Friday, April 26, 2024
HomeLifestyleകവിതകളിൽ കാഞ്ഞിരം നട്ടുവളർത്തി ഒരാള്‍ നമ്മെ കടന്നുപോയിട്ട് ഏഴുവർഷം.

കവിതകളിൽ കാഞ്ഞിരം നട്ടുവളർത്തി ഒരാള്‍ നമ്മെ കടന്നുപോയിട്ട് ഏഴുവർഷം.

കവിതകളിൽ കാഞ്ഞിരം നട്ടുവളർത്തി ഒരാള്‍ നമ്മെ കടന്നുപോയിട്ട് ഏഴുവർഷം.

ജയശങ്കര്‍ പിള്ള.
മണ്ണിൽ നിന്നും ജനിച്ച മനുഷ്യൻ മണ്ണ് തന്നെ ആണെന്നും,ഭൂമിയിലെ ഓരോ തരിയും,കാൽ ചുവടും മാത്രമാണ് യഥാർത്ഥ വീട് എന്ന അർത്ഥ ഗര്ഭമായ സത്യം ലോകത്തോട് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു ആ സത്യം കടന്നു പോയി.ജീവിക്കാൻ വേണ്ടി കവിതകൾക്ക് ജന്മം നൽകുകയും,സ്വന്തം ജീവിതം തന്നെ കവിത ആക്കുകയും ചെയ്ത ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു ശ്രീ ആയ്യപ്പൻ.
മലയാള സാഹിത്യത്തിന് നഷ്ടങ്ങളുടെ പട്ടികയിലേക്ക് പേര് നൽകി അദ്ദേഹം കടന്നു പോയിട്ട് ഇന്ന് ഏഴ് വർഷം.  അയ്യപ്പൻ എന്ന കവിക്ക് മലയാളികൾ നൽകിയ പേരുകൾ നിരവധി ആണ്,നിഷേധി,താന്തോന്നി,വകവയ്‌പില്ലാത്തവൻ ..അങ്ങിനെ പലതും.പക്ഷെ കൂട്ടം തെറ്റി നടന്നു കാടും കൂടും ഇളക്കിയ സത്യങ്ങൾ,മലയാളികൾ മറയ്ന്നതും,മറന്നു കൊണ്ടിരിക്കുന്നതുമായ സത്യങ്ങൾ ആയിരുന്നു അദ്ദേഹത്തിന് നമ്മോടു പറയുവാൻ ഉണ്ടായിരുന്നത്.ഒരു പക്ഷെ ലോകം മുഴുവൻ,സാഹിത്യലോകത്തെ ചിലർ അദ്ദേഹത്തെ തള്ളി പറഞ്ഞു എങ്കിലും ആ ശരികൾ ഇന്നും സ്ഥായിയായി ജീവിക്കുന്നു.
അദ്ദേഹത്തിന്റെ കവിതകൾ ചിലപ്പോൾ പ്രണയവും,ദേഷ്യവും,കാട്ടരുവി പോലെ സംഗീതം പൊഴിക്കുന്നത്,വിപ്ലാവാത്മകവും,കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നതും,ശാന്തമായ തീരം പോലെയും ഒക്കെ ആണ്.കവിതയുടെ തടവറയിലെ ജീവപര്യന്ത തടവുകാരൻ ന്റെ
“”ശരീരം നിറയെ മണ്ണും
മണ്ണ്‌ നിറയെ രക്തവും
രക്തം നിറയെ കവിതയും
കവിത നിറയെ കാല്‍പാടുകളുള്ളവന്‍”
ആയിരുന്നു അയ്യപ്പൻ
മലയാള സാഹിത്യകാരന്മാർ എല്ലാവരും പ്രണയത്തിനു പനിനീർ പൂവും,പിച്ചിയും ചെമ്പകവും കൊണ്ട് സൗരഭ്യം നൽകിയപ്പോൾ അയ്യപ്പൻ മാത്രം കാഞ്ഞിരം കൊണ്ട് പ്രണയം തീർത്തു.കാഞ്ഞിരം പൂക്കുന്ന കവിതകളിലെ പ്രണയത്തിനു എന്നും കയ്പ് മാത്രമാണെന്നും അദ്ദേഹം തുറന്നെഴുതി.
“എണ്റ്റെ കവിത എന്നോട്‌ ചോദിച്ചു
എന്തിനാണ്‌ നിണ്റ്റെ കവിതയില്‍
കാഞ്ഞിരം വളര്‍ത്തുന്നത്‌
ചൂരലടയാളം തുടിപ്പിക്കുന്നത്‌
നിണ്റ്റെ വരികള്‍ക്കിടയിലെ
മയില്‍പീലികള്‍ പെറാത്തതെന്ത്‌?”
ഈ വരികളിൽ ഒരിക്കലും ഒരു പ്രണയിക്കുമുന്നിലും തോൽക്കാത്ത കവിയുടെ മനസ്സ് വരച്ചു കാട്ടുന്നു.അദ്ദേഹത്തിന്റെ ഇഷ്ട പ്രണയിനി കവിത മാത്രമായിരുന്നു.ജീവിക്കാൻ വേണ്ടി കവിതകൾ രചിച്ചു കവിതകൾക്ക് വേണ്ടി മാത്രം ജീവിച്ച ഏക കവിയും ഒരു പക്ഷെ അദ്ദേഹം മാത്രമായിരിക്കാം.
ജീവിതത്തില്‍ കയ്പ്‌ മാത്രം അറിഞ്ഞു വളര്‍ന്നതിനാലാകണം തന്റെ ഓരോ സൃഷ്ടിയിലും കാഞ്ഞിരം മണക്കുന്നു എന്നദ്ദേഹം പറഞ്ഞത്.
“നോവുകൾ എല്ലാം പൂവുകൾ ആണെന്നും”,”മുറിവുകളുടെ വസന്തം ആണ് ജീവിതം” എന്നും അദ്ദേഹം മനസ്സ് നിറഞ്ഞു പാടി.
വിവാഹവും,കുടുംബവും,ബന്ധുക്കളും,വീടും ഒന്നും അയ്യപ്പന് വശമില്ലായിരുന്നു.
“മഴവില്ലു വീണ തടാകത്തില്‍
മരിച്ചുപൊങ്ങുന്നനുദിനം”
മരിച്ചുപൊങ്ങുമ്പോള്‍ പോലും അത്‌ മഴവില്ലു വീണ തടാകത്തിലാവണമെന്ന്‌ നിര്‍ബ്ബന്ധമുണ്ടായിരുന്ന അയ്യപ്പന് . പീഡനപര്‍വ്വത്തില്‍ ഒന്നിക്കുന്നവരാണ്‌ പ്രണയിനികൾ . കുടുംബം എന്ന വ്യവസ്ഥയോട്‌ ചേര്‍ന്നല്ലാതെ പ്രണയത്തെ കാണാന്‍ നമുക്ക്‌ കഴിയാറില്ല. ഈ വ്യവസ്ഥയോട്‌,ഉടമ്പടിയോട് അയ്യപ്പൻ ഇങ്ങനെ ഇങ്ങനെ എഴുതി..”പുഴയിൽ ഒഴുകാത്ത കല്ലാണ് വിവാഹം”
മറ്റൊരിടത്ത്‌ ഇങ്ങനെ എഴുതുന്നു,
“പെണ്ണൊരുത്തിക്ക്‌ മിന്ന്‌ കൊടുക്കാത്ത
കണ്ണുപൊട്ടിയ കാമമാണിന്നും ഞാന്‍”
“വിഛേദിക്കപ്പെട്ട വിരലാണവള്‍
നഷ്ടപ്പെട്ടത്‌ എണ്റ്റെ മോതിരക്കൈ”
“ഇന്ന്‌ നിന്നിലൂടെ
സമുദ്രത്തെ സ്വപ്നം കാണുകയാണ്‌ ഞാന്‍. “
സ്വന്തം ജീവിതത്തിലും,കവിതകളിലും അദ്ദേഹം ഒന്നും കെട്ടി പൊക്കിയില്ല.ഒരു യഥാർത്ഥ ജീവിതം യാഥാർഥ്യത്തോടെ എഴുതി തീർക്കുകയായിരുന്നു അയ്യപ്പൻ.കവിതയിലും,ജീവിതത്തിലും കലാപത്തിന്റെ കാൽപാടുകൾ തീർത്തു.സത്യത്തിന്റെ കഴുത്തു ഞെരിക്കുന്ന അസത്യങ്ങൾക്കു നേരെയുള്ള തന്റെ ഒറ്റയാൾ പോരാട്ടം ഒരു പക്ഷെ മലയാളിയോ,മലയാള സാഹിത്യമോ വേണ്ടുവോളം മനസ്സിലാക്കാൻ,പഠിക്കാൻ ശ്രമിച്ചിട്ടില്ല എന്ന് വേണം കരുതാൻ.ബുദ്ധന്റെ ഉള്ളിൽ പോലും കലാപം ആണെന്ന് എഴുതിയ അയ്യപ്പൻ സ്വന്തം മനസ്സിന്റെ കലാപം,നാടിന്റെ വിലാപം നെഞ്ചിൽ ഒതുക്കി കവിതകളിലൂടെ നമുക്ക് നൽകി,വളരെ മൂകമായി നടന്നകന്നു.ഞാനും നീയും ഒരിക്കലും പൂർണ്ണമായി മനസ്സിലാക്കുകയോ,അറിയുകയോ ചെയ്തിട്ടില്ലാത്ത അദ്ദേഹത്തെ പറ്റി എഴുതിയ ഈ എഴുതുകളിൽ പോലും അദ്ദേഹത്തിന്റെ രചനകളുടെ ഒരു ശതമാനം അർഥം പോലും വെളിവായിട്ടില്ല എന്ന യാഥാർഥ്യം ഞാൻ മനസ്സിലാക്കുന്നു.മണ്ണിൽ പതിഞ്ഞ കാൽപാടുകളിലൂടെ കവിതകൾ തീർത്ത ശ്രീ അയ്യപ്പൻറെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ട്….
RELATED ARTICLES

Most Popular

Recent Comments