Friday, May 17, 2024
HomeLiteratureഅസ്തമയത്തിന് മുൻപേ. (കഥ)

അസ്തമയത്തിന് മുൻപേ. (കഥ)

അസ്തമയത്തിന് മുൻപേ. (കഥ)

കവിത മേനോൻ.(Street Light fb group)
അവൾ ഒതുങ്ങിക്കൂടുകയായിരുന്നു – അടച്ച മുറിക്കുള്ളിൽ. കടുംനിറമുള്ള കർട്ടനുകൾ സൂര്യന്റെ നേരിയവെളിച്ചംപോലും അകത്തുകയറാൻ വിടാതെ തടഞ്ഞുനിർത്തി. ആ ഇരുട്ട് അവൾക്കിഷ്ടമായിരുന്നു. നിഴലുകൾ കാണാൻപോലും അവൾ ആഗ്രഹിച്ചില്ല.
ഒരു കട്ടിലും, മുറിയുടെ മൂലയ്ക്ക് ഒരു ടേബിളും മാത്രമായിരുന്നു അവളുടെ കൂട്ട്. ടേബിളിന്റെ മുകളിൽ പഴകിയ കുറച്ച് പുസ്തകങ്ങൾ പൊടിപിടിച്ച്, അനാഥമായി കിടന്നു. മാസങ്ങളായി അവൾ അതൊക്കെ തുറന്നുനോക്കിയിട്ട്.
പകലുമുഴുവൻ അവൾ ഉറങ്ങിത്തീർത്തു. രാത്രിയിൽ ഉറക്കമില്ലാതെ, ശൂന്യതയിൽ കണ്ണുംനട്ടിരിക്കുകയോ, കിടക്കുകയോ ചെയ്യും. മിണ്ടാട്ടമില്ലാതായിട്ട് ഏറെനാൾ കഴിഞ്ഞു. അവളുടെ ശബ്ദം അവൾതന്നെ മറന്നുപോയിരിക്കുന്നു.
സമയാസമയം ആരെങ്കിലും ഭക്ഷണം കൊണ്ടുവന്നുകൊടുക്കും. ആദ്യമൊക്കെ അമ്മയായിരുന്നു വരാറ്. അവളുടെ വികാരമില്ലാത്ത കണ്ണുകളിൽനോക്കി അവർ സങ്കടപ്പെട്ടു. അവളെ പുറത്തേക്ക് കൊണ്ടുപോകാനും, സംസാരിക്കാനും അവർ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ, അവൾ കുറേക്കൂടെ ഉള്ളിലേക്ക് വലിഞ്ഞതേയുള്ളൂ. ഒടുവിൽ, വിഷമം താങ്ങാനാവാതെ അവർ അങ്ങോട്ട് വരാതെയായി. ആരുടെയെങ്കിലും കയ്യിൽ ഭക്ഷണം കൊടുത്തുവിടും.
മറ്റാരും അവളെ ശല്യപ്പെടുത്തിയില്ല. കാറ്റുപോലും അങ്ങോട്ട് കടന്നുവരാൻ മടിച്ചു. അവളുടെ വിറങ്ങലിച്ച മനസ്സ് അവിടുത്തെ ശൂന്യതയെപ്പോലും വേദനിപ്പിച്ചു. ഇരുട്ടിൽ, മറ്റൊരു ഇരുട്ടായി, അവളും അലിഞ്ഞുചേർന്നിരുന്നു.
അവളുടെ ജനാലയ്ക്ക് പുറത്ത് കിളികൾ ചിലച്ചില്ല, ഇലകൾ നിശ്ശബദ്ധരായിരുന്നു. എല്ലാവരും അവളുടെ വിഷമത്തിൽ പങ്കുചേർന്ന്, അനുതാപം പ്രകടിപ്പിച്ചു.
ആരോടും പരിഭവം പറയാതെ, അവൾ തന്റെ ദുഃഖം ഉള്ളിലൊളിപ്പിച്ചു. പറയാൻ അവൾക്ക് കഴിയില്ലായിരുന്നു. വാക്കുകൾ മാത്രമല്ല, മനസ്സും മരവിച്ചുപോയിരുന്നു.
ആറുമാസം മുൻപ്…
കൂട്ടുകാരിയുടെകൂടെ സിനിമകണ്ട്‌ മടങ്ങുകയായിരുന്നു. വൈകുന്നേരത്തെ ഷോയായതുകൊണ്ട്, ലേഡീസ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോൾ ഇരുട്ട് വീണുതുടങ്ങിയിരുന്നു.
ബസ്സിറങ്ങി ഇടവഴിയിലൂടെ നടന്നു ഇരുവരും. പിറകിൽ ആരോ വരുന്നുണ്ടായിരുന്നു. അവർ അത് ശ്രദ്ധിച്ചില്ല. കുറച്ച് ഒറ്റപ്പെട്ട ഭാഗത്തെത്തിയപ്പോൾ, പിറകിൽവന്നവർ അവളേയും, കൂട്ടുകാരിയെയും കടന്നുപിടിച്ചു.
ഒരു കൈകൊണ്ട് അവളുടെ വായ അടച്ചുപിടിച്ചിരുന്നു. കുതറാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇരുമ്പുപോലുള്ള കൈകൾ അവളുടെമേൽ പിടിമുറുക്കി. നിലവിളികൾ ആ കൈകൾക്കുള്ളിൽ മാത്രമായൊതുങ്ങി. പേടിച്ചരണ്ട് കണ്ണുകളിൽനിന്ന് കണ്ണീർ ഒലിച്ചിറങ്ങി.
ബലമായി എടുത്തുപൊക്കി, അവർ അവളെയും കൂട്ടുകാരിയേയും അടുത്തുള്ള പൊന്തക്കാടിന്റെ പിറകിലേക്ക് കൊണ്ടുപോയി.
അവളുടെ കൂട്ടുകാരി കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കണ്ണീരോടെ അവൾ കണ്ടു. നിസ്സഹായതയും, ഭയവും അവളെ പിടികൂടി.
കല്ലും മുള്ളും അവളുടെ ദേഹമാസകലം കോറിമുറിച്ചു. അവളുടെമേൽ ആ രാക്ഷസന്റെ ഭാരം അമരുന്നത് അവളറിഞ്ഞു. പൊട്ടിക്കരയാൻപോലുമാവാതെ അവൾ പിടഞ്ഞു.
വായും മൂക്കും പൊത്തിപ്പിടിച്ചതിനാലാവാം, അവൾക്ക് ബോധം മറഞ്ഞുതുടങ്ങി. ഞെരുക്കങ്ങളും, മൂളലുകളും പതിയെ നിശ്ശബ്ദമായി.
എപ്പോഴോ ബോധംവീണപ്പോൾ, അവൾ ആശുപത്രിയിലായിരുന്നു. ശരീരം മുഴുവൻ വേദന. പെട്ടെന്ന് ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചുകയറിയപ്പോൾ, അവൾ ചാടിപ്പിടഞ്ഞെഴുന്നേറ്റു. ഭയംനിറഞ്ഞ കണ്ണുകൾകൊണ്ട് നാലുപാടും നോക്കി.
അമ്മയും നേഴ്‌സുമാരും അവളെ പിടിച്ചുകിടത്തി. അവൾ എല്ലാവരെയും ശത്രുക്കളെപ്പോലെ നോക്കി. അമ്മ അവളുടെ അവസ്ഥകണ്ട് പൊട്ടിക്കരഞ്ഞു.
ഉറങ്ങാനുള്ള ഇഞ്ചക്ഷൻ കുത്തിവെച്ചപ്പോഴാണ്, അവൾ പതിയെ ശാന്തയായത്.
വീണ്ടും ഉണർന്നപ്പോൾ, അവൾ മരപ്പാവപോലെയായിരുന്നു. കണ്ണുകൾ തുറന്നിട്ടാണെങ്കിലും, ചുറ്റും നടക്കുന്നതൊന്നും കാണാത്തപോലെ അവൾ വിദൂരത്തിലേക്ക് നോക്കിക്കിടന്നു.
കൂട്ടുകാരി മരണപ്പെട്ട വിവരം ആരോ ഇടയ്ക്ക് അവളെ അറിയിച്ചു. അവരെ ഉപദ്രവിച്ചവരെ പോലീസ് അന്വേഷിക്കുന്നുണ്ടെന്നും..
പക്ഷേ, അവൾ കരഞ്ഞില്ല! ശരീരവും, മനസ്സും ഒരുപോലെ മരവിച്ചിരുന്നു.
ആരോക്കെയോ അവളെ കാഴ്ച്ചവസ്തുപോലെ കാണാൻ വന്നു, ചോദ്യങ്ങൾ ചോദിച്ചു. അവൾ ഒന്നിനും മറുപടി പറഞ്ഞില്ല. ചിരി മാഞ്ഞുപോയ മുഖത്ത്, വിഷാദം തളംകെട്ടിനിന്നു.
ഡിസ്ച്ചാർജ് ചെയ്ത്, വീട്ടിൽ എത്തിയപ്പോൾമുതൽ, അവൾ ആ മുറിക്കകത്താണ്. വെളിച്ചത്തെപ്പോലും ഭയമാണവൾക്ക്. ഒരു രാത്രി പുലർന്നപ്പോഴേക്കും മാറിമറിഞ്ഞ ജീവിതം!
അസ്തമയത്തിന് മുൻപേ ഇരുട്ടിലായ ജീവിതം!
ഇന്നീ അടഞ്ഞമുറിയിൽ, ജീവനില്ലാത്തൊരു വസ്തുവായി.. അവളും !
*********
RELATED ARTICLES

Most Popular

Recent Comments