Saturday, April 27, 2024
HomeAmericaഇൻഡോ അമേരിക്കൻ പ്രസ് ക്ളബ് നാലാം മാദ്ധ്യമസമ്മേളനം: ഒരു അവലോകനം.

ഇൻഡോ അമേരിക്കൻ പ്രസ് ക്ളബ് നാലാം മാദ്ധ്യമസമ്മേളനം: ഒരു അവലോകനം.

ഇൻഡോ അമേരിക്കൻ പ്രസ് ക്ളബ് നാലാം മാദ്ധ്യമസമ്മേളനം: ഒരു അവലോകനം.

മുരളി ജെ. നായർ, ഫിലഡെ‌ൽഫിയ.
കഴിഞ്ഞ രണ്ടര ദശാബ്ദങ്ങളായി വിവിധ “ഇൻഡോ-അമേരിക്കൻ” സമ്മേളനങ്ങളിൽ പങ്കെടുത്തുവന്നിട്ടുള്ള ആളെന്ന നിലയിൽ ആദ്യമേതന്നെ പറയട്ടെ: ഫിലഡെൽഫിയയിലെ റാഡിസൺ ഹോട്ടലിൽ ഒക്ടോബർ 7-8 വാരാന്ത്യത്തിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ളബിന്റെ (ഐ.എ.പി.സി) മീഡീയാ കോൺഫറൻസ് തികച്ചും വേറിട്ട ഒരനുഭവമായിരുന്നു. ഇക്കാര്യത്തിൽ ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, മുൻ ചെയർമാൻ ജിൻസ്മോൻ സക്കറിയ, വൈസ് ചെയർപേർസൺ വിനീതാ നായർ എന്നിവർക്കും മറ്റ് ഐ.എ.പി.സി. ഭാരവാഹികൾക്കും അനുമോദനങ്ങൾ!
2013-ൽ സ്ഥാപിതമായ, അമേരിക്കയുടെയും കാനഡയുടെയും വിവിധഭാഗങ്ങളിലുള്ള 11 ചാപ്റ്ററുകളിലായി നൂറുകണക്കിനു അംഗങ്ങളുള്ള, ഐ.എ.പി.സി.യുടെ നാലാമതു വാർഷികസമ്മേളനമായിരുന്നു ഇത്.
അനാവശ്യമായ വ്യക്തിപൂജകളോ അനർഹമായ ആദരിക്കലുകളോ മനം മടുപ്പിക്കുന്ന അവകാശവാദങ്ങളോ ഒന്നും ഇല്ലാതിരുന്ന ഈ കൂടിച്ചേരൽ കാലികപ്രാധാന്യമുള്ള വിഷയങ്ങളിൽ നടന്ന ചർച്ചകൾകൊണ്ടു ധന്യമായിരുന്നു. അതോടൊപ്പംതന്നെ, പങ്കെടുത്തവരെയെല്ലാം സമഭാവനയോടെ പരിഗണിക്കാനുള്ള ഭാരവാഹികളുടെ സന്മനസ്സ് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രതീക്ഷിച്ചിരുന്നതിലധികം ആളുകൾ പങ്കെടുത്ത ഈ ഒത്തുചേരൽ ഒരുപാടു പുതിയ സൌഹൃദങ്ങൾ സമ്മാനിക്കുകയും ചെയ്തു.
ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ, കേരള നിയമസഭാസ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കോൺഫറൻസിന്റെ ഉദ്ഘാടനം നിരവഹിച്ചു. തദവസരത്തിൽ, ഭാരതത്തിൽനിന്നെത്തിയ വിശിഷ്ടാതിഥികളെയും ഐ.എ.പി.സി. ഭാരവാഹികളെയും കൂടാതെ ന്യൂജേഴ്സി കൌൺസിൽമാൻ സ്റ്റെർലി സ്റ്റാൻലിയും പ്രത്യേകം ക്ഷണിതാവായി സന്നിഹിതനായിരുന്നു.
ഉച്ചയ്ക്കുശേഷം മൂന്നു സെമിനാറുകൾ നടന്നു – “മാദ്ധ്യമങ്ങളിലെ നൂതനപ്രവണതകൾ”, “പത്രങ്ങളുടെ വളർച്ചയ്ക്ക് സ്വന്തം ടി.വി. ചാനലുകൾ ആവശ്യമാണോ?”, “ഭാരതത്തിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ” എന്നിവയായിരുന്നു വിഷയങ്ങൾ. പാനലിസ്റ്റുകളുടെ ആധികാരികമായ അവതരണചാതുരികൊണ്ടും ഐ.എ.പി.സി. അംഗങ്ങളുടെയും സദസ്യരുടെയും സജീവ ഭാഗഭാഗിത്വം കൊണ്ടും ഈ വിഷയങ്ങളിൽ നടന്ന ചർച്ചകൾ സമഗ്രങ്ങളായിരുന്നു.
ഞായറാഴ്ച രാവിലത്തെ ബിസിനസ് ഫോറത്തിൽ ഒരു നിക്ഷേപസൌഹൃദസംസ്ഥാനം എന്ന നിലയിൽ കേരളം നേരിടുന്ന ഭീഷണികളെപ്പറ്റി വളരെ ആവേശകരമായ ചർച്ചയാണു നടന്നത്.
അതിനുശേഷം നടന്ന ടോൿ ഷോയിൽ, പ്രവാസിമലയാളികൾ നേരിടുന്ന പ്രശ്നങ്ങളും കേരളത്തിന്റെ അടിസ്ഥാനസൌകര്യങ്ങളുടെ പരിമിതികളും ഉദ്യോഗസ്ഥവൃന്ദത്തിന്റെ നിസ്സംഗതയും ചർച്ചാവിഷയമായി. ചർച്ചയിൽ ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങൾക്കും പരാതികൾക്കുമെല്ലാം മുൻ മന്ത്രി എം.എ. ബേബി തന്റെ സ്വതസ്സിദ്ധമായ സരസശൈലിയിൽ മറുപടി പറഞ്ഞു. ഉച്ചയ്ക്കുശേഷം, ഇമ്മിഗ്രേഷൻ നിയമരംഗത്തെ പ്രമുഖ അഭിഭാഷകൻ ഓംകാർ ശർമ്മ ഇൻവെസ്റ്റ്മെന്റ് വിസയായ “ഇ.ബി.ഫൈവ്” കാറ്റഗറിയെപ്പറ്റി ഒരു പ്രസന്റേഷൻ നടത്തി.
അതിനുശേഷം നടന്ന യൂത്ത് സെഷൻ ഒരു വ്യത്യസ്ത തലത്തിലുള്ളതായിരുന്നു. ഇത്തരം ഒരു കോൺഫറൻസിന്റെ ഗൌരവം ഒട്ടും കുറയ്ക്കാതെ, മുതിർന്നവർക്കുപോലും തീരെ മുഷിവുതോന്നാതെ, ഇളംതലമുറയ്ക്കായി ഒരു സെഷൻ മാറ്റിവയ്ക്കാൻ കഴിഞ്ഞത് ശ്ളാഘനീയമാണെന്നു പറയേണ്ടിയിരിക്കുന്നു. വൈകുന്നേരം ബാൻക്വറ്റിനോടൊപ്പം നടന്ന പൊതുസമ്മേളനത്തിൽ, സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് സ്കോട്ട് പെട്രിയും വിവിധ സാമൂഹ്യസംഘടനാനേതാക്കളും സന്നിഹിതരായിരുന്നു.
ഈ സമ്മേളനത്തിനു കേരളത്തിൽനിന്നെത്തിയ രാഷ്ട്റീയസാരഥികളെക്കൂടാതെ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം റോസമ്മ ഫിലിപ്പ്, മാദ്ധ്യമപ്രവർത്തകരായ സി.എൽ. തോമസ് (മീഡിയ വൺ), പ്രമോദ് രാമൻ (മനോരമ ന്യൂസ്), ജെ.എസ്. ഇന്ദുകുമാർ (ജയ്ഹിന്ദ് ടി.വി), മാങ്ങാട് രത്നാകരൻ (ഏഷ്യാനെറ്റ്), എന്നിവരടക്കമുള്ള പ്രമുഖരെ പരിചയപ്പെടാൻ കഴിഞ്ഞത് സുകൃതമായി കരുതുന്നു.
ചിത്രങ്ങൾ:
1) ലേഖകൻ
2) ഉദ്ഘാടനം.
3) ഉദ്ഘാടനവേദിയിൽനിന്ന്.
4) ഇളംതലമുറയെ ആദരിക്കൽ.
5) ടൊൿ ഷോയിൽനിന്ന്.
6) സുഹൃത് സംഗമം.
7) സെമിനാർ.
8) വിശിഷ്ടാതിഥികളും ഭാരവാഹികളും.789101112
RELATED ARTICLES

Most Popular

Recent Comments