Friday, April 26, 2024
HomeAmericaമലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനം അവിസ്മരണീയമായി.

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനം അവിസ്മരണീയമായി.

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനം അവിസ്മരണീയമായി.

എ.സി. ജോര്‍ജ്ജ്.
ഹ്യൂസ്റ്റന്‍: മലയാള ഭാഷയുടേയും സാഹിത്യത്തിന്റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക 20-ാം വാര്‍ഷിക സമ്മേളനം ഏപ്രില്‍ 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം വൈവിദ്ധ്യമേറിയ സാംസ്‌കാരിക പരിപാടികളോടെ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡില്‍ വച്ച് നടത്തി. വിശിഷ്ട അതിഥികളും ഭാരവാഹികളും ഭദ്രദീപം കൊളുത്തിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ്ജ് മണ്ണിക്കരോട്ട് അതിഥികള്‍ക്കും സാമൂഹ്യ സാംസ്‌കാരിക പ്രമുഖര്‍ക്കും സ്വാഗതം ആശംസിച്ച് പ്രസംഗിച്ചു. യോഗത്തില്‍ മുഖ്യാതിഥിയായി എത്തിയ തിരുവല്ല മാര്‍ത്തോമ്മ കോളേജ് മലയാളം വിഭാഗം തലവനായിരുന്ന ഡോ. ഈപ്പന്‍ ഡാനിയേല്‍ ഉദ്ഘാടന പ്രസംഗം നടത്തി. സെക്രട്ടറി ജോര്‍ജ്ജ് ഉമ്മന്‍ മലയാളം സൊസൈറ്റിയുടെ കഴിഞ്ഞ രണ്ട് ദശകങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംക്ഷിപ്തമായി വിവരിച്ച് സംസാരിച്ചു.
തുടര്‍ന്ന്, ആഘോഷത്തിന്റെ മുഖ്യ ഇനമായ മലയാളം സൊസൈറ്റിയുടെ ‘സാഹിത്യ സമാഹാരം’ സര്‍ഗ്ഗ ദീപ്തി പ്രകാശനം ചെയ്തു. സര്‍ഗ്ഗദീപ്തിയുടെ മുഖ്യപത്രാധിപന്‍ ടി.എന്‍. സാമുവലും, എ.സി. ജോര്‍ജ്ജ്, നൈനാന്‍ മാത്തുള്ള, തോമസ് വര്‍ഗീസ്, തോമസ് വൈക്കത്തുശ്ശേരി, ജോസഫ് പൊന്നോലി എന്നിവര്‍ പത്രാധിപ സമിതി അംഗങ്ങളുമാണ്. സര്‍ഗ്ഗദീപ്തിയില്‍ സാഹിത്യ സര്‍ഗ്ഗ സംഭാവനകള്‍ നല്‍കിയവരും സദസ്സില്‍ സന്നിഹിതരായിരുന്നു. പൊതുയോഗത്തില്‍ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക സിവില്‍ രംഗങ്ങളിലെ പ്രമുഖരായ കെന്‍ മാത്യു, കെ.പി. ജോര്‍ജ്ജ,് തോമസ് ചെറുകര, അനിയന്‍ കുഞ്ഞ് ഭാസ്‌കരന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ദേവരാജ് കാരാവള്ളി കവിത ചൊല്ലി. പ്രസിദ്ധ ഗായകരായ കോറസ് പീറ്റര്‍, സജി പുല്ലാട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കൊച്ചു കലാകാരികളായ ജുവല്‍ ജോയി, ലയ അബ്രഹാം, ജൂലിയ സാറ മാത്യു എന്നിവര്‍ വേദിയില്‍ നൃത്തം അവതരിപ്പിച്ചു.
എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരുമായ അലക്‌സാണ്ടര്‍ തോമസ്, ബ്ലെസണ്‍ ഹ്യൂസ്റ്റന്‍, ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ജീമോന്‍ റാന്നി, ഡോ. മാത്യു വൈരമണ്‍, ഈശോ ജേക്കബ്, ജോസഫ് തച്ചാറ, ജോണ്‍ കൂന്തറ എന്നിവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.
മലയാളം സൊസൈറ്റിയുടെ അംഗങ്ങള്‍ നൈസര്‍ഗ്ഗീക ഭാഷാ സാഹിത്യ വാസനയുള്ളവരും ഗ്രന്ഥകര്‍ത്താക്കളും കേരളത്തിലേയും അമേരിക്കയിലേയും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ എഡിഷനുകളിലും സ്ഥിരമായി എഴുതുന്നവരും മറ്റു വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരുമാണ്. അവരില്‍ ചിലരായ പൊന്നുപിള്ള, എ.സി. ജോര്‍ജ്ജ്, നൈനാന്‍ മാത്തുള്ള, തോമസ് വര്‍ഗീസ്, തോം വിരിപ്പന്‍, ടി.എന്‍. സാമുവല്‍, തോമസ് വൈക്കത്തുശ്ശേരി, ജോര്‍ജ്ജ് ഉമ്മന്‍, ജെയിംസ് മുട്ടുങ്കല്‍, ബാബു തെക്കേക്കര, കുര്യന്‍ മൃാലില്‍, ഷിജു തച്ചനാലില്‍, തുടങ്ങിയവരാണ് വേണ്ടത്ര ആമുഖത്തോടെ വിവിധ പരിപാടികളുടെ അവതാരകരായി വളരെ കൃത്യതയോടെ സമയബന്ധിതമായി പ്രവര്‍ത്തിച്ചത്. വൈസ് പ്രസിഡന്റ് പൊന്നുപിള്ള നന്ദിപ്രസംഗം നടത്തി. മലയാളം സൊസൈറ്റി ഓഫ് അമേരിക്കയെ വിജയകരമായി നയിച്ചു കൊണ്ടിരിക്കുന്ന ജോര്‍ജ്ജ് മണ്ണിക്കരോട്ടിനെ സേവനത്തിന്റെ അംഗീകാരമായി സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‌സില്‍ മെമ്പര്‍ കെന്‍ മാത്യു, പൊന്നാട ചാര്‍ത്തി ആദരിച്ചു. മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഭാഷാ-സാഹിത്യ സപര്യ അഭംഗുരം തുടരുമെന്ന പ്രഖ്യാപനത്തോടെയും ആശംസയോടെയും അനേകരെ സാക്ഷിയാക്കി സമംഗളം പരിപാടികള്‍ പര്യവസാനിച്ചു.
765
RELATED ARTICLES

Most Popular

Recent Comments