ്ഞു പ്രമാണിയെ നിശ്ചയിച്ചതോടെയായിരുന്നു ഇത്.തുടർന്നു 12 വർഷം പൂരത്തിനു കൊട്ടാതിരുന്ന അദ്ദേഹം 2011ൽ തിരുവമ്പാടി പ്രമാണിയായി തിരിച്ചെത്തി. 77 വയസ്സുള്ള കിഴക്കൂട്ട് കേരളത്തിലെ മിക്ക പ്രമുഖ ക്ഷേത്രങ്ങളിലും പ്രമാണിയായിരുന്നിട്ടുണ്ട്.