Friday, April 26, 2024
HomeKeralaകൊച്ചിയുടെ തിലകക്കുറിയായി ക്യൂന്‍സ് വാക്ക് വേ ഒരുങ്ങുന്നു.

കൊച്ചിയുടെ തിലകക്കുറിയായി ക്യൂന്‍സ് വാക്ക് വേ ഒരുങ്ങുന്നു.

കൊച്ചിയുടെ തിലകക്കുറിയായി ക്യൂന്‍സ് വാക്ക് വേ ഒരുങ്ങുന്നു.

ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി:  ഗോശ്രീ ചാത്യാത്ത് റോഡിലെ ക്യൂന്‍സ്‌വേയില്‍ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി സ്ഥാപിച്ച സിസിടിവി ക്യാമറകളുടെയും തെരുവ് വിളക്കുകളുടെയും ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ക്യൂന്‍സ്‌വേ ആംഫി തിയേറ്ററില്‍ വച്ച് നിര്‍വഹിക്കുമെന്ന് ഹൈബി ഈഡന്‍ എം.എല്‍.എ അറിയിച്ചു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടൂറിസം വകുപ്പില്‍ നിന്നും എം.എല്‍.എയുടെ ശ്രമഫലമായി അനുവദിച്ച അഞ്ചു കോടി രൂപ മുടക്കിയാണ് ക്യൂന്‍സ്‌വേ നിര്‍മിച്ചിരിക്കുന്നത്. 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ക്യൂന്‍സ്‌വേ ഇന്ത്യയിലെ തന്നെ ആദ്യത്തെ ഓട്ടോമേറ്റഡ് മ്യൂസിക്കല്‍ വാക്ക്‌വേയാണ്.
പദ്ധതി പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചതിന് പിന്നാലെ സാമൂഹ്യ വിരുദ്ധരുടെ ശല്യം ക്യൂന്‍സ്‌വേയെ ബാധിച്ചിരുന്നു. ഇരിപ്പിടങ്ങള്‍ നശിപ്പിക്കുകയും ലൈറ്റുകള്‍ മോഷ്ടിക്കുകയും വിലപിടിപ്പുള്ള ചെടികള്‍ നശിപ്പിക്കുകയും ചെയ്തതോടെയാണ് 14.5 ലക്ഷം രൂപ ചെലവഴിച്ച് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഗോശ്രീ ചാത്യാത്ത് റോഡിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിനായി ബിപിസിഎല്ലിന് പ്രൊജക്ട് തയ്യാറാക്കി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 24 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ചാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്.
ചെടികളുടെ സംരക്ഷണത്തിനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി പരിസരത്തുള്ള ഫ് ളാറ്റുകളെചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ രാവിലെ വ്യായമത്തിനെത്തുന്നവര്‍ക്ക് സഹായകരമാവുന്ന ഓപ്പണ്‍ ജിം, ടോയ്‌ലെറ്റുകള്‍ തുടങ്ങിയവ നിര്‍മിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.
ഹൈബി ഈഡന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കെ.വി തോമസ് എം.പി, ഡെപ്യൂട്ടി മേയര്‍ ടി.ജെ വിനോദ്, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ സഫീറുള്ള, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശ്, ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ് പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
RELATED ARTICLES

Most Popular

Recent Comments