Thursday, May 2, 2024
HomeTravelകുട്ടനാടിന്റെ സൌന്ദര്യം (യാത്രാനുഭവം).

കുട്ടനാടിന്റെ സൌന്ദര്യം (യാത്രാനുഭവം).

ഷെരീഫ് ഇബ്രാഹിം.
ആഗ്രഹിക്കുന്നത് തെറ്റല്ല, അത്യാഗ്രഹം പാടില്ലെന്ന് മാത്രം. എനിക്കും ആഗ്രഹങ്ങൾ ഉണ്ടാവാറുണ്ട്. അതൊക്കെ നിറവേറാറുമുണ്ട്. അത് പോലെ ഒരു പാട് വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും കുട്ടനാടൻ പ്രദേശങ്ങൾ ബോട്ടിലൂടെ പോയി കാണണമെന്ന് ഒരാഗ്രഹം കുറെനാളായി മനസ്സിൽ നാമ്പിട്ടിട്ട്. കാറിനേക്കാൾ വീമാനത്തെക്കാൾ എനിക്ക് ഇഷ്ടമുള്ള യാത്ര ട്രെയിൻ, ബോട്ട് ആണ്. അങ്ങിനെയിരിക്കെ ആലപ്പുഴക്കാരനായ ഐഡിയ മേനേജർ ദീപു കുട്ടനാടിനെ പറ്റി വാതോരാതെ സംസാരിക്കുകയും എന്ത് സഹായം വേണമെങ്കിലും വാഗ്ദത്തം നൽകുകയും ചെയ്തപ്പോൾ ആഗ്രഹം പരമോന്നതിയിൽ എത്തി.
അങ്ങിനെ 2014 ഡിസംബർ 3ന്ന് ഞങ്ങൾ യാത്ര നടത്തി. പുലർച്ചെ തൃശ്ശൂർ റെയിൽവേ സ്റ്റെഷനിലെക്ക്. കാർ അവിടെ പാർക്ക് ചെയ്തു. 7 മണിക്കുള്ള ചെന്നൈ – ആലപ്പുഴ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ആലപ്പുഴയിലേക്ക്. വർഷങ്ങൾക്കു ശേഷമുള്ള തീവണ്ടിയാത്രയായതിനാൽ വല്ലാത്തൊരു ഹരം. തൃശ്ശൂരിൽ നിന്ന് ഏഴു മണിയോടെ പുറപ്പെട്ട തീവണ്ടി പത്തരമണിയോടെ ആലപ്പുഴ റെയിൽവേ സ്റ്റെഷനിൽ എത്തി. തീവണ്ടികളും സ്റ്റെഷനുകളും വർഷങ്ങൾക്ക് മുമ്പത്തേക്കാൾ ഒരു പാട് വൃത്തിയുള്ളതായിരിക്കുന്നു.
അവിടെ നിന്നും ബോട്ട് ജെട്ടിയിലേക്ക്.
കുട്ടനാടിന്നൊരു പ്രത്യേകതയുണ്ട്. സമുദ്രനിരപ്പിൽ നിന്നും താഴെയാണ് ചുറ്റുപാടുകളിലുള്ള നിലങ്ങൾ (പാടങ്ങൾ). കേരളത്തിൽ ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ഇത്തരം സ്ഥലങ്ങൾ വേറെ ഇല്ലായെന്നാണ് എന്റെ അറിവ്. തീവണ്ടിയിലും ബസ്സിലും ബോട്ടിലും വെച്ച് ഞാൻ ആലപ്പുഴയെ ആകപ്പാടെ ഒന്ന് വീക്ഷിച്ചു. എന്റെ നാടുകളിൽ ഓടിട്ട വീടുകൾ ഇല്ലായെന്ന് തന്നെ പറയാം. എന്നാൽ ആലപ്പുഴയിൽ കൂടുതലും അത്തരം വീടുകളായിരുന്നു. അതൊക്കെ കണ്ടപ്പോൾ എന്റെ ചെറുപ്പകാലം ഓർമവന്നു. ഞങ്ങളുടെ വീട്ടിലെ ഓടിന്മേൽ വീഴുന്ന മഴയുടെ ശബ്ദം ഒരു സംഗീതം പോലെ തോന്നിയിട്ടുണ്ട്. ആ സംഗീതം കേട്ടുറങ്ങാൻ എന്തു രസമായിരുന്നെന്നോ? അവിടെ കൈനികര എന്ന സ്ഥലത്തെ ഒരു അമ്പലവും ഞാൻ കണ്ടു. പഴയ മാതൃകയിലുള്ള അമ്പലം റോഡിൽ നിന്നും ഇമവെട്ടാതെ കുറെ നേരം നോക്കിനിന്നു.
ആലപ്പുഴയിൽ നിന്നും പുറപ്പെട്ടയുടനെ പുഴ തുടങ്ങി, പിന്നെ കായലും. പുന്നമടക്കായലും നെഹ്‌റു ട്രോഫി വള്ളം കളി നടക്കുന്ന സ്ഥലവും ആസ്വദിച്ചു കണ്ടു. ഒരു പാട് ചുണ്ടൻവള്ളങ്ങൾ കെട്ടിയിട്ടത് കാണുമ്പോൾ മനസ്സിനൊരു കുളിർമ. രണ്ട് സൈടുകളിലുമുള്ള വീടുകൾ നിൽക്കുന്ന സ്ഥലങ്ങൾ ഈ പുഴയെക്കാളും കായലിനേക്കാളും താഴെയാണ്, പാടങ്ങൾ അതിനേക്കാൾ താഴെയുമാണെന്ന് ഞാൻ എഴുതിയല്ലോ. ബോട്ടുകൾ പോകുമ്പോഴുണ്ടാവുന്ന ജലത്തിലെ ഇളക്കത്തിൽ വെള്ളം അവരുടെ മുറ്റത്തേക്ക് എത്തും. ഉടനെ വെള്ളം പാടത്തേക്ക് ഒലിച്ചു പോകും. രണ്ട് ഭാഗങ്ങളിലും ഒരു വരിയിലുള്ള വീടുകളാണ്. അതില്ലെങ്കിൽ കുട്ടനാട് മുഴുവൻ വെള്ളപ്പൊക്കം ഉണ്ടായേനെ. കുറച്ച് കഴിഞ്ഞപ്പോൾ ഈ അടുത്ത നാളിൽ വിശുദ്ധനാക്കപ്പെട്ട ചാവറ അച്ഛന്റെ ജന്മസ്ഥലവും പള്ളിയും കണ്ടു. പിന്നെ കണ്ടത് വേമ്പനാട്ടുകായലായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ചയായിരുന്നത്. അങ്ങകലെ നോക്കെത്താദൂരത്തോളം കായൽ. ദൈവം നല്ലൊരു കലാകാരനാണെന്ന് ഞാൻ ഓർത്തു. ഭൂമിയാവുന്ന കാൻവാസിൽ എന്തെല്ലാം നിറങ്ങളിൽ രൂപങ്ങളിൽ ഇത്തരം കാഴ്ചകൾ നമുക്കായി ഒരുക്കിയിരിക്കുന്നു. അത് കണ്ടാസ്വദിക്കാൻ നമുക്ക് കാഴ്ചയും നൽകിയിക്കുന്നു.
‘സൂറൂ, ഇതൊക്കെ കാണുമ്പോൾ ഒരു പാട്ട് പാടാൻ തോന്നുന്നു’ വാമഭാഗത്തിനോട് ഞാൻ എന്റെ ആഗ്രഹം പറഞ്ഞു. ‘അയ്യോ, അത് വേണ്ട, കരയിൽ വെച്ചാണെങ്കിൽ കേൾക്കുന്നവർക്ക് ഓടിപോകാം. ഇവിടെയാണെങ്കിൽ വെള്ളത്തിലേക്ക്‌ ചാടേണ്ടിവരില്ലേ?’
എന്തായാലും ആ ക്രൂരകൃത്യത്തിൽ നിന്ന് ഞാൻ പിന്മാറിയില്ല. സുഹറാക്ക് നീന്തൽ വശമില്ല. നീന്തൽ പഠിച്ചിട്ട് മതി വെള്ളത്തിൽ ഇറങ്ങാനെന്ന് ചെറുപ്പത്തിൽ അവളുടെ ഉമ്മ പറഞ്ഞിട്ടുണ്ടത്രേ
‘അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ, ചിന്നക്കിളി ചിങ്കാരക്കിളി എന്നെ നിനക്കിഷ്ടമാണോ? ഇഷ്ടമാണോ?’
എന്ന പല്ലവി ഞാൻ പാടി.
‘ഓളങ്ങൾ മൂളിവരും നേരം, വാരിപ്പുണരുന്നു തീരം, വാരി വാരിപ്പുണരുന്നു തീരം. മോഹങ്ങൾ തേടിവരും നേരം, ദാഹിച്ചു നിൽക്കുന്നു മാനസം’
എന്ന അനുപല്ലവി അവൾ പാടിയില്ല.
വെറുതെയല്ല, ഈ കുട്ടനാട്ടുകാർ പേരെടുത്ത കലാകാരന്മാർ ആയത്, തകഴിയെപ്പോലെ, മമ്മുട്ടിയെപ്പോലെ, കാവാലത്തെപോലെ… അവരൊക്കെ ഈ പ്രകൃതി കണ്ടറിഞ്ഞവരാണല്ലോ? ഇങ്ങിനെയൊക്കെ ആയില്ലെങ്കിലെ അതിശയമുള്ളൂ.
കൈനകരി എന്ന സ്ഥലത്ത് ഞങ്ങൾ കരയിലേക്ക് ഇറങ്ങി. നാലഞ്ചു കടകൾ മാത്രമുള്ള ഒരു സ്ഥലം. പിന്നെ ദൂരെപാടങ്ങൾ മാത്രം. എന്നിട്ടും അവിടെ നിന്ന് ആലപ്പുഴയിലെക്കും ചങ്ങനാശ്ശേരിക്കും മറ്റും ബസ്സുകൾ ഉണ്ട്. ഞങ്ങൾ പുഴയുടെ തീരത്ത് കൂടെ കുറച്ചു നടന്നു. അവിടെ ഒരു കൃഷിഭവനും ഒരു ആയൂർവേദ ആശുപത്രിയും പുഴയോട് ചേർന്ന് ആകെയുള്ള ഒരു ഹോട്ടെലും. അത് വനിതാ ഹോട്ടെലാണ്.
അവിടെയായിരുന്നു ഞങ്ങളുടെ ഭക്ഷണം.
വീണ്ടും ഞങ്ങൾ ബസ്സിൽ ആലപ്പുഴയിലേക്ക്.
ബസ്സിൽ വെച്ച് സുഹറയുടെ ശബ്ദം ‘ഇക്കാ, അങ്ങോട്ടൊന്ന് നോക്കിയേ’
അവൾ വിരൽ ചൂണ്ടിയിടത്തെക്ക് ഞാൻ നോക്കി. റോഡിന്റെ ഇരുവശവും ഫ്രഷ്‌ മീനുകൾ വില്പനയ്ക്ക് വെച്ചിരിക്കുന്നു.
ഞങ്ങൾ ആലപ്പുഴയിലേക്ക് എത്തി. അവിടെ സ്ത്രീകൾക്ക് നിസ്കരിക്കാവുന്ന ഒരു പള്ളിയുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചു. അവർ പറഞ്ഞപോലെ മസ്താന്റെ ജാറമുള്ള സമസ്തയുടെ ആ പള്ളിയിലെത്തി. യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കരിക്കാം എന്ന ബോർഡ്. ടിക്കറ്റ്‌ എടുത്ത് കയ്യിൽ വെച്ചു. പക്ഷെ, ടിക്കറ്റ്‌ ആരും ചോദിച്ചില്ല.
ഇപ്പോഴെങ്കിലും ഇത്തരം നല്ല ചിന്തകൾ പള്ളിക്കാർക്ക് വന്നതിന്ന് ദൈവത്തെ സ്തുതിച്ചു.
തിരിച്ച് ഞങ്ങൾ ട്രെയിൻ സ്റ്റെഷനിലെക്ക്.
എന്റെ കുട്ടനാട്ടുകാരെ, ഈ യാത്ര ഒരു സാമ്പിൾ വെടിക്കെട്ട്‌ മാത്രം. ദൈവം അനുവദിച്ചാൽ ഞങ്ങൾ വീണ്ടും വരും. രണ്ട് ദിവസം മുഴുവൻ നിങ്ങളുടെ ഗ്രാമത്തിന്റെ കായലിന്റെ ഹൃദയത്തിലൂടെ ഒഴുകാൻ.
എന്റെ നാട്ടുകാരെ, പ്രവാസി മലയാളികളെ, നിങ്ങൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കുട്ടനാട് സന്ദർശിക്കണം. അപ്പോൾ നിങ്ങൾ പറയും ഇത് ഭൂമിയിലെ ഒരു സ്വർഗമാണെന്ന്.
ഞാൻ തുടക്കത്തിൽ എഴുതിയത് ആവർത്തിക്കട്ടെ. ഞാനൊരുപാട് യൂറോപ്പ്യൻ, പൂർവേഷ്യൻ, അറേബിയൻ രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പക്ഷെ, ഈ നാട്ടിലെ കാഴ്ചകൾ, രൂപങ്ങൾ, ഭൂമിയുടെ കിടപ്പ് തുടങ്ങിയവ ഞാനൊരിടത്തും കണ്ടിട്ടില്ല. വഴിയിൽ കണ്ടുമുട്ടിയ അക്കാമചേച്ചിയോട് ഞാൻ ആ നാടിന്റെ ഗുണഗണങ്ങൾ പറഞ്ഞപ്പോൾ ആ ചേച്ചി പറഞ്ഞതിങ്ങനെ. ‘മോനെ, മോൻ പറഞ്ഞതൊക്കെ ശെരി തന്നെ. പക്ഷെ ഞങ്ങൾക്ക് ഇവിടെ മടുത്തു’.
ശെരിയാണ്. അല്ലെങ്കിലും ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച എന്നാണല്ലോ?
—————————–
മേമ്പൊടി:
(പുഴകൾ, മലകൾ, പൂവനങ്ങൾ ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങൾ
സന്ധ്യകൾ മന്ദാര ചാമരം വീശുന്ന ചന്ദനശീതള മണൽപുറങ്ങൾ
ഇവിടമാണിവിടമാണിതിഹാസരൂപിയാം ഈശ്വരനിറങ്ങിയ തീരം
ഇവിടമാണാദ്യമായ് മനുജാതിലാഷങ്ങൾ ഇതളിട്ട സുന്ദരതീരം
കതിരിടുമിവിടമാണദ്വൈതചിന്തതൻ കാലടി പതിഞ്ഞൊരു തീരം
പുരുഷാന്തരങ്ങളെ ഇവിടെ കൊളുത്തുമോ പുതിയൊരു സംഗമദീപം?)
 ഇത് “നദി” എന്ന സിനിമയിലെ ഒരു ഗാനമാണ്. പക്ഷെ എനിക്കിതൊരു ഗാനമായിട്ടല്ല, കവിതയായിട്ടാണ് തോന്നുന്നത്. ഭൂമിയെ മാതാവായും ദേവിയായും കരുതുന്നവരുണ്ടല്ലോ? ആ സ്ത്രീക്ക് കൊടുത്ത സ്ത്രീധനമാണ് പുഴകളും മലകളും മറ്റും എന്നാണ് വയലാർ എഴുതിയത്. സ്ത്രീധനം സ്ത്രീകൾക്കുള്ളതാണെന്ന സത്യം വയലാർ ഈ കവിതയിലൂടെ പറയാതെ പറയുന്നില്ലേ? ഇത്തരം ഒരു കവിത ആലപ്പുഴക്കാർക്കെ എഴുതാൻ കഴിയൂ. മലകളില്ലാത്ത കേരളത്തിലെ ഏകജില്ലയായ ആലപ്പുഴയിൽ ജനിച്ച വയലാർ രാമവർമ മലയെകൂടി ഉൾപെടുത്തിയത് അദ്ധേഹത്തിന്റെ ഭാവനയുടെ മകുടോദാഹരണമാണ്.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments