പ്രവാസി വെൽഫെറെ ഫോറം.
മലപ്പുറം: പ്രവാസികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ 3000 രൂപയിൽ നിന്നും 5000 രൂപയാക്കി ഉയർത്തണമെന്ന് പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്ലം ചെറുവാടി ആവശ്യപ്പെട്ടു. പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൻഷന് അർഹത നേടാൻ ഓരോ മാസവും 200-300 രൂപ അംശാദായം 60 വയസ്സ് വരെ അടച്ച് തീർത്തിട്ടാണ് പെൻഷൻ നൽകുന്നതെന്നും പ്രവാസികളുടെ സാന്ത്വന സഹായങ്ങൾ കാലതാമസം കൂടാതെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ, പ്രവാസികൾ ഇന്നനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും അവ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും തീരുമാനിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ അമീർഷാ പാണ്ടിക്കാട്, ഹംസ തലക്കടത്തൂർ, മുഹമ്മദ് ഫാറൂഖി പൊന്നാനി, അബുല്ലൈസ് മലപ്പുറം എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് ബന്ന മുതുവല്ലൂർ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി എകെ സെയ്തലവി സ്വാഗതവും മുഹമ്മദലി മങ്കട നന്ദിയും പറഞ്ഞു.