Saturday, July 5, 2025
HomeAmericaപന്ത്രണ്ടു വർഷം പിന്നിട്ടിട്ടും ജ്വലിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ.

പന്ത്രണ്ടു വർഷം പിന്നിട്ടിട്ടും ജ്വലിക്കുന്ന സ്മരണകളിൽ പാട്രിക് മരുതുംമൂട്ടിൽ.

പി.പി ചെറിയാൻ.

ഡാലസ്:താൻ സ്നേഹിച്ച , തന്നെ സ്നേഹിച്ച ദേവാലയത്തോടു  യാത്ര പറഞ്ഞു പന്ത്രണ്ട് വര്‍ഷം പിന്നിടുമ്പോഴും അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക് മരുതുംമൂട്ടിലിന്റെ തുടിക്കുന്ന സ്മരണകള്‍ മാർത്തോമാ സഭ ജനങ്ങളിൽ പ്രത്യേകിച്ച് ഡാളസ് സെന്റ്‌  പോൾസ് മാർത്തോമാ ഇടവകജനങ്ങളിൽ അണയാത്ത ജ്വാലയായി അവശേഷിക്കുന്നു.

നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായി  ഒരു വ്യക്തിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ്  പാട്രിക് മരുതുംമൂട്ടിലിനു മാർത്തോമാ സഭ നൽകിയത് എന്നാല്‍ ആ സ്മരണ നിലനിര്‍ത്തുന്നതിനു നോര്‍ത്ത് അമേരിക്കാ യൂറോപ്പ് മര്‍ത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക് മിഷന്‍ പ്രോജക്റ്റ് ഇന്നും പൂർത്തീകരിക്കാനാകാതെ  അനിശ്ചിതത്വത്തിൽ തന്നെ !!

നോര്‍ത്ത് അമേരിക്കാ, യൂറോപ്പ് ഭദ്രാസനം നാറ്റീവ് മിഷന്റെ ആഭിമുഖ്യത്തില്‍ ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ സംഘടിപ്പിച്ച വെക്കേഷന്‍ ബൈബിള്‍ സ്കൂളിനുള്ള ക്രമീകരണങ്ങള്‍ക്കായി കൂട്ടുക്കാരുമൊത്ത് കാറില്‍ യാത്ര ചെയ്യുന്നതിനിടയിലുണ്ടായ അപകടത്തിൽ 2013 ജൂണ്‍ 4 നാണു പാട്രിക്കിനെ മരണം തട്ടിയെടുത്തത്.2004 ല്‍ ഉപരിപഠനാര്‍ത്ഥം അമേരിക്കയിലെത്തി ഇലക്ട്രിക് എന്‍ജീനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ പാട്രിക് ടെക്‌സസ് ഇന്‍സ്ട്രുമെന്റില്‍ ജോലിയില്‍ പ്രവേശിച്ചു അധികം താമസിയാതെയാണ് മരണമടഞ്ഞത്.

മലയാളികളായ ചെറിയാന്‍ ജെസ്സി ദമ്പതിമാരുടെ ഏക മകനായ പാട്രിക് പഠനത്തിലും സ്‌പോര്‍ട്‌സിലും ഗിറ്റാര്‍ വായനയിലും അതീവ സമര്‍ത്ഥനായിരുന്നു.ക്രൈസ്തവ മൂല്യങ്ങളും, വിശ്വാസങ്ങളും മുറുകെ പിടിക്കുന്നതില്‍ ദത്തശ്രദ്ധനായിരുന്നു എന്നു മാത്രമല്ല, ആധുനിക സംസ്ക്കാരത്തിന്റെ ദൂഷിത വലയത്തിലകപ്പെട്ടു അന്ധകാര ശക്തികള്‍ക്കു അടിമപ്പെട്ടിരുന്ന നിരവധി യുവജനങ്ങളെ സത്യപ്രകാശത്തിലേക്ക്ു നയിക്കുന്നതിനുള്ള പ്രേരകശക്തി കൂടി ആയിരുന്നു പാട്രിക്ക്  മരുതുംമൂട്ടില്‍.

കോളേജ് വിദ്യാഭ്യാസത്തിനിടെ, സീനിയര്‍ ഓറിയന്റേഷന്‍ ടീം മെന്റര്‍, യുറ്റി.ഡി. സ്റ്റുഡന്റ് അംബാസിഡര്‍, ഗോള്‍ഡന്‍ കി ഹന്നര്‍ സൊസൈറ്റി എന്നീ തലങ്ങളില്‍ പ്രവര്‍ത്തനനിരതനായിരുന്നു.

ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗമായിരുന്ന പാട്രിക്ക് ഡാലസിലെ മാത്രമല്ല, അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ യുവാക്കളെ സംഘടിപ്പിച്ചു ആത്മീയ നേതൃത്വം നല്‍കുന്നതില്‍ മുന്‍ പന്തിയിലായിരുന്നു.മാര്‍ത്തോമ സഭക്കുവേണ്ടി പാട്രിക് ചെയ്ത സേവനങ്ങളെ മാനിച്ചു ഉചിതമായ സ്മാരകം നിര്‍മ്മിക്കുമെന്നും അതു പാട്രിക് മിഷന്‍ പ്രോജക്റ്റിന്റെ ഭാഗമായിരിക്കുമെന്നും 2014 ല്‍ ഭദ്രാസന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ കാലം ചെയ്ത ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തായുടെ സാന്നിധ്യത്തില്‍ അന്നത്തെ ഭദ്രാസന എപ്പിസ്‌കോപ്പയാണ് പ്രഖ്യാപിച്ചത്.

പാട്രിക്കിന്റെ ഒന്നാം ചരമ വാര്‍ഷികദിനമായ 2015 ജൂണ്‍ നാലിന് ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ പുതിയ കെട്ടിടത്തിന്റെ കൂദാശ നിര്‍വ്വഹിക്കുന്നതിനുമായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്.ഇതിന്റെ ചുമതല സൗത്ത് വെസ്റ്റ് റീജിയണല്‍ ആക്ടിവിറ്റി കമ്മിറ്റിയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. 2,20,000 ഡോളര്‍ ചില വഴിച്ചു രണ്ടു ഘട്ടങ്ങളിലായി  പണിപൂര്‍ത്തികരിക്കാനായിരുന്നു തീരുമാനം

ഭദ്രാസന എപ്പിസ്‌കോപ്പാ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് തെയോഡോഷ്യസിന്റെ കാലാവധി പൂര്‍ത്തിയാക്കിയിട്ടും പണി ആരംഭിക്കുവാന്‍ കഴിയാതിരുന്നത് മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പുതിയ ഭദ്രാസനാധിപനായി ചുമതലയേറ്റ ഐസക്ക് മാര്‍ ഫിലക്‌സിനോസ് 2016 ഓഗസ്റ്റ് 13 ന് ഗ്രൗണ്ട് ബ്രേക്കിങ്ങ് സെറിമണിയോടെ ആരംഭിച്ചു. ഈ കെട്ടിടത്തിന്റെ ആദ്യഘട്ടം ഒരു ലക്ഷത്തിലധികം ഡോളര്‍ ചിലവഴിച്ചു പൂര്‍ത്തിയാക്കിയതിന്റെ കൂദാശാകര്‍മ്മം 2017 ജൂണ്‍ 8 ന് എപ്പിസ്‌കോപ്പാ നിര്‍വ്വഹിച്ചു. ഇപ്പോള്‍ എട്ടു വര്‍ഷം കൂടി കടന്നു പോയിരിക്കുന്നു.

ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചിടത്തു തന്നെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമോ, അതോ പ്രോജക്ടിന്റെ പ്രവര്‍ത്തനം ഔദ്യോഗീകമായി അവസാനിപ്പികുന്നുവെന്നു  പ്രഖ്യാപനം ഉണ്ടാകുമോ സഭാ ജനങ്ങളുടെ ആകാംഷയോടെ കാത്തിരിപ്പു ഇന്നും തുടരുകയാണ് .

ഭദ്രാസന സഭാ നേതൃത്വം വളരെ പ്രതീക്ഷയോടെ ഏറ്റെടുത്ത പാട്രിക് മിഷന്‍ പ്രോജക്റ്റ് പോലെ തന്നെ ,ഇതിനു മുൻപ് തുടങ്ങിയ പല പദ്ധതികളും പൂര്‍ണമായും ഫലപ്രാപ്തിയില്‍ എത്തിയോ?ഭദ്രാസനനത്തിന്റെ പ്രശസ്തി വാനോളം ഉയർത്തിയ അറ്റ്ലാന്റാ പ്രൊജക്റ്റ് ഉൾപ്പെടെ പുതിയതായി ഏറ്റെടുക്കുന്ന പ്രൊജെക്ടുകള്‍കും   ഗതി  ഇതുതന്നെയായിരിക്കുമോ എന്ന ന്യായമായ സംശയം അവശേഷിക്കുന്നു.

ഒക്കലഹോമ ബ്രോക്കന്‍ ബോയില്‍ ഇത്രയും തുക ചിലവഴിച്ചു പൂര്‍ത്തീകരിച്ച കെട്ടിടം ഇത്രയും  വര്‍ഷത്തിനുള്ളില്‍ എത്ര തവണ ഉപയോഗിക്കേണ്ടിവന്നുവെന്നതും  ചിന്തനീയമാണ് .”ഇനിയും രണ്ടാം ഘട്ട നിര്‍മ്മാണത്തിന് പണം ചിലവഴിക്കുന്നതെന്തിന്”  ദീര്‍ഘ വീക്ഷണമുള്ളവര്‍ ഉന്നയിക്കുന്ന ചോദ്യം.എപ്പിസ്‌കോപ്പായും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.പദ്ധതിക്കായി ഇനിയും നീക്കി വച്ചിരിക്കുന്ന ഒരു ലക്ഷത്തിലധികം ഡോളർ പ്രോജക്ടിന്റെ ആരംഭത്തില്‍ തന്നെ പലരും ചൂണ്ടികാട്ടിയിരുന്നതുപോലെ ഒരു എന്‍ഡോവ്‌മെന്റ് ഫണ്ടായി മാറ്റി ഇതില്‍ നിന്നും ലഭിക്കുന്ന തുക നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിന് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന ആവശ്യം പന്ത്രണ്ടാം വർഷത്തിലും വീണ്ടും സജീവമാണ്. എല്ലാ വര്‍ഷവും നിര്‍ധന വിദ്യാര്‍ത്ഥികൾക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പാട്രിക്കിന്റെ സ്മരണ നിലനിര്‍ത്തുമെന്നും അഭിപ്രായം ശക്തമാണ്. ഭദ്രാസനത്തിൽ അറ്റ്ലാന്റ പ്രൊജക്റ്റ് ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്കും നേത്ര്വത്വം നല്കി ഫിലീക്സിനോസ് എപ്പിസ്കോപ്പ കേരളത്തിലേക്ക് തിരിച്ചുപോയി.പുതിയതായി ചുമതലയേറ്റെടുത്ത എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ ഈ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിച്ചു ഉചിതമായ തീരുമാനം സ്വീകരിക്കുമൊ എന്നാണ് സാഭാ ജനങ്ങൾ ഇന്നും ഉറ്റുനോക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments