Tuesday, April 23, 2024
HomePoemsകാലമേ സാക്ഷി. (കവിത)

കാലമേ സാക്ഷി. (കവിത)

കാലമേ സാക്ഷി. (കവിത)

കലിക. (Street Light fb group)
പകരാനിനിയൊന്നുമില്ലെന്റെ കാലമേ,
പലതായ് മുറിഞ്ഞതാണെന്നിലെ വേരുകൾ.
ഒരു നേർത്തമൂളലതുകേട്ടു നീയെന്റെ
യരികത്തണഞ്ഞാലരുളാം പനിവാക്കു-
മഴിയാ കടവും ,പതപൂണ്ട മാനവു_
മൊഴിയാത്തനോവും,മൃതിതൊട്ടയോർമ്മയും
കരൾതൊട്ടു പാടിപ്പതിഞ്ഞയീണത്തിന്റെ മുറിയും
നിലാവിൻ തണുത്ത നോട്ടങ്ങളും.
എന്നോ വസന്തംപകർന്ന ചന്തംകണ്ടു
പൊയ്ക്കൂടു കൂട്ടി മൊഴിഞ്ഞ സ്വപ്നങ്ങളും,
പിന്നെ, യൊരുഗ്രീഷ്മനാളിൽ മറുകൂടു
തേടിപ്പറന്നു മറഞ്ഞ മോഹങ്ങളും,
ഓരോ ദിനവുമുതിർന്ന കാലത്തിന്റെയടരിൽ കിനാക്കൾ നുഴിഞ്ഞ മുറിപ്പാടും,
നന്നേ വിരിവിൽ തണൽകൊണ്ടു മെല്ലവേ
ഭംഗിവാക്കോതി നടന്ന ബന്ധങ്ങളും.
പകരാനിനിയൊന്നുമില്ലെന്റെ കാലമേ,
പടരുന്ന നോവും നരയുമല്ലാതൊന്നു –
മുഴലുന്ന മേനിയിലടയാളമായ്ക്കണ്ട
തെളിവതിനൊക്കെയും സാക്ഷി നീ മാത്രമേ.!
നിഴലുകൾ ചിത്രംവരയ്ക്കുന്ന ചുവരിന്റെ –
യടിയിൽ ,നിലാവിൽ മിഴിത്തോണി നീങ്ങവേ-
യരികേ വരുന്നൂ വെറുംകയ്യുമായൊരു –
തെന്നലീ ജാലകക്കോണിൽ മരിക്കുന്നു.
ഉൾപ്പൊരുൾ നന്നായറിഞ്ഞ വിഭാതമേ,
ദൈന്യംകുടിച്ചു തളർന്ന ദിനങ്ങളേ,
തോരാതനുയാത്ര ചെയ്യുന്ന ശാപമേ,
ഈ മിഴിനീർപ്പൊള്ളലെല്ലാമറിഞ്ഞുവോ?
കാലമേ കൈക്കൊൾകയെന്നിലെ നീലിച്ച
സിരയിൽ നിന്നൂറിപ്പടർന്ന കിനാക്കളെ,
പറയാൻ മറന്ന മൊഴികളെ, രാപ്പൂവു
കടമായ് പകർന്ന കരളിന്റെ ശോഭയെ.
പകരാനിനിയൊന്നുമില്ലെന്റെ കാലമേ,
പലതായ് മുറിഞ്ഞതാണെന്നിലെ വേരുകൾ
ഒരു നേർത്തമൂളലും ബാക്കിവയ്ക്കാതിന്നു
പകരുന്നിതെന്നെ ,മുറിഞ്ഞതാം വാക്കിനെ

 

RELATED ARTICLES

Most Popular

Recent Comments