അഭിലാഷ് ജോൺ.
കല്ലുവാതുക്കൽ മദ്യദുരന്തം നടന്നിട്ടു 2025 ഒക്ടോബറിൽ ഇരുപത്തഞ്ചു വര്ഷം തികയുകയാണ് . അന്നുമുതൽ പലപ്പോഴും സ്‌ഥലമെവിടെ എന്ന ചോദ്യത്തിന് കല്ലുവാതുക്കൽ എന്ന മറുപടിക്ക് “നമ്മു ടെ താത്തയുടെ നാടോ? “എന്ന മറുചോദ്യം കേൾക്കുന്നത് പതിവായിരുന്നു. .കല്ലുവാതുക്കൽ മദ്യദുരന്തവും അതിനു കരണക്കാരായവരും അത്രയേറെ വാർത്തകളിൽ ഇടം പിടിക്കയുണ്ടായി .പിന്നീട് ഏതാനും വർഷങ്ങൾക്ക് ശേഷം അതെ ഗ്രാമപഞ്ചായത്തിൻ്റെ ജനപ്രതിനി യാകാൻ അവസരം ലഭിച്ചപ്പോൾ ദുരന്തത്തിന് ഇരയായവരെയും ,ദൃക്‌സാക്ഷികളായവരെയും കൂടുതൽ കാണാനും മനസ്സിലാക്കുവാനും സാധിച്ചു.
അന്നൊരു ഞായറാഴ്ച്ച ആയിരുന്നു .പള്ളി മണികൾ മുഴങ്ങുന്നതോടൊപ്പം ദൂരെ നിന്നും ആംബുലൻസുകളുടെ സൈറൺ കേൾക്കാം. ദേശീയപാതയോടു ചേർന്നുള്ള പ്രദേശമായതിനാൽ അതിവിടെ പതിവാണ് .എന്നാൽ ഇന്ന് ഒന്നിനുപുറകെ ഒന്നായി ആംബുലസുകൾ ഗ്രാമ ഇടവഴികളിലൂടെ ചീറിപ്പായാൻ തുടങ്ങി .പിന്നാലെ മദ്യം കഴിച്ചവരെല്ലാം ഉടനടി ചികിത്സ തേടണമെന്ന പഞ്ചായത്തിന്റെയും പോലീസിന്റെയും അറിയിപ്പും .കല്ലുവാതുക്കൽ താത്ത എന്ന ഹയറുന്നിസയുടെ വീട്ടിൽനിന്നും മദ്യംകഴിച്ച പലരും അവശനിലയിലാണെന്ന വാർത്ത നാടാകെ പരന്നു .തുടർന്ന് മരണങ്ങളുടെ കണക്കുകൾ വരാൻ തുടങ്ങി .മദ്യദുരന്തത്തിൽ ആദ്യം മരിച്ചത് താത്തയുടെ വേലക്കാരിയായിരുന്ന കൗസല്യ എന്ന സ്ത്രീയായിരുന്നു .പിന്നേ തുടരെ തുടരെ മരണങ്ങൾ .ഏകദേശം മുപ്പത്തൊന്നു പേരാണ് മരണത്തിനു കീഴടങ്ങിയത് . കാഴ്ച നഷ്ടപ്പെട്ട്, രോഗങ്ങള്‍ക്കു കീഴടങ്ങി മരിച്ചതിനുതുല്യം ജീവിക്കുന്നവര്‍ വേറേയും. ഇരയായവരിൽ ഏറെയും കൂലിപ്പണിക്കാരായ പാവപ്പെട്ടവർ .കുറഞ്ഞചെലവിൽ മദ്യം കിട്ടുമെന്നതിനാൽ പകലന്തിയോളം പണിയെടുക്കുന്ന പാറക്വാറി തെഴിലാളികളും , കോളനിനിവാസികളും താത്തയുടെ ഷാപ്പിലെ നിത്യസന്ദര്ശകരായിരുന്നു .
കല്ലുവാതുക്കൽ ജൻഷനുസമീപം പോലീസ് കയറാതിരിക്കാൻ ഉയർന്ന പൊക്കത്തിൽ മതില്കെട്ടിയ, എല്ലാസൗകര്യങ്ങളും ഉള്ള ഒരു കെട്ടിടത്തിലായിരുന്നു താത്തയുടെ ഷാപ്പ് .ഏകദേശം അഞ്ചുകിലോമീറ്ററിൽ താഴെ മാത്രംദൂരമുള്ള പാരിപ്പള്ളി പോലീസ് സ്റ്റേഷൻ ,ചാത്തന്നൂർ എക്‌സൈസ് ഓഫീസ് എന്നിവ വെറും നോക്കുകുത്തികളായി നിന്നു .പോലീസ്കാർ, ഉദ്യോഗസ്ഥർ ,രാഷ്‌ട്രീയക്കാർ എന്നിവർ ചേർന്ന ഒരു അവിശുദ്ധകൂട്ടുകെട്ട് താത്തയുടെ കാര്യങ്ങൾ എളുപ്പമാക്കി .എക്‌സൈസ് സംഘം വീട്ടിൽ പരിശോധന നടത്തുമായിരുന്നത്രെ പക്ഷേ ഒന്നും നടക്കില്ല. മുൻകൂട്ടി അറിയിച്ച സംഘം എത്തുമ്പോഴേക്കും വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന മദ്യം ശുചിമുറിയിൽ ഒഴുക്കിക്കളയുമായിരുന്നു .ടാങ്കിൽ ശേഖരിച്ചിരുന്ന മദ്യം ടാപ്പിലൂടെ ആയിരുന്നു വിതരണം നൽകിയിരുന്നത് .വലിയ ഗേറ്റിലെ ചെറിയ കിളി വാതിൽ തുറന്നു ആളിനെ വ്യക്തമായി മനസ്സിലാക്കിയതിനു ശേഷമായിരുന്നു അകത്തു പ്രവേശിപ്പിച്ചിരുന്നത് .
ദുരന്തം നടന്നു ഏതാനും ദിവസങ്ങൾക്കു ശേഷം ഹയരുന്നിനയെ ഒന്നാംപ്രതിയാക്കി പോലീസ് കേസടുത്തു . ഒളിവിൽ പോയെങ്കിലും ഹയറുന്നിസ പിന്നീട് പോലീസ് പിടിയിലായി .ഇതിനകം തെളിവുകൾ എല്ലാം നശിപ്പിക്കാൻ മതിയായ സമയം ലഭിച്ചിരുന്നെങ്കിലും മദ്യം കഴിച്ചവരുടെ മരണ മൊഴികൾ പ്രധാന തെളിവായി .രണ്ടായിരം നവംബറിൽ ഐ .ജി സിബി മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ,കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു .കേസിൽ ഹയറുന്നിസക്കും കൂട്ടുപ്രതി മണിച്ചനും അടക്കം പതിമൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു .2009 മാർച്ചിൽ കരൾ രോഗത്തെ തുടർന്ന് ,സ്വത്തം വീട്ടിൽകിടന്നു മരിക്കണമെന്ന ആഗ്രഹം ബാക്കിയാക്കി ജയിലിൽ കിടന്നു തന്നെ ഹയറുന്നിസ മരിച്ചു.തുടർന്ന് മണിച്ചനടക്കം മറ്റു മുപ്പത്തിമൂന്നു പ്രതികളും ജയില്മോചിതരായി .
കോടതികളെല്ലാം അന്നത്തെ സർക്കാരിനെയും ,ഉദ്യോഗ്സസ്ഥരെയും കണക്കിട്ടു വിമർശിച്ചിരുന്നു .വൻ രാഷ്ട്രീയക്കാരും ,പോലീസ് ഉദ്യോഗസ്ഥരും എല്ലാവരും താത്ത അടക്കം മദ്യക്കച്ചവടക്കാരിൽ നിന്നും പണം കൈപ്പറ്റിയിരുന്നു .പലപ്പോഴും ഇത്തരം ദുരന്തങ്ങക്കു ഇരയാകുന്നത് പാവപ്പെട്ടവരും. ഇന്നും സാഹചര്യം ഒട്ടും . വിത്യാസപ്പെട്ടിട്ടില്ല .രാഷ്ട്രീയക്കാരെയും ,ഉദ്യോഗസ്ഥരെയും നിലക്ക് നിർത്താനും ,അഴുമതിയും ,സ്വജനപക്ഷപാതവും ഇല്ലാതാക്കാനും കഴിവുള്ള ഒരു ഗവണ്മെന്റും ,ഭരണവും നിലവിൽ വരട്ടെ എന്നും ,അങ്ങനെ ഇത്തരം മനുഷ്യ നിർമ്മിതമായ ദുരന്തങ്ങൾ ഇനിയെങ്കിലും ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് ആശംസിക്കുക മാത്രം ചെയ്യാം .
