ജോണ്‍സണ്‍ ചെറിയാന്‍.
ഗുരുവായൂര്‍: താലികെട്ടി മിനിറ്റുകള്‍ക്കുള്ളില്‍ പെണ്ണ് കാമുകനൊപ്പം പോയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദം നടക്കുകയാണ്. പെണ്‍ വീട്ടുകാര്‍ വരനെ വഞ്ചിച്ചെന്നും അതല്ല പെണ്ണ് വരനെ വഞ്ചിച്ചെന്നും അതൊന്നുമല്ല കാമുകനാണ് പ്രതിയെന്നും മട്ടില്‍ സോഷ്യല്‍ മീഡിയയല്‍ ചര്‍ച്ച കൊഴുക്കുകയാണ്.
കഴിഞ്ഞിദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍വെച്ച് നടന്ന വിവാഹത്തിനുശേഷമാണ് വധു കാമുനൊപ്പം പോയത്. ഇതേ തുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ അടിയുണ്ടാവുകയും വരന്റെ ബന്ധുക്കള്‍ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുകയും ചെയ്തു.
ഇതിനിടയില്‍ റോയ് മാത്യു എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറുകയാണ്, സ്ത്രീ സംരക്ഷകര്‍ ഒട്ടേറെയുള്ളപ്പോള്‍ പുരുഷന് സംഭവിച്ച അപമാനം ഏതു വകുപ്പില്‍ പെടുമെന്ന് റോയ് മാത്യു ചോദിക്കുന്നു.
റോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം,
അമ്പലനടയില്‍ വരന് ഏറ്റ അപമാനവും പീഡനവുംഎത് വകുപ്പില്‍പ്പെടും?
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം താലി കെട്ട് കഴിഞ്ഞിറങ്ങിയ യുവതി വരനെ ഉപേക്ഷിച്ച് കാമുകന്റെ കൂടെ പോയി. ക്ഷേത്ര നട കയ്യാങ്കളിക്ക് സാക്ഷ്യം വഹിച്ചു .പോലിസ് എത്തി ഇരു വിഭാഗത്തി നെയും പിടിച്ച് മാറ്റിയതോടെയാണ് സംഘര്‍ഷം ഒഴിവായത്.
വിവാഹം കഴിഞ്ഞ് കതിര്‍മണ്ഡപത്തില്‍ നിന്ന് ഇറങ്ങി ഇരുവരും നടയില്‍ തൊഴാന്‍ നില്‍ക്കുമ്പോഴാണ് വരന്‍ ആ രഹസ്യം അറിയാന്‍ ഇടയായത്. കാമുകന്റെ കൂടെ ഇറങ്ങിപ്പോകാനിരിക്കുന്ന യുവതിയുമായ് അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് എത്തിയപ്പോള്‍ പോലീസ് സ്ഥലത്തെത്തി ശാന്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും റിപ്പോര്‍ട് സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു വാര്‍ത്തയാണിത്.
ഒരു പക്ഷേ, വരനാണ് വധുവിനെ അമ്പലനടയില്‍ ഉപേക്ഷിച്ച് കാമുകിയു മൊത്ത് മുങ്ങിയിരുന്നെങ്കില്‍ ഇവിടുത്തെ സ്ത്രീ പക്ഷവാദികളും, സ്ത്രീ- സംരക്ഷക വേഷക്കാരും, മാധ്യമങ്ങളും ചേര്‍ന്ന് ഇന്നലെത്തന്നെ ആ യുവാവിന്റെ പുലകുളി അടിയന്തരം നടത്തിയേനെ. അവനെതിരെ സ്ത്രീത്വത്തെ അപമാനിച്ചു, ലൈംഗിക തൃഷ്ണയോടെ കയ്യില്‍ പിടിച്ചു, ബലാല്‍ സംഗ ത്തിന് ശ്രമിച്ചു എന്നൊക്കെ പ്പറത്ത് കേസെടുത്തേനെ.
അവന്റെ വീടിനു മുന്നില്‍ പീഡന വിരുദ്ധര്‍ കത്തി വേഷം കെട്ടി ആടുമായിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ സ്ത്രീ പക്ഷവാദികളുടെ കടിച്ചാപൊട്ടാത്ത ചില പ്രയോഗങ്ങള്‍ വരുമായിരുന്നു. അവരുടെ സാമ്പിള്‍ പ്രയോഗങ്ങള്‍ ഇങ്ങനെയൊക്കെയാണ്.-
‘ പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍, സ്ത്രീയെ കമ്പോള വസ്തുവായി കാണുന്ന പ്രവണതയാണ് തടയേണ്ടത് – പാട്രിയാര്‍ക്കല്‍ വ്യവസ്ഥയാണ് പൊതു സമൂഹത്തിലും ജുഡീഷ്യറിയിലും നടക്കുന്നത്- ഇരയെ അപമാനിക്കയാണ്.’
നേരെ ചൊവ്വേ പറയാനുള്ള കാര്യം അരകല്ല്, ആട്ടുകല്ല്, ഉരല് , മദ്ദളം എന്ന മട്ടിലാണ് ഇവര്‍ പറയുന്നത്.
നിസഹായനായ ഒരു ചെറുപ്പക്കാരനെ കുത്തുപാളയെടുപ്പിച്ച പുണ്യവതിയെക്കുറിച്ച് ഒരു വിമോചനക്കാരിയും മിണ്ടുന്നില്ല. എത്രയോ മാന്യമായി ആ യുവതിക്ക് ഈ അലമ്പുകള്‍ ഒഴിവാക്കാമായിരുന്നു. കതിര്‍ മണ്ഡപത്തില്‍ കേറുന്നതിന് മുമ്പെങ്കിലും ഇക്കാര്യം വരനോട് സൂചിപ്പിച്ചിരുന്നെങ്കില്‍ അവനിത്ര മേല്‍ അപമാനിക്കപ്പെട്ടി ല്ലായിരുന്നു. അവന്റെ വ്യക്തിത്വവും മാന്യതയും പിച്ചി ചീന്തിയതിന് നിയമം എന്ത് വിലയിടും? ഏത് പീഡന വകുപ്പില്‍ ഈ പീഡനത്തെപ്പെട്ടുത്താം.? പുരുഷത്വത്തെ അപമാനിക്കുന്നതിന് കേസെടുക്കാന്‍ പ്രത്യേക വകുപ്പില്ലായെന്നതും ഒരു ബലഹീനതയാണ്. ഇതും ഒരു തരം ബലാല്‍ സംഗമല്ലേ?
ഒരു പുരുഷന്‍ 14 സെക്കന്റിന് മേല്‍ കൂടുതല്‍ സ്ത്രീയെ നോക്കിയാല്‍ പീഡനമായി കരുതി കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് പറയുന്ന രാജ്യത്താണി ക്രൂരത നടന്നത്. മുന്‍ വിധികളില്ലാതെ, അതിലുപരി സ്ഥാപിത താല്പര്യങ്ങളില്ലാതെ, മനുഷ്യത്വത്തോടെ ഇത്തരം വിഷയങ്ങളെ സമീപിക്കുമ്പോഴാണ് ലിംഗസമത്വം എന്ന സത്യം പൂര്‍ണമാകുന്നത്. എന്റെ മനസും ശരീരവും അപമാനിക്കപ്പെട്ട ചെറുപ്പക്കാരനൊപ്പമാണ് , അതെ, എന്റെ മകന് സംഭവിച്ച ദുരന്തമായി ഞാനീ സംഭവത്തെ കാണുന്നു.