കൊച്ചി : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് (ഐപിസിഎൻഎ) മാധ്യമ പുരസ്‌കാര നിശ കൊച്ചി ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായി അരങ്ങേറി.
ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള മലയാളി പത്രപ്രവർത്തകർക്കുള്ള ആദരവ് എന്നതാണ് ഈ അവാർഡ് ചടങ്ങിന്റെ സവിശേഷത. മലയാള ഭാഷയിൽ സമാനതകളില്ലാത്തതും ഏറ്റവും വലിയ സമ്മാനത്തുകയുള്ളതുമായ പുരസ്കാരം എന്നതും മറ്റൊരു പ്രത്യേകത.
പതിവ് പുരസ്‌കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി നാല് മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിച്ചതും സായാഹ്നത്തെ ഹൃദ്യമാക്കി. റേഡിയോ ജേർണലിസത്തിനും ഇത്തവണ അവാർഡ് ഏർപ്പെടുത്തിയതാണ് മുൻ വർഷങ്ങളെ അപേക്ഷിച്ചുണ്ടായ ശ്രദ്ധേയമായ മാറ്റം.
നൃത്തരൂപത്തിലുള്ള പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. എം.ജി ശ്രീകുമാർ, യുവഗായകൻ മിഥുൻ എന്നിവർ ഒരുക്കിയ സംഗീതവിരുന്നും അവാർഡ് നിശയ്ക്ക് പകിട്ടേകി.
മുഖ്യാതിഥികളായ മന്ത്രി എം.ബി.രാജേഷ്, എം.എൽ.എമാരായ ടി.ജെ.വിനോദ്, അൻവർ സാദത്ത്, റോജി എം.ജോൺ, മാത്യു കുഴൽനാടൻ എന്നിവർക്ക് പുറമെ ഡോ. മാത്യു ബെർണാഡ്, സുനിൽകുമാർ, ഫാ. ഡേവിസ് ചിറമേൽ, ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, പോൾ കറുകപ്പള്ളി, സജിമോൻ ആന്റണി, തോമസ് തോമസ്, ഫിലിപ്പോസ് ഫിലിപ്പ്, അലക്സ് വിളനിലം, ജെയ്‌ബു കുളങ്ങര, തുടങ്ങി പ്രസ് ക്ലബുമായി അടുത്ത ബന്ധം പുലർത്തുന്നവരും നിറസാന്നിധ്യമായി.
മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, മനോരമ വീക്കിലി മുൻ എഡിറ്റർ കെ.എ. ഫ്രാൻസിസ്, ഇന്ത്യ ടുഡേ മലയാളം എഡിറ്റർ പി.എസ. ജോസഫ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ, ഗൾഫ് ഡെയ്‌ലി മുൻ ഡെപ്യുട്ടി എഡിറ്റർ പി/പി. മാത്യു, മനോരമ ന്യൂസ് എഡിറ്റർ ജോണി ലൂക്കോസ്, കൈരളി ന്യൂസ് എക്സികുട്ടീവ് എഡിറ്റർ ശരത്ത്, എന്നിങ്ങനെ മാധ്യമരംഗത്തെ പ്രമുഖരും ചടങ്ങിനെ ധന്യമാക്കി.
ബെസ്റ്റ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിനുള്ള അവാർഡ് ഏഷ്യാനെറ്റ് ന്യൂസിന്റെ ജോഷി കുര്യന് എം എൽ എ സനീഷ് ജോസഫ് സമ്മാനിച്ചു. പ്രവാസികളായി അമേരിക്കയിൽ ചെന്ന് പത്രമാധ്യമരംഗത്തും സാമൂഹിക മേഖലയിലും പ്രവർത്തിക്കുന്നവർക്ക് എംഎൽഎ ആശംസ നേർന്നു. അമേരിക്കൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രീമിയർ എക്സ്ചേഞ്ച് ഇന്റർനാഷണൽ വിസിറ്റർസ് പ്രോഗ്രാമിന് അർഹത നേടിയ കട്ടപ്പനക്കാരനാണ് ജോഷി കുര്യൻ. 20 വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ തുടക്കം രാഷ്ട്ര ദീപികയിൽ നിന്നും മംഗളത്തിൽ നിന്നുമാണ്. അന്വേഷണാത്മക പത്രപ്രവർത്തനത്തിന് സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.
ബെസ്റ്റ് ഔട്‍സ്റ്റാൻഡിങ് പെർഫോമൻസ് ഇൻ ജേർണലിസത്തിനുള്ള അവാർഡ് മലയാള മനോരമയിലെ സുജിത്ത് നായർ മന്ത്രി എം.ബി. രാജേഷിൽ നിന്ന് ഏറ്റുവാങ്ങി.മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഈ രംഗത്തുണ്ട്. മനോരമയുടെ രാഷ്ട്രീയ ലേഖകൻ എന്ന നിലയിൽ വായനക്കാർക്ക് സുപരിചിതനാണ്. മനോരമയുടെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ നേടിയിട്ടുമുണ്ട്.
തോമസ് ജേക്കബിനെപ്പോലെ വഴികാട്ടികളായ ഗുരുക്കന്മാർ മുന്നിൽ നിൽക്കെ പ്രൗഢഗംഭീരമായ സദസ്സിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങാൻ സാധിച്ചതിലെ സന്തോഷം സുജിത്ത് നായർ അവാർഡ് ഏറ്റുവാങ്ങുമ്പോൾ എടുത്തുപറഞ്ഞു. പുരസ്കാരങ്ങൾ മുന്നോട്ടുള്ള കുതിപ്പിന് പ്രചോദനമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മറ്റു രാജ്യത്തുള്ള മാധ്യമപ്രവർത്തകർ കേരളത്തിലുള്ളവരെ അംഗീകരിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കും.
പൊളിറ്റിക്കൽ റിപ്പോർട്ടിങ് ആൻഡ് സ്പോർട്സ് ജേർണലിസത്തിൽ മികവ് തെളിയിച്ച
മാതൃഭൂമിയിലെ പി.പി.ശശീന്ദ്രൻ എക്സലൻസ് ഇൻ ജേർണലിസത്തിനുള്ള അവാർഡ് സ്വീകരിച്ചു.
ഫീച്ചർ റൈറ്റിംഗിനുള്ള അവാർഡിന് മെട്രോ മനോരമ, കേരള കൗമുദി, മംഗളം, ദേശാഭിമാനി, മാധ്യമം, എന്നീ മാധ്യമങ്ങളിൽ പ്രവർത്തിച്ച സീമ മോഹൻലാൽ (സബ് എഡിറ്റർ, രാഷ്ട്രദീപിക) അർഹയായി. സ്ത്രീകളുടെ ഒറ്റയാൾ പോരാട്ടങ്ങളും സ്ത്രീധന പീഡനങ്ങളും അനാഥബാല്യങ്ങളും അന്യഭാഷാതൊഴിലാളികളുടെ പ്രശ്നങ്ങളും പോലെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ ജനസമക്ഷം എത്തിച്ച മികവിനാണ് അംഗീകാരം.
ബെസ്റ്റ് ഫോട്ടോ ജേർണലിസ്റ്റിനുള്ള പുരസ്കാരം വിൻസന്റ് പുളിക്കൽ നേടി. യഥാർത്ഥ സംഭവങ്ങളുടെ നേർക്കാഴ്ചകൾ മികവുറ്റ ഫോട്ടോകളിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിച്ചതിനാണ് അവാർഡ്.
റേഡിയോ ജേർണലിസത്തിനുള്ള അവാർഡ് ചിറയിൻകീഴ് സ്വദേശി ഷാബു കിളിത്തട്ടിൽ (96.7 എഫ് എം ) സ്വന്തമാക്കി. അദ്ദേഹം തന്റെ പുരസ്കാരം എല്ലാ പ്രവാസി മലയാളികൾക്കുമായി സമർപ്പിച്ചു.
ബെസ്റ്റ് ടെലിവിഷൻ ആങ്കർ അവാർഡിന് ചടുലമായ അവതരണശൈലിയിലൂടെ ജനശ്രദ്ധ നേടിയ സ്‌മൃതി പരുത്തിക്കാട് അർഹയായി. കൈരളിയിലൂടെ ഹരിശ്രീ കുറിച്ച സ്‌മൃതീയുടെ മാധ്യമ ജീവിതം ഇന്ത്യാവിഷനിലൂടെയും മനോരമ ന്യൂസിലൂടെയും റിപോർട്ടറിലൂടെയും മാതൃഭൂമി ന്യൂസിലൂടെയും കത്തിക്കയറി. ഇന്ന് മീഡിയ വണ്ണിൽ എത്തിനിൽക്കുകയാണ്.
മാധ്യമപ്രവർത്തകർ വിമർശനവിധേയരാകുന്ന കാലത്ത് പ്രഗത്ഭർ അടങ്ങുന്ന ജൂറി നൽകുന്ന അവാർഡിന് അർഹത നേടിയതിൽ അഭിമാനമുണ്ടെന്ന് സ്‌മൃതി പറഞ്ഞു.
ഐപിസിഎൻഎ യുടെ പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, പ്രസിഡന്റ് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ എന്നിവരാണ് പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി പ്രവർത്തിച്ചത്.