Wednesday, June 26, 2024
HomeKeralaസംഘ്പരിവാര്‍ ഭീകരതയെ സാഹോദര്യത്തിന്റെ രാഷ്ട്രീയം കൊണ്ട് നേരിടും : ഹമീദ് വാണിയമ്പലം.

സംഘ്പരിവാര്‍ ഭീകരതയെ സാഹോദര്യത്തിന്റെ രാഷ്ട്രീയം കൊണ്ട് നേരിടും : ഹമീദ് വാണിയമ്പലം.

സംഘ്പരിവാര്‍ ഭീകരതയെ സാഹോദര്യത്തിന്റെ രാഷ്ട്രീയം കൊണ്ട് നേരിടും : ഹമീദ് വാണിയമ്പലം.

മുനീബ് കാരക്കുന്ന്.
മലപ്പുറം : അധികാരത്തെ ദുരുപയോഗം ചെയ്ത് ഭരണഘടനാസ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തി സമഗ്രാധിപത്യം നേടാനുള്ള സംഘ്പരിവാര്‍ നീക്കങ്ങളെയും സംഘ്പരിവാറിന്റെ ഭീകരതയെയും സാഹോദര്യത്തിന്റെ രാഷ്ട്രീയം കൊണ്ട് നേരിടുമെന്ന് വെല്‍ഫെയര്‍പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പശുവിന്റെ പേരില്‍ സംഘ്പരിവാര്‍ നടത്തുന്ന മുസ്ലിം – ദലിത് കൊലകള്‍ക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനമുന്നേറ്റ റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം കണ്ട ഏറ്റവും വലിയ ഭീകര പ്രസ്ഥാനമായ ആര്‍.എസ്സ്.എസ്സ് വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെയും വംശഹത്യകളിലൂടെയും ഒരുഭാഗത്ത് ജനങ്ങളെ ധ്രൂവീകരിക്കുന്നു. കേന്ദ്ര ഭരണത്തെ ദുരുപയോഗം ചെയ്ത് രാജ്യത്തിന്റെ സമ്പൂര്‍ണ്ണാധികാരം മറുഭാഗത്തു കൂടി കൈക്കലാക്കാനുള്ള നീക്കങ്ങളും നടത്തുന്നു. കല്‍ബുര്‍ഗിയും അഹ് ലാക്കും രോഹിത് വെമുലയും നജീബും കനയ്യകുമാറുമെല്ലാം ഒരുപോലെ സംഘ്പരിവാറിന് വെറുക്കപ്പെട്ടവരാകാന്‍ കാരണം വൈവിധ്യങ്ങളെയും സംസ്‌കാരങ്ങളെയും സംഘ്പരിവാർ വെറുക്കുന്നു എന്നതാണ്.
രാജ്യത്തെ ജനതയുടെ സാഹോദര്യം കൊണ്ടാണ് സംഘ്പരിവാറിനെ നേരിടാനാവുക. ആഭ്യന്തര ശത്രുക്കളെ പ്രഖ്യാപിക്കുന്ന സംഘ് രാഷ്ട്രീയത്തിന്റെ വിപരീതമാണ് സാഹോദര്യം. സംഘര്‍ഷാത്മകമായ അന്തരീക്ഷത്തിലാണ് സംഘ്പരിവാര്‍ വളരുക. തിരുവനന്തപുരത്ത് ബി.ജെ.പി തുടക്കമിട്ട അക്രമ പ്രവര്‍ത്തനങ്ങള്‍ 2019 ലെ തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. സി.പി.എം ആ കെണിയില്‍ വീണുപോകരുത്. ആഭ്യന്തര വകുപ്പും കേരളഭരണവുമുള്ള സി.പി.എം സംഘ്പരിവാറിനെ നിയമത്തിന്റെ വഴിയിലൂടെയും ആശയപരമായും നേരിടണം. ഇല്ലെങ്കില്‍ സി.പി.എമ്മിനും കേരളത്തിനും രാജ്യത്തിനുമായിരിക്കും നഷ്ടം. നേട്ടം ആര്‍.എസ്സ്.എസ്സിനുമായിരിക്കും. അസ്പൃശ്യതകളും അഭിപ്രായവ്യത്യാസങ്ങളും പടലപിണക്കങ്ങളും മാറ്റി വെച്ച് ജനാധിപത്യ മൂല്യങ്ങളുയര്‍ത്തിപ്പിടിക്കുന്ന എല്ലാ രാഷ്ട്രീയ വിഭാഗങ്ങളും സംഘ്പരിവാറിനെ നേരിടുക എന്ന പോയിന്റില്‍ യോജിപ്പിലെത്തണമെന്നും അത്തരം നീക്കങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്കു തുറന്ന സമീപനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കേരളത്തെ കൊലക്കളമാക്കി തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള സംഘ്പരിവാര്‍ നീക്കമാണ് കൊടിഞ്ഞി ഫൈസല്‍ വധവും കാസര്‍കോഡ് റിയാസ് മൗലവി വധവുമെന്ന് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കരീപ്പുഴ പറഞ്ഞു. കേരളത്തിലെ ജനത പ്രത്യേകിച്ച് മലപ്പുറത്തെ ജനത സംയമനം പാലിച്ച് നിലകൊണ്ടത് സംഘ്പരിവാറിന് വലിയ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. കേരള ജനത സംഘ്പരിവാറിനെ കരുതിയിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.ഐ റഷീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.സി ആയിഷ, സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, റംല മമ്പാട്, ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് ബന്ന മുതുവല്ലൂർ, എഫ്.ഐ.ടി.യു ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ എന്നിവർ സംസാരിച്ചു.
ജില്ല ജനറൽ സെക്രട്ടറി കൃഷ്ണൻ കുനിയിൽ സ്വാഗതവും മുനീബ് കാരക്കുന്ന് നന്ദിയും പറഞ്ഞു. നേരത്തെ എം.എസ്.പി പരിസരത്ത് നിന്നാരംഭിച്ച റാലിക്ക് ജില്ല സെക്രട്ടറിമാരായ ശാക്കിർ ചങ്ങരംകുളം, നാസർ കീഴുപറമ്പ്, എ ഫാറൂഖ്, സുഭദ്ര വണ്ടൂർ, ഫായിസ കരുവാരകുണ്ട്, സാബിർ മലപ്പുറം എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ  1: ‘സംഘ്പരിവാർ ഭീകരതക്കെതിരെ’ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ചു ജനമുന്നേറ്റ റാലി.
ഫോട്ടോ 2: ‘സംഘ്പരിവാർ ഭീകരതക്കെതിരെ’ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ചു ജനമുന്നേറ്റ റാലി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു.6
RELATED ARTICLES

Most Popular

Recent Comments