Friday, May 3, 2024
HomePoemsതിരയുന്നു ഞാനെന്നെത്തന്നെ.

തിരയുന്നു ഞാനെന്നെത്തന്നെ. [കവിത]

നിഷ ഉണ്ണി.  {For street light fb group}
പ്രിയയാം സന്ധ്യയോടു യാത്രചൊല്ലാൻ
മടിയുമായി  അസ്തമയസൂര്യൻ,അന്തിച്ചോപ്പിൽ കുളിച്ചുവെന്നാലും
കാർമുകിൽമാലാനിമാർ ചേർത്തണച്ച ആകാശനീലിമയെ വൃഥാ തിരഞ്ഞുവോ
ഈ കടലും ആർത്തുല്ലസ്സിക്കുന്ന തിരമാലക്കൂട്ടങ്ങളും കുളിർക്കാറ്റും എന്നോടു കൂട്ടായ നാളുകൾ,ഏറെ പ്രിയങ്കരം,ഇന്നും നീ തന്ന ഏറ്റവും പ്രിയം .
കാറ്റിന്‍റെ കൈകളിലൊളിച്ചൊരു തുളളിയെൻ കവിളിനെ ചുംബിച്ചനേരമെന്നിലേക്കരിച്ചിറങ്ങിയൊരിളം കുളിരിൽ നിന്നെ ഞാനറിഞ്ഞു,നിന്റെ പ്രണയവും.
തീരത്തിലൂടെ നിന്റെ  തോളില്‍  കൈകള്‍  ചേർത്തു നിന്റെ കാല്പ്പാടുകളെ പിൻതുടരുമ്പോൾ,
കടൽത്തിരകളെ തോല്പ്പിച്ച ഭാവത്തി ൽ കിതച്ചോടി വന്നു നിന്റെ തോളോരം തലചായ്ച്ചു ശ്വാസഗതികളെ നിന്നുച്ഛ്വാസത്തോടു ചേർക്കുമ്പോഴും,
നിൻ കൈകള്‍ കോർത്തു കണ്ണെത്താദൂരം താണ്ടുമീ സ്നേഹതീരത്തിലൂടെ നടന്നു നീ മൂളുന്ന കവിതയിലെന്നെ തിരയുമ്പോഴും
ധന്യമാമീ ജന്മത്തെ ഞാൻ ഒരുപാടു  സ്നേഹിച്ചിരുന്നു.അന്നറിഞ്ഞില്ലിതൊരു നുറുങ്ങുവെട്ടം മാത്രമെന്നു.
നീ എഴുതി  പാതി പറഞ്ഞ കവിതയിലെ ശേഷിക്കുന്നോരോ അക്ഷരവും മാഞ്ഞുപോയിരിക്കുന്നു,ഒരിക്കലും തെളിയാത്തവണ്ണം.
കണ്ണന്‍റെ ചുണ്ടുകൾ ചുംബിച്ചിരുന്ന,ആരും കൊതിച്ചിരുന്ന പുല്ലാങ്കുഴലിന്നു
യമുനയിലെ ഓളങ്ങൾ തഴുകി  ദിക്കറിയാതെ ഒഴുകുംപോലെ,ഞാൻ തിരയുന്ന നിൻ കവിതയിലെ ശേഷിപ്പുകൾ…അല്ല എന്നെത്തന്നെ..
ഏറെദൂരം താണ്ടിയെങ്കിലും ഇനിയൊന്നു തിരിഞ്ഞുനടക്കണം.നിൻറെ കാലടികൾ ആ സ്നേഹതീരത്ത് നഗ്നമായയെൻറെ പാദങ്ങൾ ചേരുന്നനേരം എന്നിലെ പ്രണയം വീണ്ടുമുണരണം.നറുനിലാവുളള രാത്രിയിൽ താരങ്ങൾ തിരികെ തരുന്ന നിൻറെ  കവിതയിലെ  അക്ഷരങ്ങളെ ചേർത്തു നീ ചൊല്ലുമ്പോൾ,അങ്ങു ദൂരെ നകഷത്രലോകത്തെ താരാക്കൂട്ടം ചന്ദ്രലേഖയോടു സ്വകാര്യമായി പറഞ്ഞതെന്താവാമെന്നു ദൂരെ അവരെ നോക്കിയിരിക്കുന്ന നിൻ മിഴികളില്‍ നോക്കിയെനിക്കു ചോദിക്കണം.
കർമ്മബന്ധങ്ങൾ അവസാനിക്കുന്നിടത്തു എന്നെ ഞാൻ കാണും,നിൻറെ  വിരൽത്തുമ്പിലൂടൊഴുകുന്ന അക്ഷരങ്ങൾക്കിടയിലെ കവിതയായ്..
അന്നു ദിക്കുതെറ്റിയൊഴുകിയ പൊന്നോടക്കുഴൽ തൻറെ ചൊടിയോടു ചേർത്തകണ്ണൻറെ മോഹനഗാനമെൻ കർണ്ണങ്ങളെ ചുംബിക്കുമ്പോൾ വീണ്ടുമൊരു വൃന്ദാവനം സൃഷ്ടിക്കപ്പെട്ടുവോ?
സുന്ദരസ്വപ്നത്തിൻ വീഥിയിലിന്നു ഞാനെന്നെ
മറന്നങ്ങു നില്ക്കുന്ന വേളയില്‍
ചിലങ്കതൻ മണികളടരുംനാദംപോൽ
മഴമുത്തുമണികളെന്നെ പുല്കിയുണർത്തവെ,
ആഴിയിൽ മറഞ്ഞൊരാ സൂര്യനും
മുകിലിൻ മറയിലൊളിച്ചൊരു ചന്ദ്രനും
മറുവാക്കു ചൊല്ലാതെ മറഞ്ഞീടവെ
ഉഴറുന്ന പാദവും പേറി ഞാൻ തിരയുന്നു,
കാണാതെ പോയൊരീ  എന്നെത്തന്നെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments