Thursday, June 13, 2024
HomeAmericaഡീക്കൻ കെവിൻ മുണ്ടക്കലിന്റെ പൗരോഹിത്യ സ്വീകരണം മെയ് 5 -ന് സോമർസെറ്റ്‌ സെൻറ്‌ തോമസ് സീറോ...

ഡീക്കൻ കെവിൻ മുണ്ടക്കലിന്റെ പൗരോഹിത്യ സ്വീകരണം മെയ് 5 -ന് സോമർസെറ്റ്‌ സെൻറ്‌ തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ.

സെബാസ്റ്റ്യൻ ആൻ്റണി.
“എന്നാൽ അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്റെ കൃപ മതി; എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്റെ ശക്തി എന്റെ മേൽ ആവേശിക്കേണ്ടതിനു ഞാൻ പൂർവാധികം സന്തോഷത്തോടെ എന്റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും”(2 കൊറിന്തോസ് 12 :9)
ന്യൂജേഴ്‌സി : ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാർത്ഥി ഡീക്കൻ കെവിൻ മുണ്ടക്കലിന്റെ പൗരോഹിത്യ സ്വീകരണം മെയ് 5-ന് നടക്കും. വൈകീട്ട് 2.30 ന് ന്യൂജേഴ്‌സിയിലെ സെൻറ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോന ദേവാലയത്തിൽ നടക്കുന്ന ചടങ്ങിൽ ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിൽ നിന്നും കെവിൻ വൈദീക പട്ടം സ്വീകരിക്കും. ചടങ്ങിൽ സഹായ മെത്രാൻ ജോയ് ആലപ്പാട്ട്‌ സന്നിഹീതനായിരിക്കും.
ഫാ. ജോസ് കണ്ടത്തിക്കുടി(വികാർ. ബ്രോങ്ക്സ് സെൻറ്‌ തോമസ് സിറോ മലബാർ ദേവാലയം), ഫാ. റോയ്‌സൺ മെനോലിക്കൽ (അസി. വികാർ), ഫാ. പോൾ ചാലിശ്ശേരി (വൊക്കേഷൻ ഡയറക്ടർ), ഫാ.വിനോദ് മഠത്തിപ്പറമ്പിൽ(വൊക്കേഷൻ ഡയറക്ടർ 2010-2016), ഫാ. ഫ്രാൻസിസ് അസ്സിസി (ഓ.ഐ.സി) എന്നിവരും മറ്റു ഇടവക കളിൽ നിന്നുള്ള വൈദീകരും, സിസ്റ്റർമാരും, ഇടവകാംഗങ്ങളും പങ്കെടുക്കും.
ബ്രോങ്ക്സ് സെൻറ്‌ തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയ ഇടവകാംഗവും, ചമ്പക്കുളം മുണ്ടക്കൽ കുടുംബാംഗമായ മുണ്ടക്കൽ ടോം – വത്സ ദമ്പതികളുടെ മൂന്ന് മക്കളിൽ രണ്ടാമനാണ് കെവിൻ. ന്യൂയോർക്കിലെ ഹത്തോൺ ഹോളി റോസരി ദേവാലയത്തിൽ വെച്ചായിരുന്നു കെവിൻറെ ആദ്യ കുർബാന സ്വീകരണം.
ന്യൂയോർക്കിലെ വെസ്റ്റ് ലേക് സ്‌കൂളിൽനിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കെവിൻ 2010 ഓഗസ്റ്റിലാണ് ദൈവവിളി സ്വീകരിച്ച് ന്യൂയോർക്കിലെ യോങ്കേഴ്സിലുള്ള സെൻറ് ജോസഫ് മൈനർ സെമിനാരിയിൽ പഠനം ആരംഭിച്ചത്.
തുടർന്ന് 2011 ൽ പഠനം ഷിക്കാഗോയിലുള്ള സെൻറ്‌ ജോസഫ് കോളജ് സെമിനാരിയിലേക്ക് മാറ്റി. പിന്നീട് 2014 -ൽ റോമിലുള്ള ഇന്റർനാഷണൽ പൊന്തിഫിക്കൽ കോളേജ് മരിയ മാറ്റർ എക്ലെസിയേഷനിൽ ചേർന്ന് പഠനം തുടരുമ്പോഴാണ് കെവിന് ഡീക്കന് പട്ടം സ്വീകരിക്കുന്നതിനുള്ള ദൈവനിയോഗം കൈവന്നത്.
ഡീക്കൻ പട്ടത്തിനു ശേഷം, ആറു മാസം ആലുവയിലുള്ള മംഗലപ്പുഴ മേജർ സെമിനാരിയിൽ സീറോ മലബാർ ആരാധനാ ക്രമവും, നിയമങ്ങളും ഇടവക ഭരണത്തിലുമുള്ള പരിശീലനവും പൂർത്തിയാക്കി.
എട്ട് വർഷത്തെ സെമിനാരി പഠനത്തിനു ശേഷം ഇന്ന് കർത്താവിൻറെ അഭിഷിക്തനായി
അജപാലന ദൗത്യവുമായി പൌരോഹിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ഡീക്കൻ കെവിൻ ദൈവവിളിയുടെ മറ്റൊരു സാക്ഷ്യം കൂടിയായി മാറുകയാണ്.
ന്യൂയോർക്കിൽ ജനിച്ചു വളർന്ന കെവിൻ ചെറുപ്രായം മുതൽ സഭയുടെ ആത്മീക കാര്യങ്ങളിൽ താൽപര്യവും ഉത്സാഹവും വച്ചുപുലർത്തിയിരുന്നു. ബ്രോൺസ് ദേവാലയത്തിൽ അൾത്താര ബാലനായി തുടങ്ങി ഇന്ന് പൗരോഹിത്യ ശുസ്രൂഷക്കു തയ്യാറായി നിൽക്കുമ്പോൾ മാതൃ ദേവാലയത്തിലെ ഇടവകാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും, പ്രത്യകിച്ചും ആത്മീയ ഗുരുക്കന്മാരുടെയും പ്രാർത്ഥനകൾ നന്ദിയോടെ സ്മരിക്കുകയും, ദൈവത്തിന് നന്ദി പറയുകയാണ് കെവിൻ.
കെവിൻറെ മാതൃക പിന്തുടർന്ന്, ഷിക്കാഗോ സീറോ മലബാർ രൂപതയിൽ നിന്നും പതിനൊന്നു തദ്ദേശികളായ മലയാളി കുട്ടികൾ, ദൈവവിളി സ്വീകരിച്ചു വിവിധ സെമിനാരികളിലായി പഠിച്ചു വരുന്നു. ഇതിൽ രണ്ടു പേർ ബ്രോങ്ക്സ് ഇടവകയിൽ നിന്നുള്ളവരാണ് എന്നുള്ളത് ബ്രോൺസ് ഇടവക സമൂഹത്തിനും, അഭിമാനം പകരുന്നു.
മെയ് 5-ന് വൈകീട്ട് 2.30 ന് ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോന ദേവാലയത്തിൽ നടക്കുന്ന പൗരോഹിത്യ സ്വീകരണ ചടങ്ങുകളിൽപങ്കു ചേർന്ന് ദൈവത്തിനു നന്ദിയർപ്പിക്കാനും, ചടങ്ങുകൾ വിജയപ്രദമാക്കിത്തീർക്കാനും എല്ലാ ഇടവകാംഗങ്ങളെയും, സുഹൃത്തുക്കളെയും, ഇടവക വികാരി ബഹു . ലിഗോറി ജോൺസൻ ഫിലിപ്സ് സ്നേഹത്തോടെ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്,
തോമസ് ചെറിയാൻ പടവിൽ (908) 906-1709, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 978-9828, മേരീദാസന്‍ തോമസ് (ട്രസ്റ്റി) (201) 912-6451, ജസ്റ്റിന്‍ ജോസഫ് (ട്രസ്റ്റി) (732) 762-6744, സാബിന്‍ മാത്യു (ട്രസ്റ്റി) (848) 391-8461.
Address: 508 Elizabeth Ave, Somerset, NJ 08873
വെബ്:www.Stthomassyronj.org
RELATED ARTICLES

Most Popular

Recent Comments