Sunday, January 11, 2026
HomeKeralaനിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു .

നിയമസഭാ തെരഞ്ഞെടുപ്പ് വിജയിക്കുന്നതിന് സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു .

റസാഖ് പാലേരി.

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയിക്കുന്നതിന് വേണ്ടിയുള്ള കാമ്പയിനിന്റെ ഭാഗമായി കേരളത്തിൻ്റെ സാമൂഹിക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന രീതിയിൽ സിപിഎമ്മിന്റെ വിവിധ നേതാക്കൾ വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹംകേരളത്തിൻ്റെ മതേതര പാരമ്പര്യത്തെ പരമാവധി പ്രകോപിപ്പിച്ച് സംഘപരിവാറിന് കളമൊരുക്കാൻ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ നടത്തുന്ന ആസൂത്രിത ശ്രമത്തെ സിപിഎം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞദിവസം ഇസ്ലാമോഫോബിയ ലക്ഷ്യം വച്ച് മാറാട് കലാപത്തെ കുറിച്ച് മുൻ മന്ത്രി എ. കെ ബാലൻ നടത്തിയ പ്രസ്താവന വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സോഷ്യൽ എൻജിനീയറിങ് താല്പര്യങ്ങൾ മുൻനിർത്തിയാണെന്ന് വ്യക്തമാണ്. സംസ്ഥാനത്ത് സംഘപരിവാർ ആഗ്രഹിക്കുന്ന യുക്തിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വ്യക്തികൾക്ക് സാമൂഹിക സ്വീകാര്യത നൽകുന്ന അപകടകരമായ അന്തരീക്ഷമാണ് സിപിഎം രൂപപ്പെടുത്താൻ ശ്രമിക്കുന്നത്.
ഭരണ നേട്ടങ്ങളും പരാജയങ്ങളും ചർച്ച ചെയ്യേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കാമ്പയിനിൽ വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇന്ധനമായി ഉപയോഗിക്കുന്നത് കേരളത്തിൽ സംഘപരിവാറിനാണ് ഗുണം ചെയ്യുക എന്നത് തെരഞ്ഞെടുപ്പ് കണക്കുകൾ ബോധ്യപ്പെടുത്തുന്നുണ്ട്. ദിനംപ്രതി സമൂഹത്തിൽ വംശീയ ധ്രുവീകരണത്തിന് സഹായകരമാകുന്ന വ്യാജ ആരോപണങ്ങളാണ് വെള്ളാപ്പള്ളി നടേശൻ നടത്തിക്കൊണ്ടിരിക്കുന്നത്. തെളിവുകളോ വസ്തുതകളോ ഇല്ലാത്ത പ്രസ്താവനകളോട് ചോദ്യം ഉന്നയിക്കുന്ന മാധ്യമപ്രവർത്തകരെ ശാരീരികമായി കയ്യേറ്റം ചെയ്യാനും മുസ്‌ലിം തീവ്രവാദി ലേബൽ ചാർത്തി നൽകാനുമാണ് ശ്രമിക്കുന്നത്. വെള്ളാപ്പള്ളിയുടെ ഇത്തരം വംശീയ വിരുദ്ധ പ്രസ്താവനകളും വിഷം നിറഞ്ഞ ആരോപണങ്ങളും ഏറ്റെടുക്കുന്നത് ഇടതുമുന്നണിക്ക് തന്നെ ബാധ്യതയാകുമെന്ന് എൽഡിഎഫിലെ രണ്ടാം ഘടകകക്ഷി കൂടിയായ സിപിഐ പറയുന്നുണ്ട്. എന്നാൽ ഇതിനെ മുഖവിലക്കെടുക്കാനോ വെള്ളാപ്പള്ളിയെ തിരുത്താനോ പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ തയ്യാറാകുന്നില്ല.
കേരളത്തിലെ മതേതരത്വ അന്തരീക്ഷത്തെ അട്ടിമറിക്കാൻ ബോധപൂർവ്വം ശ്രമങ്ങൾ നടത്തുന്നവരെ നവോത്ഥാന സംരക്ഷണ സമിതിയുടെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിലനിർത്താനും കൂടുതൽ അംഗീകാരത്തോടെ ചേർത്തുനിർത്താനുമാണ് ഇടതുപക്ഷ ഭരണകൂടം ശ്രമിക്കുന്നത്. വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന സന്ദർഭങ്ങളിൽ അതിനെതിരെ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാതെ വരുമ്പോൾ കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷ സമൂഹത്തെ ഭീകരവൽക്കരിച്ചും മലപ്പുറം ജില്ലക്കെതിരെ വെറുപ്പ് ഉല്പാദിപ്പിച്ചും ചോദ്യങ്ങൾ അപ്രസക്തമാക്കാമെന്നാണ് കരുതുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ കാമ്പയിനിൽ സിപിഎം നേതൃത്വം കൊടുക്കുന്ന നിരവധി വർഗീയ ധ്രുവീകരണ പ്രവർത്തനങ്ങൾ കേരളം മനസ്സിലാക്കിയതാണ്. മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നൽകിക്കൊണ്ട് ആസൂത്രിതവും സ്ക്രിപ്റ്റഡുമായി മുസ്‌ലിം വിരുദ്ധത ആളിക്കത്തിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് എറണാകുളംതൃശൂർ തുടങ്ങിയ ജില്ലകളിൽ പിണറായി വിജയൻ നടത്തിയ പത്രസമ്മേളനങ്ങൾ മുസ്‌ലിം വിരുദ്ധ പ്രചരണ അന്തരീക്ഷം നിർമ്മിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. കോഴിക്കോട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ മത്സരിച്ച സ്ഥാനാർത്ഥികളെ ലക്ഷ്യം വെച്ച് സോഷ്യൽ മീഡിയയിൽ വലിയ അധിക്ഷേപം നടന്നു. “താടിവെച്ചവരും തട്ടമിട്ടവരും വരുന്നത് നാടിന് അപകടമാണ്” എന്ന തരത്തിലുള്ള ട്രോളുകൾ ഇടത് അനുകൂല സൈബർ വിങ്ങുകൾ വ്യാപകമായി പ്രചരിപ്പിച്ചത് പത്രങ്ങളിൽ വാർത്തയായിരുന്നു. ഇങ്ങനെ ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നും നിരവധി ഇസ്‌ലാം പേടി വർദ്ധിപ്പിക്കുന്ന പ്രചരണ തന്ത്രങ്ങളുടെ ഉദാഹരണങ്ങൾ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുൻനിർത്തി കാണാൻ കഴിയും.
നവോത്ഥാന സംരക്ഷണ സമിതിയുടെ ചെലവിൽ ന്യൂനപക്ഷ വിരുദ്ധ പ്രചരിപ്പിക്കാൻ സിപിഎം രഹസ്യമായി സൗകര്യം ചെയ്തു കൊടുക്കുമ്പോൾ കേരളീയ സമൂഹം അതിനെ മതേതര മൂല്യങ്ങളിലൂടെ തിരുത്താനാണ് തീരുമാനമെടുത്തതെന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയതാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണ നേട്ടങ്ങളും പരാജയങ്ങളും മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് നേതൃത്വം നൽകാൻ ഇടതുപക്ഷം തയ്യാറാകണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ
റസാഖ് പാലേരി (സംസ്ഥാന പ്രസിഡണ്ട്)
മുനീബ് കാരകുന്ന്(ജില്ലാ ജന:സെക്രട്ടറി
ആരിഫ് ചുണ്ടയിൽ (ജില്ല വൈസ് പ്രസിഡണ്)
ഷാക്കിർ മോങ്ങം(ജില്ല സെക്രട്ടറി)
2026 ജനുവരി 07
കൂടുതൽ വിവരങ്ങൾക്ക്:
ആദില്‍ അബ്ദുറഹീം
സ്റ്റേറ്റ് മീഡിയ കോര്‍ഡിനേറ്റര്‍
ഫോണ്‍ – +91 9895550436
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments