ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: നേരവും കാലവും നോക്കാതെയുള്ള ഉച്ചഭാഷിണികളുടെ അലോസരമായ അലമുറയിടല്‍ നിലയ്ക്കുന്നു. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്ന കോടതിവിധി കര്‍ശനമായി നടപ്പിലാക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് ലഭിച്ചു. ശബ്ദ ശല്യത്തിനെതിരെ സ്ഥിരമായി പൊതുതാല്‍പര്യ ഹര്‍ജികള്‍ കോടതിയില്‍ എത്തുന്നതും ഇതില്‍ സര്‍ക്കാരിന് കോടതിയില്‍ നിന്ന് ലഭിക്കുന്ന ശക്തമായ താക്കീതുകളുടെയും വെളിച്ചത്തിലാണ് ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഉച്ചഭാഷിണികളുടെ ഉപയോഗം നിയന്ത്രിക്കുന്നത് സംബന്ധിച്ച് 1988ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിനായി 1993ല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. എന്നാലത് വേണ്ടരീതിയില്‍ നടപ്പായില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞദിവസം വീണ്ടും സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഉച്ചഭാഷിണികളുടെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കാനാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം. അനൂപ് ചന്ദ്രന്‍ സമര്‍പ്പിച്ച (ഡബ്ല്യൂ പി സി 7261/2017(എസ്) നം.) പൊതുതാല്‍പര്യ ഹര്‍ജിയില്‍ കഴിഞ്ഞ മാര്‍ച്ച് രണ്ടിനുണ്ടായ ഹൈക്കോടതി ഉത്തരവിന്റെ കൂടി പശ്ചാത്തലത്തിലാണ് പുതിയ ഉത്തരവ്.
ഇക്കാര്യം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്തിരുന്നു. ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന പേരിലാണ് സര്‍ക്കുലര്‍.
സര്‍ക്കുലറിലെ പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലിം ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ ബോക്സ് മാതൃകയിലുള്ള ഉച്ചഭാഷിണികള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇവയുടെ ശബ്ദം ഈ ആരാധനാലയങ്ങളുടെ വളപ്പിന് പുറത്തുപോകാന്‍ പാടില്ല.
മുസ്ലിംപള്ളികളിലെ ബാങ്ക് വിളിക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. ബാങ്കുവിളികള്‍ ഒരു മിനിറ്റു മാത്രം ദൈര്‍ഘ്യമുള്ളതിനാലാണിത്.
ആരാധനാലയങ്ങളിലെ പ്രഭാഷണങ്ങള്‍, ഭക്തിഗാനങ്ങള്‍ റെക്കോര്‍ഡ് ഇടുന്നത്, മുസ്ലിം പള്ളികളിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍, ക്രിസ്ത്യന്‍ പള്ളികളിലെ മറ്റ് ആഘോഷങ്ങള്‍, ചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് ഈ ചട്ടം കര്‍ശനമായി പാലിക്കണം.
ഏതു സാഹചര്യത്തിലായാലും ഉച്ചഭാഷിണികള്‍ രാത്രി പത്തുമണിക്കും രാവിലെ ആറു മണിക്കും ഇടയില്‍ ഉപയോഗിക്കാന്‍ പാടില്ല.
തെരുവുകളിലും വാഹനങ്ങളിലും ഉച്ചഭാഷിണികളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം.
പൊലീസിന്റെ മുന്‍കൂട്ടിയുള്ള അനുമതി കൂടാതെ ആര്‍ക്കും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുവാദമില്ല.
എയര്‍ ഹോണുകളും അമിത ശബ്ദമുള്ള ഹൈ ടൈപ്പ് ഹോണുകളും നിരോധിച്ചിട്ടുണ്ട്.
വിധി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മജിസ്ട്രേറ്റുമാര്‍, പൊലീസ് കമ്മീഷണറുമാര്‍, ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ തുടങ്ങി എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അമിത ശബ്ദം ആളെ കൊല്ലും
.ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ശബ്ദമലിനീകരണമുള്ള രാജ്യങ്ങളില്‍ മുന്നിലാണ് ഇന്ത്യ.
.
ശബ്ദമലിനീകരണം ജനിതകവൈകല്യങ്ങള്‍ക്ക് വരെ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍.
. അമിതവും സ്ഥിരമായിട്ടുമുള്ള ശബ്ദം ഗര്‍ഭസ്ഥശിശു മുതല്‍ വയോധികര്‍ക്കുവരെ കേള്‍വിക്കുറവുണ്ടാക്കും.
. ഹൃദയം, തലച്ചോറ്, രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളുണ്ടാക്കും.
. വാഹനങ്ങളില്‍നിന്നുള്ള ശബ്ദമലിനീകരണം ഏറെ അപകടകരമാണ്.
അത്യാവശ്യഘട്ടങ്ങളിലല്ലാത്ത ഹോണിന്റെ ഉപയോഗം ആഘാതത്തിന്റെ വ്യാപ്തി കൂട്ടുന്നു.
സാധാരണ സംസാരം 40-50 ഡെസിബെല്‍ (db- ശബ്ദം അളക്കുന്ന യൂണിറ്റ്) വരെയാണ്. ഓരോ 10dB കൂടുമ്ബോഴും ശബ്ദം പത്തിരട്ടി ശക്തിയേറിയതാകുന്നു. 20dB കൂടുമ്ബോള്‍ ശബ്ദം നൂറിരട്ടി ശക്തിയേറിയതാകുന്നു. ഈ രീതിയില്‍ ഓരോ dB കൂടുമ്ബോഴും ശബ്ദത്തിന്റെ തീവ്രത പതിന്‍മടങ്ങ് കൂടുന്നു.