Friday, April 19, 2024
HomePoemsമുലപ്പാൽ ചുരത്താത്ത അമ്മ. (കവിത)

മുലപ്പാൽ ചുരത്താത്ത അമ്മ. (കവിത)

മുലപ്പാൽ ചുരത്താത്ത അമ്മ. (കവിത)

മധു വി മാടായി.

പന്ത്രണ്ടു മക്കൾക്കുമമ്മയായെങ്കിലും
മുലപ്പാൽ ചുരത്താത്തൊരമ്മയല്ലൊനീ !
കൊട്ടിയടച്ചു നീ കാന്തന്റെ ആജ്ഞക്കു-
മുന്നിലായ് നിന്നിലെ മാതൃസ്നേഹം.
പെറ്റ വയറിന്റെ രോദനം കേൾക്കാത്തൊ –
രച്ഛനായ് വരരുചി മുന്നിൽ നടക്കെ
കാന്തന്റെ കാലടിപ്പാടുകൾ പിൻതുടർ-
ന്നൊപ്പം നടന്നവൾ പഞ്ചമി നീ.
വായുള്ള മക്കൾക്ക് ഇരനല്കുമീശനെ –
ന്നോതിയ താതന്റെ വാക്കിൽ പിടഞ്ഞു നീ
വഴിയിലുപേക്ഷിച്ചു പൊക്കിൾക്കൊടിതൻ
ആത്മബന്ധങ്ങളെ;പിൻതിരിയാതെ !
പിഞ്ചിളം രോദനം കേൾക്കാം പിന്നിലായ്
മക്കൾ പലവഴി പതിനൊന്നു പേർ.
തുടരുമാ യാത്രയിൽ മറ്റൊരു കുഞ്ഞിനായ്
ജന്മമേകുന്നു ഭാഗ്യഹീനയാം പെണ്ണവൾ
ഓർമ്മകൾ മനസ്സിന്റെ വിങ്ങലായ് മാറവെ
വായില്ല കുഞ്ഞിനെന്നോതുന്നു കൈതവം !
എങ്കിലാ മകനെ യെടുത്തു കൊള്ളു;യെന്ന്-
നിസ്സംഗനായ് ചൊല്ലുന്നു താതൻ വരരുചി.
ഏറെ നടന്നില്ല; ദാഹം പെരുത്തുണ്ണി
കരയുന്നു വല്ലൊ ഉച്ചത്തിലായ്
മാറോടു ചേർത്തവൾ കുഞ്ഞിനെയെങ്കിലും
ചുണ്ടു പിളർക്കുവാനാകാതെയുണ്ണി
പിടയുന്നു അമ്മ തൻ മടിയിലായ്;നിശ്ചലം-
പൊലിയുന്നു ജീവന്റെ സ്പന്ദനങ്ങൾ !
മകനേ പൊറുക്കുക; അമ്മതൻ തെറ്റിന്
ശിക്ഷയായ് ദൈവം ശപിച്ചുവോ നിന്നെ.
വിധിഗതി മാറ്റുവാൻ വരരുചി അന്നെന്റെ
തലയിൽ തറച്ചൊരാ കാരമുള്ളിൻ
വേദനയെന്തെന്നറിയുന്നു ഞാനിന്ന്
മാതൃദു:ഖത്തിലെരിയുന്നു മകനേ
പന്ത്രണ്ടു മക്കൾക്കു മമ്മയായെങ്കിലും
മുലപ്പാൽ ചുരത്താത്തൊരമ്മയല്ലൊ ഞാൻ !

 

RELATED ARTICLES

Most Popular

Recent Comments