പുതുപെൺചരിതം… (കവിത)

പുതുപെൺചരിതം... (കവിത)

0
332
ടോം അലക്സ്. (Street Light fb group)
അറുത്തെറിയപ്പെട്ട സ്തനത്തിൻ ചിലമ്പൊലിയിൽ
ദൈവമായി വാഴ്ത്തപ്പെട്ട സ്ത്രീത്വം…!
ഉടവാളിൻതുമ്പാൽ ശത്രുനിഗ്രഹത്തിൻറെ
വീരരണചരിതം രചിച്ച സ്ത്രീത്വം….!
സ്മാർത്തവിചാരകണക്കെടുപ്പിൽ
വരേണ്യപൗരുഷാധിപത്യത്തിൻ മുഖത്താട്ടിയ സ്ത്രീത്വം..!
എല്ലാം പെണ്ണത്വത്തിൻറെ പഴകിദ്രവിച്ച
വീരചരിതങ്ങൾ..!
പിന്നീട് കാലത്തിൻറെയിരുണ്ട ഭ്രമണപഥത്തിലെ നിഗൂഢതകളിലെവിടെവെച്ചോ
സത്വംനഷ്ടപ്പെട്ട വെറുംപെണ്ണുടലായ് തരംതാഴ്ത്തപ്പെട്ടവൾ..!
പുതുവിപണനതന്ത്രങ്ങൾ സത്യത്തിൻ മിഴികെട്ടുമീകാലത്ത്
വിയർപ്പോഹരിയുടെ മായാപ്രപഞ്ചത്തിൽ സ്വജീവിതം ഹോമിച്ചതവൾതന്നെയൊ..?
അതോ നവലോക”മനു”ക്കളുടെ ആഗോളീകരണ”സ്മൃതി “കല്പനകളൊ..?
അവൾക്കായിതീർത്ത ക്ഷേത്രശരീരത്തിലെ
‘സ്തനപ്രതിഷ്ഠ’യിൽ രതിമന്ത്രങ്ങൾ ഉരുക്കഴിച്ച താന്ത്രികരാരൊക്കെ…?
നാലുംനാല്പതുമതിലുമേറെ ദിനങ്ങളോളവും
അവളുടെപെണ്ണുടലിൽ ഖാദിയും കാവിയും ളോഹയും,പിന്നെ ചെമ്പട്ടും ഹരിതകംബളവും
ഊഴമിട്ട് പുതപ്പിച്ചവരാരൊക്കെ.?
വരിയുടയ്ക്കപ്പെട്ട കഴുതത്തെരുവിലെ പരിഹാസമുഖങ്ങൾക്കാഘോഷിക്കാൻ അവളുടെ പൊട്ടിപ്പൊളിഞ്ഞ
ജനനേന്ദ്രിയത്തിൽ നിന്നിറ്റുവീണ ചോരത്തുള്ളികൾതൻ കറുത്തപാടുകളിൽ കന്യാകാത്വത്തിൻ തെളിവെടുത്തവരാരൊക്കെ..?
കറുത്തനീതിയുടെ കാവൽപ്പുരയിലെ
‘ഇര’ക്കൂട്ടിലടർന്നുവീണ
അവളുടെ മിഴിനീർക്കണങ്ങളിലെ നിസ്സഹായതയെ
പിതൃശൂന്യമാം ചോദ്യശരങ്ങളാൽ
ബാഷ്പീകരിച്ചതാര്…?
നീതി പെണ്ണിനൊപ്പമല്ലെന്നും….
നിയമത്തിന് ലിംഗഭേദമുണ്ടെന്നും…
അത് ഉദ്ധാരണശേഷിയില്ലാത്ത
ദുശ്ശാസനലിംഗങ്ങൾ മാത്രമെന്നും
അവൾ തിരിച്ചറിഞ്ഞുവെങ്കിൽ….?
കായബലത്തിൻറെ ഹുങ്കിനാൽ പെണ്ണുടൽകടയുവോരുടെ
കടകോൽ കടയോടെ ഛേദിച്ചെടുക്കണമെന്നവൾക്ക്
തോന്നിയെങ്കിൽ…?
ഇതു പെണ്ണിൻ പുതുചരിതമാണ്…!
അവൾ സർവ്വംസഹയല്ലെന്നറിയുക…!
തെറ്റിനെതെറ്റുകൊണ്ടെതിർക്കുന്ന
രൗദ്രദേവീഭാവവുമവൾക്കുണ്ടെന്നറിയുക…!
ലിംഗംഛേദിക്കപ്പെട്ടാൽ ഹേ പൗരുഷമേ കറുത്തനിയമത്തിന് പിന്നെയെന്തുവില…?

Share This:

Comments

comments