Wednesday, April 24, 2024
HomeEducationസംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പാഠ്യപദ്ധതിക്ക് തുടക്കമായി.

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പാഠ്യപദ്ധതിക്ക് തുടക്കമായി.

സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പാഠ്യപദ്ധതിക്ക് തുടക്കമായി.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ പാഠ്യപദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി എട്ട് പാഠപുസ്തകങ്ങളും അധ്യാപക കൈപ്പുസ്തകങ്ങളും പ്രീ സ്‌കൂള്‍ അധ്യാപകസഹായി ‘കളിപ്പാട്ട’വും’ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് നല്‍കി പ്രകാശനം ചെയ്തു. രാജ്യത്താദ്യമായാണ് ഭിന്നശേഷിക്കാര്‍ക്ക് പാഠ്യപദ്ധതിയൊരുക്കിയത്. കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത വര്‍ണാഭമായ ചടങ്ങിലായിരുന്നു സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (എസ്സിഇആര്‍ടി)തയ്യാറാക്കിയ 17 പുസ്തകങ്ങളുടെ പ്രകാശനം.
എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം പ്രാഥമിക വിദ്യാഭ്യാസവുമായി ചേര്‍ത്ത് ശക്തിപ്പെടുത്തുമെന്ന വാഗ്ദാനത്തിന്റെ ഭാഗമായാണ് ‘കളിപ്പാട്ടം’ അധ്യാപക സഹായി പ്രസിദ്ധീകരിച്ചത്. കുട്ടികളുടെ കഴിവ് വളര്‍ത്തുന്നതോടൊപ്പം വിവിധ വകുപ്പുകളും ഏജന്‍സികളും തമ്മില്‍ ഏകീകൃതരൂപം ഉണ്ടാക്കുന്നതിനുള്ള ശാസ്ത്രീയചുവടുവയ്പ് കൂടിയാണിത്.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഏഴു മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കുള്ള പ്രവര്‍ത്തന പാക്കേജാണ് ‘വീടും കൂടും’, ‘പോംപോം വണ്ടി’, ‘കാക്കേം പൂച്ചേം’, ‘വിരുന്നുണ്ണാം’, ‘ആഘോഷങ്ങള്‍’, ‘കളിച്ചെപ്പ്’, ‘മഞ്ചാടി’, ‘തേന്‍തുള്ളി’ എന്നീ പുസ്തകങ്ങള്‍. ആരോഗ്യം, മൂല്യബോധം, ഭാഷ, പരിസരപഠനം, സാമൂഹ്യബോധം, കലാകായികശേഷി, ഗാര്‍ഹികവിജ്ഞാനം, സാങ്കേതിക അറിവുകള്‍ എന്നിവ ഈ പുസ്തകങ്ങളില്‍നിന്ന് ലഭിക്കും.
ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍, വിഎച്ച്‌സി ഡയറക്ടര്‍ എ ഫാറൂഖ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ (ഇന്‍-ചാര്‍ജ്) ഡോ. പി പി പ്രകാശന്‍, എസ്എസ്എ പ്രോജക്ട് ഡയറക്ടര്‍ ഡോ. എ പി കുട്ടിക്കൃഷ്ണന്‍, ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത്, സീ മാറ്റ് ഡയറക്ടര്‍ ഡോ. പി എ ഫാത്തിമ, എസ്‌ഐഇടി ഡയറക്ടര്‍ ബി അബുരാജ് എന്നിവര്‍ സംസാരിച്ചു. എസ്സിഇആര്‍ടി ഡയറക്ടര്‍ ഡോ. ജെ പ്രസാദ് സ്വാഗതവും കോട്ടണ്‍ഹില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി വി ഷീജ നന്ദിയും പറഞ്ഞു
RELATED ARTICLES

Most Popular

Recent Comments